പാലാ രൂപത കൂട്ടിക്കൽ റിലീഫ് മിഷന്റെ അടിയന്തിര ധനസഹായ വിതരണം

പാലാ രൂപത കൂട്ടിക്കൽ റിലീഫ് മിഷന്റെ അടിയന്തിര ധനസഹായ വിതരണം

കൂട്ടിക്കൽ: പാലാ രൂപതയുടെ കൂട്ടിക്കൽ റിലീഫ് മിഷന്റെ അടിയന്തിര ധനസഹായം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. അൻപതു കുടുംബങ്ങൾക്കാണ് പതിനായിരം രൂപവീതം വിതരണം ചെയ്തത്.  ഒന്നാം ഘട്ടത്തിൽ അൻപതു പേർക്ക് സഹായം നൽകിയതിന്റെ തുടർച്ചയായാണ് അൻപതു വീടുകൾക്കു കൂടി സഹായ ധനം നൽകിയത്.

കൂട്ടിക്കലിന്റെ പുനർനിർമ്മിതിക്ക്  സർക്കാരിനൊപ്പം പ്രവർത്തിക്കാൻ പാലാ രൂപത സജ്ജവും സന്നദ്ധവുമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വീടുകൾക്ക് സ്ഥലം കണ്ടെത്തുന്നതിനും വീടുകളുടെ നിർമ്മാണത്തിനും അറ്റകുറ്റ പണികൾക്കും രൂപതയുടെ തുടർ സഹായമുണ്ടാകുമെന്നും ബിഷപ്പ് വ്യക്തമാക്കി. 

 ഇടവക പള്ളികളും പഞ്ചായത്തധികൃതരും തയ്യാറാക്കിയ അർഹരുടെ പട്ടികയിലുള്ളവർക്കാണ് സഹായധനം നൽകിയത്. മിഷൻ ചീഫ് കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ഇൻഡ്യ ഡയറക്ടർ ഫാ. പോൾ മുഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി.  ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതാ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, സീറോ മലബാർ യൂത്ത് മൂവ് മെന്റ് രൂപതാ ഡയറക്ടർ ഫാ. തോമസ് സിറിൾ തയ്യിൽ, ഫാ. തോമസ് ഇല്ലിമൂട്ടിൽ, ഫാ. മാത്യു വാഴചാരിക്കൽ, ഫാ. ജോമോൻ മണലേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.