കൂട്ടിക്കലിന്റെ വീണ്ടെടുപ്പിന് പാലാ രൂപത പ്രതിജ്‌ഞാബദ്ധം: മാർ ജോസഫ് കല്ലറങ്ങാട്ട്

കൂട്ടിക്കലിന്റെ വീണ്ടെടുപ്പിന് പാലാ രൂപത പ്രതിജ്‌ഞാബദ്ധം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പ്രകൃതിക്ഷോഭത്തിൽ വീടും വീട്ടുപകരണങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പാലാ രൂപത പ്രതിജ്‌ഞാബദ്ധമാണന്ന് ബിഷപ്പ് മാർ  ജോസഫ് കല്ലറങ്ങാട്ട്. പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട 
കുടുംബങ്ങൾക്ക് പാലാ രൂപതയുടെ കൂട്ടിക്കൽ മിഷൻ നൽകിയ അതി ജീവന കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

കൂട്ടിക്കലിന്റെ പുനർനിർമ്മിതിക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഓരോരുത്തർക്കും കടമയുണ്ടന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസം പ്രദാനം ചെയ്തു കൊണ്ട് സജീവമായി പ്രവർത്തിക്കുന്ന പാലാ രൂപതയുടെ കൂട്ടിക്കൽ മിഷൻ അംഗങ്ങളെ ബിഷപ്പ് അഭിനന്ദിച്ചു. 

നാനാ ജാതി മതസ്ഥരായ 171 കുടുംബങ്ങൾക്കാണ് പാലാ രൂപതയുടെ വിവിധ ഇടവകകളിൽ നിന്ന് സമാഹരിച്ച ഗൃഹോപകരണങ്ങൾ, ഗ്യാസ് സ്റ്റൗ, കട്ടിൽ, ബെഡ്, പഠനോപകരണങ്ങൾ, സാനിറ്റേഷൻ ഐറ്റംസ് എന്നിവ ഉൾപ്പെടുന്ന അതിജീവന കിറ്റുകൾ വിതരണം ചെയ്തത്.  കൂട്ടിക്കൽ മിഷൻ കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ, ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, എസ് എം വൈ എം രൂപതാ ഡയറക്ടർ ഫാ. സിറിൾ തോമസ് തയ്യിൽ, ജോർജ് ജെ മാത്യു, ഫാ. തോമസ് ഇല്ലിമൂട്ടിൽ, ഫാ. കുര്യാക്കോസ് വടക്കേ തകിടിയിൽ, ഫാ. മാത്യു പീടികയിൽ, ഫാ. ജോമോൻ മണലേൽ, മദർ സുപ്പീരിയർ സി. സലോമി, മാത്യു പുറപ്പന്താനം തുടങ്ങിയവർ സന്നിഹിതരായിരുന്നു.