ആര്‍ച്ച്ബിഷപ്പ് മാർ ജോര്‍ജ്ജ് ഞരളക്കാട്ടിന് സുവര്‍ണ്ണ ജൂബിലി ആശംസകളുമായി മാനന്തവാടി രൂപത

ആര്‍ച്ച്ബിഷപ്പ് മാർ ജോര്‍ജ്ജ് ഞരളക്കാട്ടിന് സുവര്‍ണ്ണ ജൂബിലി ആശംസകളുമായി മാനന്തവാടി രൂപത

മാനന്തവാടി : സീറോമലബാര്‍ സഭയുടെ തലശ്ശേരി അതിരൂപതാദ്ധ്യക്ഷനായ ആര്‍ച്ച്ബിഷപ്പ് മാർ ജോര്‍ജ്ജ് ഞരളക്കാട്ടിന് മാനന്തവാടി രൂപതയുടെ പ്രതിനിധി സമ്മേളനം പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആശംസകള്‍ നേര്‍ന്നു.  വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പൊതുസമ്മേളനവും സ്നേഹവിരുന്നും നടന്നു.

മാനന്തവാടി, ഭദ്രാവതി, മണ്ഡ്യ രൂപതകളിലും തലശ്ശേരി അതിരൂപതയിലും വൈദികനായും, വികാരിജനറാളായും മെത്രാനായും മെത്രാപ്പോലീത്തയായും ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവ് ചെയ്ത  സേവനങ്ങളെ മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം അനുസ്മരിച്ചു. മാനന്തവാടി രൂപതയുടെ തുടക്കം മുതല്‍ അതിന്റെ ബാലാരിഷ്ടതകളിലെല്ലാം തീക്ഷ്ണതയോടെ രൂപതയെയും ദൈവജനത്തെയും ശുശ്രൂഷിച്ച വൈദികനായിരുന്നു ഞരളക്കാട്ട് പിതാവ് എന്നും മാർ ജോസ് പൊരുന്നേടം സൂചിപ്പിച്ചു. 

സിഞ്ചല്ലൂസ് ഫാ. തോമസ് മണക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ഫാ. ജെയിംസ് കുളത്തിനാല്‍, ബ്രദര്‍ ഫ്രാങ്കോ എം എം ബി, സി. ജാസ്മിന്‍ മരിയ സി എം സി, ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

മാനന്തവാടി, ഭദ്രാവതി, മണ്ഡ്യ, തലശ്ശേരി രൂപതകളിലെ തന്റെ ശുശ്രൂഷാജീവിതം  ദൈവികമായ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും ബുദ്ധിമുട്ടുകളും മറ്റും ദൈവകൃപയാലാണ് തനിക്ക് അതിജീവിക്കാനായത് എന്നും ആര്‍ച്ച്ബിഷപ്പ് മറുപടി പ്രസംഗത്തില്‍  പറഞ്ഞു. മണ്ഡ്യ രൂപതയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും മാനന്തവാടി രൂപത വഹിച്ച പങ്കും ആര്‍ച്ച്ബിഷപ്പ് അനുസ്മരിച്ചു.

സുവര്‍ണ്ണജൂബിലി സമ്മാനം നല്കിയ ശേഷം വികാരി ജനറാള്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ നടത്തിയ കൃതജ്ഞതാപ്രകാശനത്തോടെ യോഗം അവസാനിച്ചു.