വിശ്വാസ പരിശീലകർക്ക് പാലക്കാട് രൂപതയുടെ സഹായ ഹസ്തം

വിശ്വാസ പരിശീലകർക്ക് പാലക്കാട് രൂപതയുടെ സഹായ ഹസ്തം

പാലക്കാട് :  കോവിഡ് ബാധിച്ച പാലക്കാട് രൂപതയിലെ എല്ലാ വിശ്വാസ പരിശീലകർക്കും രൂപതയുടെ പ്രത്യേക ധനസഹായം. എഴുപതോളം മതബോധന അധ്യാപകർക്കാണ് ധനസഹായങ്ങൾ വിതരണം ചെയ്തത്. രൂപതാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ധനസഹായം കൈമാറി.

പ്രതിഫലം ആഗ്രഹിക്കാതെ കുട്ടികൾക്ക് ക്രൈസ്തവ ധാർമിക മൂല്യങ്ങളും മതേതര മൂല്യങ്ങളും പകർന്നു നൽകുന്ന മതബോധന അധ്യാപകർ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കരുതെന്ന ലക്ഷ്യത്തോടെയാണ് മനത്തോടത്ത് പിതാവിൻ്റെ നേതൃത്വത്തിൽ ധനസഹായം നൽകാൻ തീരുമാനിച്ചത്. സ്വന്തം ആവശ്യങ്ങളും സമയവും മാറ്റിവെച്ച് കുട്ടികൾക്ക് വിശ്വാസ പാഠങ്ങൾ പകർന്നു നൽകുന്ന അധ്യാപകരോടുള്ള നന്ദിസൂചകമായാണ് സഹായം നൽകുന്നതെന്ന് പിതാവ്‌ പറഞ്ഞു. 

രൂപതയിലെ വിശ്വാസ പരിശീലന വേദിയുടെ നേതൃത്വത്തിലാണ് ധനസഹായ വിതരണം സംഘടിപ്പിച്ചത്. വിശ്വാസ പരിശീലന വേദി ഡയറക്ടർ ഫാ. ജെയിംസ് ചക്യത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. എബി പൊറത്തൂർ എന്നിവർ നേതൃത്വം നൽകി.