വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനി

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനി

റോം: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റർ റാഫേല്ല പെട്രിനി. 2005 മുതൽ  ജനങ്ങളുടെ സുവിശേഷ വത്കരണത്തിനായുള്ള കോൺഗ്രിഗേഷനിലെ ഉദ്യോഗസ്ഥയായ് സേവനം ചെയ്യുകയായിരുന്നു സിസ്റ്റർ റാഫേല്ല. വത്തിക്കാൻ സിറ്റി സ്റ്റേറ്റിൽ മാർപ്പാപ്പയ്ക്ക് പകരം എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ബോഡിയാണ് വത്തിക്കാൻ ഗവർണറേറ്റ്. ഇന്നുവരെയുള്ള വത്തിക്കാൻ പാരമ്പര്യങ്ങളിൽ നിന്ന്  വ്യത്യസ്തമാണ് ഈ നിയമനം. ഇന്നലെ വത്തിക്കാൻ പ്രസ് ഓഫീസിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം അറിയിച്ചത്. 

സിസ്റ്റർ റാഫേല്ല പെട്രിനി 1969 ജനുവരി 15 ന് റോമിൽ ജനിച്ചു, ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി യൂക്കറിസ്റ്റിക്ക് എന്ന സന്യസസഭയിലെ അംഗമാണ്. സിസ്റ്റർ പെട്രിനി റോമിലെ ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബാർണി സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് "സയൻസ് ഓഫ് ഓർഗനൈസേഷൻ ബിഹേവിയർ" എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസസിൽ ഡോക്ടറേറ്റും നേടി. 2015 മുതൽ 2019 വരെ റോമിലെ കാമിലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററൽ തിയോളജി ഓഫ് ഹെൽത്തിൽ സഭയുടെ സാമൂഹിക സിദ്ധാന്തവും ആരോഗ്യ സാമൂഹ്യശാസ്ത്രവും പഠിപ്പിച്ച അവർ നിലവിൽ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസസിലെ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസിൽ വെൽഫെയർ ഇക്കണോമിക്സ്, സോഷ്യോളജി ഓഫ് എക്കണോമിക് പ്രോസസ് പ്രൊഫസറാണ്.

സി. സോണിയ തെരേസ് ഡി. എസ്. ജെ