സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ കുർബാന. നിലവിലുണ്ടായിരുന്ന നമ്മുടെ കുർബാനക്രമത്തിൽ 1599 ലെ ഉദയംപേരൂർ സൂനഹദോസ് സാരമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. അതിനുശേഷവും കാലാകാലങ്ങളിൽ ആവശ്യകമായ മാറ്റങ്ങൾ കുർബാനതക്സയിൽ വരുത്തിയിട്ടുണ്ട്. 1962 ൽ പുനരുദ്ധരിച്ചു മലയാളത്തിൽ പ്രസിദ്ധീകരിച്ച കുർബാനക്രമം 1968 ൽ ഏതാനും ഭേദഗതികളോടെ നവീകരിക്കുകയും പരീക്ഷണാർഥം ഉപയോഗിക്കാൻ പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള തിരുസംഘത്തിൽനിന്ന് അനുവാദം ലഭിക്കുകയും ചെയ്തു. നമ്മുടെ തക്സയിൽ വേണ്ട മാറ്റങ്ങൾ വരുത്തി കുർബാനക്രമം പ്രസിദ്ധീകരിക്കാൻ 1980 ൽ പൗരസ്ത്യതിരുസംഘം ആവശ്യപ്പെട്ടു. അതിന്റെ വെളിച്ചത്തിൽ രൂപപ്പെടുത്തിയ തക്സയ്ക്ക് 1985 ഡിസംബർ 19-ാം തീയതി പൗരസ്ത്യതിരുസംഘത്തിന്റെ അംഗീകാരം ലഭിക്കുകയും 1986 ഫെബ്രുവരി 8-ാം തീയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയത്ത് അൽഫോൻസാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന കർമങ്ങളോടനുണ്ടബന്ധിച്ചു റാസ കുർബാനയർപ്പിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ആഘോഷപൂർവകമായ ക്രമത്തിനും സാധാരണക്രമത്തിനും 1989 ഏപ്രിൽ 3-ാം തീയതി പൗരസ്ത്യ തിരുസംഘത്തിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി. അഞ്ചുവർഷത്തിനുള്ളിൽ ഈ കുർബാന തക്സയിൽ മാറ്റങ്ങൾ വരുത്തരുതെന്ന് നിർദേശവുമുണ്ടായിരുന്നു.
 
വിശുദ്ധ കുർബാന ഏകീകൃതരൂപത്തിൽ അർപ്പിക്കാനുള്ള 1999 ലെ സീറോമലബാർ സിനഡിന്റെ തീരുമാനം ഇപ്രകാരമായിരുന്നു: 'വിശുദ്ധ കുർബാനയുടെ ആരംഭംമുതൽ അനാഫൊറവരെയുള്ള ഭാഗം ജനാഭിമുഖമായും, അനാഫൊറ മുതൽ വിശുദ്ധ കുർബാനസ്വീകരണം ഉൾപ്പെടെയുള്ള ഭാഗം അൾത്താരാഭിമുഖമായും, വിശുദ്ധ കുർബാനസ്വീകരണത്തിനുശേഷമുള്ള ഭാഗം ജനാഭിമുഖമായും നടത്തേണ്ടതാണ്' (VII Synod , 14 -20 November ,1999). ഈ തീരുമാനത്തിന് 1999 ഡിസംബർ 17-ാം തീയതി ചില നിർദേശങ്ങളോടുകൂടെ പൗരസ്ത്യതിരുസംഘത്തിന്റെ അംഗീകാരം ലഭിക്കുകയും ഇത് 2000 ജൂലൈ 3-ാം തീയതി നടപ്പിലാക്കുകയും ചെയ്തു. എല്ലാ രൂപതകളിലും ഈ തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് 2009 ആഗസ്റ്റിലെ സിനഡ് ഓർമിപ്പിച്ചു.
 
