സുവർണ്ണ ജൂബിലിയുടെ നിറവിൽ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ 

സുവർണ്ണ ജൂബിലിയുടെ നിറവിൽ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ 

തൊടുപുഴ: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം എസ് എച്ച് ജ്യോതി പ്രൊവിൻസിന് കീഴിലുള്ള  മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ഒക്ടോബർ 31 ന് നടന്ന ജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 

സാമൂഹിക പ്രതിബദ്ധതയുള്ള ആരോഗ്യ പരിപാലന സ്ഥാപനങ്ങൾക്കു മാത്രമേ ഉയർന്ന മൂല്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുവാൻ സാധിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത്  ലോകം ഏറെ വെല്ലുവിളികൾ  നേരിടുന്ന കാലഘട്ടത്തിൽ ഹോളിഫാമിലി ആശുപത്രി നടത്തിയ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എസ് എച്ച് കോൺഗ്രഗേഷൻ  സുപ്പീരിയർ ജനറൽ സി. അൽഫോൻസാ തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡീൻ കുര്യാക്കോസ് എംപി, പി ജെ ജോസഫ്  എംഎൽഎ, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, കൗൺസിലർ സനു കൃഷ്ണൻ, എസ് എച്ച് ജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ക്രിസ്റ്റി അറയ്ക്കത്തോട്ടം, സി. ത്രേസ്യാമ്മ  പള്ളിക്കുന്നേൽ, സി. മേഴ്സി കുര്യൻ  തുടങ്ങിയവർ പങ്കെടുത്തു.

ചികിത്സാസൗകര്യങ്ങൾ പരിമിതമായിരുന്ന 1971-ൽ മലയോര മേഖലകളിലെ ജനങ്ങൾക്ക്  ചികിത്സാ  സൗകര്യം  ലഭ്യമാക്കുന്നതിനായി രണ്ട് ഡോക്ടർമാരും  പത്തോളം സ്റ്റാഫുമായി ആരംഭിച്ച ഡിസ്പെൻസറിയാണ് എല്ലാവിധ വിവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ മൾട്ടി സ്പെഷ്യാലിറ്റി  ആശുപത്രിയായി  മാറിയത്. 300-ൽ അധികം കിടക്കകളും  500-ൽ അധികം ജീവനക്കാരും 25 ഓളം ഡിപ്പാർട്ട്മെന്റുകളും ഇന്ന് ഹോളി ഫാമിലി ആശുപത്രിയിലുണ്ട്. 1981-ൽ സ്ഥാപിച്ച നഴ്സിങ് സ്കൂളും  2002 -  ൽ സ്ഥാപിച്ച നഴ്സിംഗ് കോളേജും വർഷംതോറും നിരവധി നഴ്സുമാരെ പരിശീലിപ്പിച്ചു വരുന്നു.