ജീവൻ പകുത്തു നൽകി സമർപ്പിത ജീവിതത്തിന്റെ നേർസാക്ഷ്യം

ജീവൻ പകുത്തു നൽകി സമർപ്പിത ജീവിതത്തിന്റെ  നേർസാക്ഷ്യം

കൊച്ചി: കാരുണ്യത്തിന്റെ കരുതലുമായി അവയവ ദാനത്തിലൂടെ സാഹോദര്യ സ്നേഹത്തിന്റെ മാതൃകയായിരിക്കുകയാണ് ക്രിസ്തുദാസി സന്യാസ സമൂഹാംഗമായ  സിസ്റ്റർ ഷാന്റി മാങ്കോട്ട്. ക്രിസ്റ്റീൻ ധ്യാനം, വചന പ്രഘോഷണം, കൗൺസിലിങ് എന്നിവയിലൂടെ അനേകരെ കൈ പിടിച്ചുയർത്തിയ സിസ്റ്റർ ഷാന്റി ഇപ്പോൾ സ്വന്തം ജീവിതത്തിലൂടെയാണ് സാക്ഷ്യം നൽകുന്നത്. 

എറണാകുളം ലിസി ആശുപത്രിയിൽ വെച്ചാണ് സിസ്റ്റർ ഷാന്റി മാങ്കോട്ട്  ഡയാന എന്ന പെൺകുട്ടിക്ക് കിഡ്നി പകുത്തു നൽകിയത്. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു. 

1999-ൽ ക്രിസ്തുദാസി സമൂഹത്തിൽ വ്രതവാഗ്ദാനം നടത്തിയ സിസ്റ്റർ ഷാന്റിക്ക് മാനന്തവാടി രൂപതയിലെ ചുണ്ടക്കര ഇടവകയിൽ ശുശ്രൂഷ ചെയ്യുന്നതിനിടെയാണ് ഈ ജീവകാരുണ്യ പ്രവൃത്തി ചെയ്യാൻ അവസരം ലഭിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു സാക്ഷ്യം നൽകാൻ സാധിച്ചതിൻ്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് സിസ്റ്റർ ഷാന്റിയും എസ് കെ ഡി സന്യാസിനി സമൂഹവും. 

ക്രിസ്തുദാസി സന്യാസിനി സമൂഹത്തിൽ നിന്ന് അവയവദാനം നടത്തുന്ന മൂന്നാമത്തെ ആളാണ് സിസ്റ്റർ ഷാന്റി മാങ്കോട്ട്.  സിസ്റ്റർ ജെനി ചൂരപുഴയിൽ, സിസ്റ്റർ ബിനു മണിയില എന്നിവർ നേരത്തേ കിഡ്നി ദാനം ചെയ്തിട്ടുണ്ട്.