ഈശോയുടെ മനുഷ്യാവതാരവും പരസ്യജീവിതവും വചനശുശ്രൂഷാവേളയിൽ അനുസ്മരിക്കുന്നു. അവതരിച്ച വചനമായ മിശിഹാ തന്റെ ശുശ്രൂഷ നിർവഹിച്ചത് ജനങ്ങൾക്കിടയിലാണ് (യോഹ 1:14). അതിനാൽ, വചനശുശ്രൂഷാവേളയിൽ കാർമികൻ ജനാഭിമുഖമായി നില്ക്കുന്നത് ദൈവശാസ്ത്രപരമായി അർഥമുള്ളതാണ്. 
 
കൂദാശഭാഗത്തിന്റെ (അനാഫൊറയുടെ) ആരംഭംമുതൽ പരിശുദ്ധകുർബാനസ്വീകരണം ഉൾപ്പെടെയുള്ള ഭാഗത്തു കാർമികൻ ബലിപീഠത്തിനഭിമുഖമായി നില്ക്കുന്നു. "അങ്ങേയ്ക്കും ഞങ്ങൾക്കും ലോകംമുഴുവനുംവേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലി...' എന്നും 'അങ്ങയുടെ പൗരോഹിത്യത്തെ മിശിഹാ സ്വർഗരാജ്യത്തിൽ മഹത്ത്വപ്പെടുത്തട്ടെ...' എന്നും പ്രാർഥിക്കുന്ന ഈ ഭൂമിയിലെ തീർഥാടക സമൂഹത്തെ മിശിഹായൊടൊപ്പം ഒരു സഭാസമൂഹമായി സ്വർഗരാജ്യത്തിലേക്ക് കാർമികൻ നയിക്കുന്നുവെന്ന് ബലിപീഠത്തിനഭിമുഖമായ ബലിയർപ്പണം സൂചിപ്പിക്കുന്നു; ദൈവാരാധനയിലൂടെയും പ്രാർഥനയിലൂടെയും മിശിഹായുടെ മഹത്ത്വപൂർണമായ ആഗമനം പ്രതീക്ഷിച്ച് കിഴക്കോട്ടുതിരിഞ്ഞു (മത്താ 24:27, വെളി 22:16) പ്രാർഥിക്കുന്നതിനെയും ഇത് അർഥമാക്കുന്നു. കിഴക്കോട്ട് തിരിയുകയെന്നാൽ കർത്താവിങ്കലേക്ക് തിരിയുക എന്നാണർഥമാക്കുന്നത്. അതിനാൽ, കാർമികൻ ജനങ്ങൾക്കുവേണ്ടി കുർബാനയർപ്പിക്കുന്നു എന്നുമാത്രമല്ല, കാർമികനും ജനങ്ങളും ഒന്നുചേർന്നു മിശിഹായൊടൊപ്പം ഒരു സഭാസമൂഹമായി ദൈവത്തിനു കുർബാനയർപ്പിക്കുന്നു എന്ന അർഥവും ബലിപീഠത്തിനഭിമുഖമായി നില്ക്കുന്നതു ദ്യോതിപ്പിക്കുന്നു.
 
വിശുദ്ധ കുർബാനസ്വീകരണത്തിനു ശേഷമുള്ള ഭാഗം ജനാഭിമുഖമായി നടത്തുന്നു. അർപ്പണഭാഗം കഴിഞ്ഞതുകൊണ്ടാണ് ഈ സമാപനഭാഗം ജനാഭിമുഖമായി നടത്തുന്നത്. ഈശോ സ്വർഗാരോഹണ സമയത്ത് ശിഷ്യന്മാരെ അനുഗ്രഹിച്ചതിനെയും (ലൂക്കാ 24: 51) സ്വർഗത്തിൽ പിതാവിന്റെ പക്കൽ ഉപവിഷ്ഠനായി ഇപ്പോഴും സഭയെ അനുഗ്രഹിക്കുന്നതിനെയും സമാപനാശീർവാദം (ഹൂത്താമ്മ) അനുസ്മരിപ്പിക്കുന്നു.
 
