ക്രിസ്തുവിനു വേണ്ടി കാത്തിരിക്കുന്നവരിലേക്ക് അഗതികളുടെ സന്യാസ സമൂഹം

ക്രിസ്തുവിനു വേണ്ടി കാത്തിരിക്കുന്നവരിലേക്ക് അഗതികളുടെ സന്യാസ സമൂഹം

ദംദേവൽ: അഗതികളുടെ സന്യാസ സമൂഹത്തിലെ സഹോദരിമാർ നാൽപത് വർഷത്തോളമായി സേവനം ചെയ്തു വരുന്ന പ്രദേശമാണ് ഹിമാലയത്തിലെ ദംദേവൽ. എസ് ഡി സിസ്റ്റേഴ്സിന്റെ ശാന്തിധാം പ്രൊവിൻസിന് കീഴിൽ ബിജ്നോർ രൂപതയിലുള്ള മിഷൻ പ്രദേശമാണിത്. 

നേരിട്ടുള്ള സുവിശേഷ പ്രചരണത്തിൻ്റെ ഭാഗമായി സഹോദരിമാർ അക്രൈസ്തവ കുടുംബങ്ങളിൽ താമസിച്ചുകൊണ്ടാണ് ഇവിടെ സുവിശേഷ പ്രഘോഷണം നടത്തിയിരുന്നത്. താമസിച്ചിരുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെ സഹായത്തോടെ അവർ ഗ്രാമങ്ങളിൽ ചുറ്റി സഞ്ചരിച്ചു. ക്രിസ്ത്യാനികൾ ഇല്ലാത്ത ഇവിടെ ക്രിസ്തുവിനെ കുറിച്ച് കേൾക്കുന്നതിനായി നിരവധിപേർ ഓരോ ദിവസവും ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ചു കൂടിയിരുന്നു.

ബൈബിളിന്റെയും, യേശുവിന്റെ ശക്തി, രോഗികളുടെ നാഥൻ എന്നീ പുസ്തകങ്ങളുടെയും ഹിന്ദി പതിപ്പുകൾ സിസ്റ്റർമാർ എല്ലാ വീടുകളിലും എത്തിച്ചു നൽകി. ബസ്സിലും മാർക്കറ്റിലും മറ്റും ക്രിസ്തുവിനെ പ്രഘോഷിച്ചപ്പോഴും, രാത്രി വൈകി വരെ ജനങ്ങൾക്കു മുന്നിൽ പ്രഘോഷണം തുടർന്നപ്പോഴും ക്രിസ്തു ജനഹൃദയങ്ങളിൽ ആകർഷണമാകുന്നത് അവർ കണ്ടു.

പതിനഞ്ചോളം ഗ്രാമങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹം പകർന്നു നൽകാൻ സിസ്റ്റേഴ്സിന് സാധിച്ചു. ദംദേവൽ മിഷനിലെ മൂന്നു പേരടങ്ങുന്ന സിസ്റ്റർമാരുടെ സംഘം വചന പ്രഘോഷണവും സിസ്പെൻസറിയിലൂടെ വൈദ്യ സഹായവും നൽകി വരുന്നു. മെഡിക്കൽ ക്യാമ്പുകളും മൊബൈൽ ക്ലിനിക് സേവനങ്ങളും നൽകി വരുന്നുണ്ട്. 

നാഷണൽ പ്രോ ലൈഫ് മിഷനുമായി സഹകരിച്ച് ഗ്രാമങ്ങളിലും സ്കൂളുകളിലും ബോധവൽക്കരണ ക്ലാസുകളും സിസ്റ്റേഴ്സ് നടത്തി വരുന്നുണ്ട്. നിരവധി ദമ്പതികളെ കൗൺസിലിങിലൂടെ അബോർഷനിൽ നിന്നും പിന്തിരിപ്പിക്കാനും സിസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.