മധ്യപ്രദേശില്‍ സന്യാസിനിമാര്‍ നടത്തുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടിക്കാന്‍ ശ്രമം 

മധ്യപ്രദേശില്‍ സന്യാസിനിമാര്‍ നടത്തുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടിക്കാന്‍ ശ്രമം 
മധ്യപ്രദേശിലെ റെയ്‌സണ്‍ ഇന്റ്‌ഖേഡിയില്‍ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തുന്ന ഹോസ്റ്റലിന്റെ കെട്ടിടം

കൊച്ചി: മധ്യപ്രദേശില്‍ പാവപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി സന്യാസിനിമാര്‍ നടത്തുന്ന ഹോസ്റ്റലിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുയര്‍ത്തി അടച്ചുപൂട്ടിക്കാന്‍ ശ്രമം. റെയ്‌സണ്‍ ജില്ലയിലെ ഇന്റ്‌ഖേഡി ഗ്രാമത്തില്‍ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം വര്‍ഷങ്ങളായി നടത്തിവരുന്ന ഹോസ്റ്റലിനെതിരെയാണു നീക്കം. 
നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍സിപിസിആര്‍) ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ നടന്ന പരിശോധനയില്‍, ക്രൈസ്തവരായ കുട്ടികള്‍ സൂക്ഷിച്ചിരുന്ന ബൈബിളുകളും പ്രാര്‍ഥനാ പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. ഇതിന്റെ പേരില്‍ ഹോസ്റ്റലില്‍ മതംമാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതുള്‍പ്പടെ തെറ്റായ ആരോപണങ്ങളുയര്‍ത്തി എന്‍സിപിസിആര്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കത്തു നല്‍കി. കത്ത് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഹോസ്റ്റലിനു പ്രവര്‍ത്തനാനുമതിയില്ലെന്ന തെറ്റായ ആരോപണവും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. 
എന്‍സിപിസിആര്‍ അധികൃതരുടെ പരിശോധനയില്‍ ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയവയിലെ അംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ മുന്നറിയിപ്പോ വ്യക്തമായ വിശദീകരണമോ കൂടാതെ വളരെ പെട്ടെന്നു ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് കുട്ടികളുടെ താമസ സ്ഥലത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നെന്നു സിസ്റ്റേഴ്‌സ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പാവന പറഞ്ഞു.
2014 മുതല്‍ സര്‍ക്കാന്റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചു പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ ക്രൈസ്തവരും ഇതര മതസ്ഥരുമുള്‍പ്പടെ 19 വിദ്യാര്‍ഥികള്‍ താമസിക്കുന്നുണ്ട്. ആറു മുതല്‍ 11 വരെ ക്ലാസുകളില്‍ പഠിക്കുന്നവരാണിവര്‍. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഇവരുടെ പഠനം. സ്‌കൂളില്‍ മികച്ച വിജയം നേടുന്നവരും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരാണ്. വിദ്യാര്‍ഥിനികളോ മാതാപിതാക്കളോ ഇതുവരെ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉന്നയിച്ചിട്ടില്ല. സന്യാസിനികളുടെ നേതൃത്വത്തിലുള്ള സ്ഥാപനമെന്ന നിലയില്‍ സന്തോഷത്തോടെയാണ് ഇവര്‍ കുട്ടികളെ ഹോസ്റ്റലിലെത്തിക്കുന്നത്. 
ക്രൈസ്തവരായ വിദ്യാര്‍ഥികള്‍ സൂക്ഷിച്ചിരുന്ന ബൈബിളും പ്രാര്‍ഥനാ പുസ്തകങ്ങളുമാണു പരിശോധനാ സംഘം പിടിച്ചെടുത്തത്. ഇതു മതംമാറ്റത്തിനാണെന്ന ആരോപണം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുകയാണ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊന്നും തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയിട്ടില്ല. അതേസമയം ഹോസ്റ്റലിനെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ഭരണ, രാഷ്ട്രീയ രംഗത്തെ ഉന്നതലങ്ങളില്‍ നിന്നു സമ്മര്‍ദമുണ്ടെന്നാണു സൂചന. 

--സിജോ പൈനാടത്ത്