2013 ആഗസ്റ്റ് മാസത്തിലെ സിനഡ് വിശുദ്ധ കുർബാനയുടെ നവീകരണവുമായി മുന്നോട്ടുപോകാൻ ലിറ്റർജി കമ്മീഷനോടു നിർദേശിച്ചു. 2014 ജനുവരിയിലെ സിനഡ് എല്ലാ മെത്രാന്മാരോടും നവീകരണം സംബന്ധിച്ച നിർദേശങ്ങൾ ലിറ്റർജി കമ്മീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടു. രൂപതകളിൽനിന്നും ലഭിച്ച എല്ലാ നിർദ്ദേശങ്ങളും പഠിച്ച് അവയിൽ പൊതുവായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവ കണ്ടെത്തി അവ സിനഡിൽ അവതരിപ്പിക്കാൻ ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, ലിറ്റർജി കമ്മീഷൻ അംഗങ്ങളായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കൂടാതെ, ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ സെബാസ്റ്റ്യൻ അടയന്ത്രത്ത്, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ തോമസ് ചക്യാത്ത് എന്നിവരടങ്ങിയ മെത്രാന്മാരുടെ ഒരു സ്പെഷ്യൽ കമ്മിറ്റിയെ സിനഡ് തിരഞ്ഞെടുത്തു.


പൊതുവായി കണ്ടെത്തിയ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചതിന്റെ അടിസ്ഥാനത്തിൽ തക്സയിൽ ഭേദഗതി വരുത്തേണ്ട ഭാഗങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ലിറ്റർജി കമ്മീഷൻ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കുകയും 2015 ആഗസ്റ്റിലെ സിനഡിൽ അത് അവതരിപ്പിക്കുകയും ചെയ്തു. 
 
കുർബാനതക്സയുടെ നവീകരണത്തെ സംബന്ധിച്ച് എല്ലാ രൂപതകളിലെയും വൈദികരുടെ പ്രതിനിധികളും സന്ന്യസ്ത, അല്മായ പ്രതിനിധികളും ദൈവശാസ്ത്ര, ആരാധനക്രമപണ്ഡിതരും ഉൾക്കൊള്ളുന്ന സീറോമലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി ചർച്ചചെയ്ത് അഭിപ്രായങ്ങൾ സമർപ്പിക്കുകയുണ്ടായി. 2017 ജനുവരിയിലെ സിനഡ് ആവശ്യപ്പെട്ടതനുസരിച്ച് സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി വീണ്ടും ചർച്ചചെയ്ത് അഭിപ്രായങ്ങൾ സമാഹരിച്ചു. ഇതിന്റെയെല്ലാം വെളിച്ചത്തിൽ ഒരു ഡ്രാഫ്റ്റ് 2017 ആഗസ്റ്റിലെ സിനഡിൽ അവതരിപ്പിച്ചു. സിനഡിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ വെളിച്ചത്തിൽ മെത്രാന്മാരുടെ സ്പെഷ്യൽ കമ്മറ്റി, ഡ്രാഫ്റ്റിൽ വേണ്ട മാറ്റങ്ങൾ വരുത്തി. ഇങ്ങനെ നവീകരിച്ച ഡ്രാഫ്റ്റ് 2019 ജനുവരിയിലെ സിനഡിൽ അവതരിപ്പിച്ചു പഠനവിധേയമാക്കി. സിനഡിൽനിന്നു ലഭിച്ച നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി സ്പെഷ്യൽ കമ്മറ്റി ഡ്രാഫ്റ്റിൽ ആവശ്യമായ ഭേദഗതികൾ വരുത്തി. വീണ്ടും എന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ, അവ നല്കാനായി ഈ ഡ്രാഫ്റ്റ് എല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തു. ലഭിച്ച നിർദേശങ്ങളുടെ വെളിച്ചത്തിൽ മെത്രാന്മാരുടെ സ്പെഷ്യൽ കമ്മറ്റി ആവശ്യമായ തിരുത്തലുകൾ ഡ്രാഫ്റ്റിൽ വരുത്തുകയുണ്ടായി.
 
