കെ.സി.ഡബ്ല്യു.എ ജൂബിലി ആഘോഷങ്ങള്‍ക്ക് കോട്ടയം അതിരൂപതയിൽ തുടക്കം

കെ.സി.ഡബ്ല്യു.എ ജൂബിലി ആഘോഷങ്ങള്‍ക്ക് കോട്ടയം അതിരൂപതയിൽ തുടക്കം

കോട്ടയം: വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക്  കോട്ടയം അതിരൂപതയിൽ തുടക്കമായി. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ നയിച്ച  ജൂബിലി ഒരുക്ക പ്രാര്‍ത്ഥനയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു.  

 തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവാണ് ഉദ്ഘാടനം ചെയ്തത്. വിശ്വാസ-പൈതൃക സംരക്ഷണത്തില്‍ ക്‌നാനായ വനിതകളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് പിതാവ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.  ആധ്യാത്മിക ചൈതന്യം നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അമ്മമാര്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി.  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷതവഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കി. കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സുവര്‍ണ്ണ ജൂബിലി കര്‍മ്മരേഖ തോമസ് ചാഴികാടന്‍ എം പി പ്രകാശനം ചെയ്തു.  കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, കെ.സി.ഡബ്ല്യു.എ മുന്‍ പ്രസിഡന്റ് മേഴ്‌സി ജോണ്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ്,  അഡ്വൈസര്‍ സിസ്റ്റര്‍ സൗമി, ജനറല്‍ സെക്രട്ടറി ഷൈനി സിറിയക്, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റുമാരായ മറിയാമ്മ തോമസ് പാറാനിക്കല്‍, പെണ്ണമ്മ ജയിംസ്, ജോയിന്റ്  സെക്രട്ടറിമാരായ ബിന്‍സി ഷിബു, ജിജി ഷാജി എന്നിവര്‍ സംസാരിച്ചു.  

ഫാ. സജി മെത്താനത്ത് രചിച്ച് ഫാ. ഫിനില്‍ ഈഴാറാത്ത് ഈണം നല്‍കിയ കെ.സി.ഡബ്ല്യു.എ ജൂബിലി ഗാനം  50  അംഗങ്ങള്‍ ചേര്‍ന്ന് വേദിയില്‍ ആലപിച്ചു.  മുന്‍ അതിരൂപതാ പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിച്ചു.  വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഫൊറോന ഭാരവാഹികളും യൂണിറ്റ് പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

1972 നവംബര്‍ 26ന് തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ  പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.