പ്രേഷിത കുടിയേറ്റ പാരമ്പര്യം ജ്വലിപ്പിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

പ്രേഷിത കുടിയേറ്റ പാരമ്പര്യം ജ്വലിപ്പിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  പ്രേഷിത കുടിയേറ്റ പാരമ്പര്യവും, വിശ്വാസ ചൈതന്യവും കൂടുതല്‍ ജ്വലിപ്പിക്കണമെന്ന് കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയിലെ  അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്‌നാനായ സമുദായത്തെ വിശ്വാസത്തിലും ഐക്യത്തിലും പ്രേഷിത ചൈതന്യത്തിലും മുന്നോട്ടുനയിക്കുന്ന മാതൃകാ അമ്മമാരാകാന്‍ ഓരോ കെ സി ഡബ്ല്യു എ അംഗത്തിനും കഴിയണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.  

തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ കെ സി ഡബ്ല്യു എ പ്രസിഡന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കി. കെ സി ഡബ്ല്യു എ മുന്‍ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, സെക്രട്ടറി ഷൈനി സിറിയക്, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, ജോയിന്റ് സെക്രട്ടറി ജിജി ഷാജി എന്നിവര്‍ പ്രസംഗിച്ചു.

 ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തിൽ പങ്കെടുത്തു. കെ സി ഡബ്ല്യു എ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട  കര്‍മ്മപദ്ധതികള്‍ക്ക് യോഗത്തില്‍ അന്തിമരൂപം നല്‍കി. കെ സി ഡബ്ല്യു എ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്  തുടക്കം കുറിക്കുന്നത് നവംബര്‍ 26നാണ്.