ഇതുവരെയുളള പഠനങ്ങളുടെയും നിർദേശങ്ങളുടെയും വെളിച്ചത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ഡ്രാഫ്റ്റ് 2020 ജനുവരിയിലെ സിനഡിൽ അവതരിപ്പിച്ചു. സിനഡ് ചില ഭേദഗതികളോടെ ഡ്രാഫ്റ്റ് അംഗീകരിക്കുകയും പരിശുദ്ധ സിംഹാസനത്തിൽനിന്നുളള അംഗീകാരത്തിനായി കുർബാനതക്സ അയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. വീണ്ടും മെത്രാന്മാരുടെ സ്പെഷ്യൽ കമ്മറ്റി മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടി കുർബാനതക്സ അന്തിമമായി പരിശോധിച്ചു. അതിനുശേഷം, 2020 ജൂലൈ 10-ാം തീയതി പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരത്തിനായി കുർബാനതക്സ മേജർ ആർച്ചുബിഷപ്പ് അയച്ചുകൊടുത്തു. ഇതിനു മറുപടിയായി, പൗരസ്ത്യ
സഭകൾക്കുവേണ്ടിയുള്ള കോൺഗ്രിഗേഷൻ കുർബാനതക്സ അംഗീകരിച്ചു കല്പന പുറപ്പെടുവിച്ചു (Prot. N. 248/2004, June 9, 2021). ഏകീകൃതരൂപത്തിൽ കുർബാന അർപ്പിക്കാനുള്ള 1999 ലെ സിനഡുതീരുമാനവും നവീകരിച്ച കുർബാനക്രമവും താമസംവിനാ നടപ്പിലാക്കണമെന്ന് സീറോമലബാർ സഭാസമൂഹത്തോട് ആഹ്വാനംചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ 2021 ജൂലൈ 3-ാം തീയതി മേജർ ആർച്ചുബിഷപ്പിനു കത്തയച്ചു. നവീകരിച്ച കുർബാനക്രമവും വിശുദ്ധകുർബാനയുടെ ഏകീകൃതരൂപത്തിലുള്ള അർപ്പണവും 2021 നവംബർ 28 (മംഗളവാർത്തക്കാലം ആരംഭം) മുതൽ നടപ്പിലാക്കാൻ, 2021 ആഗസ്റ്റ് 16 മുതൽ 27 വരെ നടന്ന XXIV-ാം സിനഡിന്റെ രണ്ടാം സെഷനിൽ തീരുമാനിച്ചു. നവീകരിച്ച കുർബാനക്രമം നടപ്പിലാവുന്നതോടുകൂടി സഭയിൽ കൂടുതൽ ഐക്യവും നന്മയും ഉണ്ടാകും.

പൊതുനിർദ്ദേശങ്ങളിൽ വരുത്തിയ ഭേദഗതികൾ

1. സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയർപ്പണക്രമം ഇപ്രകാരമാണ്: കാർമികൻ കുർബാനയുടെ ആരംഭംമുതൽ മദ്ബഹാപ്രവേശനപ്രാർഥനവരെയുള്ള ഭാഗം ജനാഭിമുഖമായും, കൂദാശക്രമ (അനാഫൊറ) ഭാഗത്തിന്റെ ആരംഭംമുതൽ വിശുദ്ധകുർബാനസ്വീകരണം ഉൾപ്പെടെയുള്ള ഭാഗം ആരാധനാസമൂഹം നില്ക്കുന്ന അതേദിശയിൽത്തന്നെ ബലിപീഠത്തിന് അഭിമുഖമായും, വിശുദ്ധകുർബാനസ്വീകരണത്തിനുശേഷമുള്ള ഭാഗം ജനാഭിമുഖമായും അർപ്പിക്കുന്നു (പൊതുനിർദേശങ്ങൾ , നമ്പർ 7 ).

