കർഷക വിജയം ജനങ്ങൾ നേടിയ വിജയം

കർഷക വിജയം ജനങ്ങൾ നേടിയ വിജയം

രാജ്യത്തെ കർഷകർ ജീവൻ ത്യജിച്ചും അഹിംസാ മാർഗ്ഗത്തിലൂടെ നേടിയെടുത്ത വിജയമാണ് ഇന്ന് സംഭവിച്ചത്. കർഷകരെ ഏറ്റവും വിപരീതമായി ബാധിക്കുന്ന മൂന്ന് നിയമങ്ങൾ പിൻവലിക്കുന്നു എന്ന  പ്രധാനമന്ത്രിയുടെ പ്രസ്താവന കർഷകർക്ക് ഏറെ സന്തോഷം നൽകുന്നതാണ്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷൻ ഇതിനെ സ്വാഗതം ചെയ്യുന്നു. 2020 നവംബർ 26ന് ആരംഭിച്ച കർഷക സമരത്തിൽ അതിശൈത്യവും അത്യുഷ്ണവും മൂലം 750 ൽ പരം കർഷകരുടെ ജീവത്യാഗത്തിനുമുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 2020 സെപ്റ്റംബർ 20ന് ഈ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിനെ തുടർന്ന് ഇവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി ബി സി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ഒരു മെമ്മോറാണ്ടം പ്രധാനമന്ത്രിക്ക് നല്കിയിരുന്നു.

കാർഷക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് സഹായകമായിരുന്ന താങ്ങുവില ഒഴിവാക്കിയതും, നേരിട്ട് കമ്പനികളുമായി വാണിജ്യ കരാറിൽ ഏർപ്പെടാൻ കഴിയുന്നത് എന്ന് കൊട്ടിഘോഷിച്ച രണ്ടാമത്തെ നിയമം കർഷകരെ ചൂഷണത്തിന് വിധേയമാക്കുന്നതായിരുന്നു. അവശ്യ ഭക്ഷ്യ വസ്തുക്കളെ ആ പരിഗണനയിൽ നിന്ന് ഒഴിവാക്കിയത് രാജ്യത്ത് പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കുവാൻ പര്യാപ്തവുമായിരുന്നു. എന്നാൽ ഈ നിയമങ്ങൾ പിൻവലിക്കുന്നതിലൂടെ കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് തെളിഞ്ഞിരിക്കുന്നു. കർഷകർക്ക് അവരുടെ ആവശ്യമനുസരിച്ചുള്ള പ്രായോഗികമായ വിപണന സൗകര്യങ്ങൾ, താങ്ങുവില, കർഷക ക്ഷേമനിധി എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നു.