2. ഇതുവരെയുള്ള തക്സയിൽ മാർ അദ്ദായിയുടെയും മാർ മാറിയുടെയും അനാഫൊറ മാത്രമേ ചേർത്തിരുന്നുള്ളൂ. നവീകരിച്ച തക്സയിൽ മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശക്രമങ്ങളും കൂട്ടിച്ചേർത്തിരിക്കുന്നു.

3. അനാഫൊറയ്ക്ക് 'കൃതജ്ഞതാസ്തോത്രപ്രാർത്ഥന' എന്ന പേര് നൽകിയിരിക്കുന്നു. മാർ അദ്ദായിയുടെയും മാർ മാറിയുടെയും അനാഫൊറ 'ഒന്നാമത്തെ കൂദാശക്രമം' എന്നും മാർ തെയദോറിന്റേത് ' മൂന്നാമത്തെ കൂദാശക്രമം എന്നും ചേർത്തിരിക്കുന്നു. 

4. തക്സയിൽ 'വലത്ത് ', 'ഇടത്ത് ' എന്ന പ്രയോഗം പുനർനിർണയിച്ചിരിക്കുന്നു. ബലിപീഠത്തിലേക്ക് നോക്കിനിൽക്കുന്ന ആരാധനസമൂഹത്തിന്റെ  'വലത്ത് ', 'ഇടത്ത് ' എന്ന അർഥത്തിലാണ് ഈ കുർബാനപുസ്തകത്തിലെ (തക്സയിലെ) ക്രമവിധികളിൽ 'വലത്ത് ', 'ഇടത്ത് ' എന്ന പ്രയോഗങ്ങൾ മനസ്സിലാക്കേണ്ടത് (പൊതുനിർദേശങ്ങൾ , നമ്പർ 8 ).

5. സർവാധിപനാം ..., സുവിശേഷപ്രദക്ഷിണം, സ്ഥാപനവിവരണം, റൂഹാക്ഷണം, തിരുവോസ്തി ഉയർത്തൽ എന്നീ സന്ദർഭങ്ങളിൽ മണിയടിക്കാവുന്നതാണ്. വിഭജനശുശ്രൂഷയ്ക്കുമുമ്പായി കാർമികൻ തിരുവോസ്തി ഉയർത്തുന്നവേളയിൽ ധൂപിക്കുകയും ചെയ്യാവുന്നതാണ് (പൊതുനിർദേശങ്ങൾ, നമ്പർ 19 ). 

6. നിർദിഷ്ടപ്രാർഥനകൾ ചൊല്ലി അപ്പവും വീഞ്ഞും ബേസ്ഗസ്സയിൽ ഒരുക്കാനും ഒരുക്കിയവ ബലിപീഠത്തിലേക്ക് സംവഹിക്കാനും മ്ശംശാനപ്പട്ടമെങ്കിലും ഉള്ളവർക്കേ അനുവാദമുള്ളൂ. എന്നാൽ, പ്രാർഥനകൾ ചൊല്ലി അപ്പവും വീഞ്ഞും പ്രതിഷ്ഠിക്കുന്നത് ആർച്ചുഡീക്കനോ സഹകാർമികനോ കാർമികനോ ആയിരിക്കണം (പൊതുനിർദേശങ്ങൾ , നമ്പർ  20).

7. കാർമ്മികൻ സമൂഹത്തെ കുരിശടയാളത്തിൽ ആശീർവദിക്കുമ്പോൾ സമൂഹം തങ്ങളുടെമേൽ കുരിശടയാളം വരക്കുന്നു (പൊതുനിർദേശങ്ങൾ, നമ്പർ 22 ).

8. ഒന്നാം പ്രണാമജപം (ഗ്ഹാന്ത) കാർമികൻ കുനിഞ്ഞുനിന്ന് കരങ്ങൾ കൂപ്പിപ്പിടിച്ചു ചൊല്ലുന്നു. മറ്റു ഗ്ഹാന്തകൾ കുനിഞ്ഞുനിന്ന് കരങ്ങൾ കൂപ്പിപ്പിടിച്ചുകൊണ്ടോ ഇരുകരങ്ങളും മുകളിലേക്കു തുറന്നുപിടിച്ചുകൊണ്ടോ ചൊല്ലാവുന്നതാണ് (പൊതുനിർദേശങ്ങൾ, നമ്പർ 25 ).

9. ദിവ്യകാരുണ്യ സ്വീകരണത്തിന് മുമ്പുള്ള 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ....' കാർമ്മികനും സമൂഹത്തിനും കൈകൾ ഉയർത്തി ചൊല്ലാവുന്നതാണ് (പൊതുനിർദേശങ്ങൾ, നമ്പർ 26 ). 


ആഘോഷപൂർവകമായ കുർബാനയ്ക്കും സാധാരണകുർബാനയ്ക്കുമുള്ള പ്രേത്യേകനിർദ്ദേശങ്ങളിൽ  ഭേദഗതികൾ

10. സാധാരണകുർബാനയിൽ കാർമ്മികൻ പ്രാർത്ഥനാഭ്യർത്ഥന ഒരു പ്രാവശ്യം നടത്തിയാലും മതി (പ്രത്യേകനിർദ്ദേശങ്ങൾ , നമ്പർ  15 ).

11. വലത്തുകൈ നീട്ടി കമഴ്ത്തിപ്പിടിച്ചുകൊണ്ടു സമാപനപ്രാർഥന (ഹൂത്താമ്മ) ചൊല്ലാവുന്നതാണ്. എന്നാൽ, ജനങ്ങളുടെമേൽ കുരിശടയാളം വരച്ചുകൊണ്ടാണ് സമാപനാശീർവാദം നല്കേണ്ടത് (പ്രത്യേകനിർദേശങ്ങൾ, നമ്പർ 18).


കുർബാനയുടെ പ്രാർത്ഥനകളിൽ വരുത്തിയ പ്രധാനഭേദഗതികൾ 

12. കുർബാനയുടെ പൊതുക്രമഭാഗത്തും പൊപ്രിയഭാഗത്തും വരുന്ന പ്രാർത്ഥനകളിലും ഗീതങ്ങളിലും കർമക്രമ വിശദീകരണങ്ങളിലും ഭാഷാപരമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കാർമികനു പ്രാർത്ഥനകൾ ഭക്തിപൂർവകവും അർഥപൂർണവുമായി
ചൊല്ലാൻ സഹായിക്കുന്നതിനുവേണ്ടി കുർബാനതക്സയിലെ പൊതുക്രമത്തിലുള്ള എല്ലാ
പ്രാർഥനകളും ഒരേ പേജിൽ വരത്തക്കവിധവും, പ്രാർഥനകളുടെ അർഥം വ്യക്തമാകുന്ന
രീതിയിലും വരികൾ നിജപ്പെടുത്തിയിരിക്കുന്നു. അതുപോലെതന്നെ, കാർമികൻ കൈവിരിച്ചു പിടിച്ചുകൊണ്ടു ചൊല്ലുന്ന പ്രാർഥനകളെല്ലാം ഒരേ പേജിൽത്തന്നെ വരത്തക്കവിധത്തിലും ക്രമപ്പെടുത്തിയിരിക്കുന്നു. 

13. 'അത്യുന്നതമാം ...' എന്ന ഗീതത്തിന്റെ പ്രത്യുത്തരം 'ഭൂമിയിലെങ്ങും' എന്നത് 'ഭൂമിയിലെന്നും' എന്നാക്കി (ഗദ്യരൂപത്തിലുള്ളതുപോലെയാക്കി). എന്നേക്കുമുള്ള ശാന്തിയും സമാധാനവുമാണ് ഇവിടെ ആശംസിക്കുന്നത്. സുറിയാനി ഭാഷയിലും കാലത്തെ സൂചിപ്പിക്കുന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 

14. 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...' എന്ന പ്രാർത്ഥനയിലെ ഭേദഗതികൾ
  a) കാനോനയോടുകൂടി  ആരംഭിക്കുന്ന 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനാരൂപം മാത്രം തക്സയിൽ ചേർത്തിരിക്കുന്നു. 
         b) 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി' എന്ന് തുടങ്ങിയുള്ള ഭാഗം ഐച്ഛികമാക്കിയിരിക്കുന്നു
  c) 'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നത് പോലെ ' എന്നത്  'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ' 
             എന്നാക്കിയിരിക്കുന്നു  
  d) 'ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ' എന്നത് 'ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ' എന്ന് മാറ്റിയിട്ടുണ്ട്. 
             'ഉൾപ്പെടുത്തരുതേ' എന്നുപറയുമ്പോൾ ദൈവമാണ് നമ്മെ 'പ്രലോഭന'ത്തിൽ ഉൾപ്പെടുത്തുന്നത് എന്ന് സംശയം ഉണ്ടാകാം. മറിച് 
              പ്രലോഭനങ്ങൾ ഉണ്ടായാലും അവയിൽ 'വീഴാൻ ഇടയാകരുതേ' എന്നാണ് പ്രാർത്ഥനയിലെ ഈ ഭേദഗതികൊണ്ട് വിവക്ഷിക്കുന്നത്. 

15. തിരുനാളുകൾ പ്രാധാന്യമനുസരിച് മൂന്ന് ഗണങ്ങളായി തിരിച്ചിരിക്കുന്നു: കർത്താവിന്റെ (മാറാനായ) തിരുനാളുകൾ, പ്രധാനപ്പെട്ട തിരുനാളുകൾ, സാധാരണത്തിരുനാളുകൾ.
   a) കർത്താവിന്റെ തിരുനാളുകളും രക്ഷാചരിത്രത്തിലെ പ്രധാനസംഭവങ്ങൾ അനുസ്മരിപ്പിക്കുന്ന തിരുനാളുകളും ഒന്നാം ഗാനത്തിൽ 
              പെടുത്തിയിരിക്കുന്നു
   b) പ്രധാനപ്പെട്ട തിരുനാളുകളെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളുകൾ എന്നും ഓർമത്തിരുനാളുകളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
          c) സാധാരണതിരുനാളുകളെ 'പൗരസ്ത്യ പാരമ്പര്യമനുസരിച്ചുള്ളവ', 'സാർവത്രികമായവ' എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

16. കർത്താവിന്റെ തിരുനാളുകളിലും പ്രധാനത്തിരുനാളുകളിലും കാർമ്മികൻ ചൊല്ലുന്ന 'ഞങ്ങളുടെ കർത്താവായ ദൈവമേ' എന്ന് തുടങ്ങുന്ന പ്രാരംഭ പ്രാർത്ഥനയിൽ 'വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നവരെ' എന്നുള്ളത് 'ഏറ്റുപറയുകയും ചെയ്യുന്ന ഞങ്ങളെ' എന്നാക്കിമാറ്റി. അതുപോലെതന്നെ, 'ഈ പരിഹാര രഹസ്യങ്ങൾ ഞങ്ങൾ വിശുദ്ധിയോടെ പരികർമ്മം ചെയ്യട്ടെ' എന്നും മാറ്റിയിട്ടുണ്ട്. അപ്രകാരം ഈ പ്രാർത്ഥനയെ കൂടുതൽ വ്യക്തിപരമാക്കിയിരിക്കുന്നു.

17. കുർബാന തക്സയിൽ ഉപയോഗിച്ചിരിക്കുന്ന സങ്കീർത്തനങ്ങൾ പ്‌ശീത്ത (ബൈബിളിന്റെ സുറിയാനി പരിഭാഷ) യിൽനിന്നുള്ള സങ്കീർത്തനങ്ങളുടെ സീറോമലബാർ സിനഡ് അംഗീകരിച്ച മലയാളവിവർത്തനമാണ്.  15-ാം സങ്കീർത്തനത്തിന്റെ രണ്ടു ഗീതരൂപങ്ങൾ കൊടുത്തിട്ടുണ്ട് (1. "ആരുവസിക്കും നാഥാ , നിൻ ...' 2. "നിൻ ഗേഹത്തിൽ വാഴുന്നതിനോ ... ').

18. ഞായറാഴ്ചകൾക്കും സാധാരണതിരുനാളുകൾക്കും വേണ്ടിയുള്ള ഓനീസാ ദ്കങ്കേയക്ക് മുമ്പുള്ള പ്രാർഥനയിൽ 'അങ്ങു സ്നേഹപൂർവ്വം
സ്ഥാപിച്ച പവിത്രീകരിക്കുന്ന മദ്ബഹയുടെ മുമ്പിൽ' എന്നത് 'അങ്ങു സ്നേഹപൂർവം സ്ഥാപിച്ചതും പവിത്രീകരിക്കുന്നതുമായ
മദ്ബഹയുടെ മുമ്പിൽ' എന്നു മാറ്റിയിരിക്കുന്നു.

19. "സർവാധിപനാം ...' എന്ന ഗീതത്തിന്റെ സമയത്ത് മദ്ബഹ ധൂപിച്ചശേഷം ദൈവാലയത്തിന്റെ പ്രധാനകവാടംവരെ ധൂപാർപ്പണം നടത്തുന്നത് ഉചിതമായിരിക്കുമെന്ന നിർദേശം കർമവിധിയിൽ കൂട്ടിച്ചേർത്തിരിക്കുന്നു. ദൈവാലയം മുഴുവനെയും സമൂഹത്തെയും ധൂപിക്കുന്നതിനെയാണ് ഇത് അർഥമാക്കുന്നത്.

20."സർവാധിപനാം കർത്താവേ, നിന്നെ വണങ്ങി നമിക്കുന്നു' എന്നത് "സർവാധിപനാം കർത്താവേ, നിൻ സ്തുതി ഞങ്ങൾ പാടുന്നു' എന്ന് പദ്യരൂപത്തിൽ തിരുത്തിയിട്ടുണ്ട്. കാരണം, "വണക്കം' എന്ന പദം വിശുദ്ധർക്കും "സ്തുതി', "ആരാധന' എന്നീ പദങ്ങൾ ദൈവത്തിനുമാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഈ മാറ്റം "സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു' എന്ന ഗദ്യരൂപത്തോടു കൂടുതൽ വിശ്വസ്തവുമാണ്.
 
21. 'പരിപാവനനാം ...' എന്ന ഗീതത്തിൽ 'നിൻ കൃപ ഞങ്ങൾക്കേകണമേ' എന്നത് 'കാരുണ്യം നീ ചൊരിയണമേ' എന്നാക്കിയിരിക്കുന്നു. 'പരിശുദ്ധനായ ദൈവമേ ...' എന്ന ഗദ്യരൂപത്തിൽ 'ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ' എന്നത് 'ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ' എന്നാക്കി. കാരണം, 'റഹ്മേ' എന്ന സുറിയാനിപദം സൂചിപ്പിക്കുന്നത് കർത്താവിന്റെ 'കരുണ'യെയാണ്. 'കൃപ' യെ സൂചിപ്പിക്കുന്ന 'തൈബൂസ' എന്ന പദം ത്രിശുദ്ധകീർത്തനഭാഗത്ത് സുറിയാനി തക്സയിൽ ഉപയോഗിച്ചിട്ടില്ല. അന്ധനായ ബർതിമേയൂസിന്റെ അപേക്ഷയിൽ 'ദാവീദിന്റെ പുത്രാ, എന്നിൽ കരുണയുണ്ടാകണമേ' എന്നാണ് സുറിയാനി ബൈബിളിൽ കാണുന്നത് (മർക്കോ 10:48).

22. വിശുദ്ധഗ്രന്ഥവായനകൾക്കുമുമ്പ് ശുശ്രൂഷി കാർമികന്റെ ആശീർവാദം യാചിക്കുമ്പോൾ "ഗുരോ, ആശീർവദിക്കണമേ' എന്നത് "കർത്താവേ, ആശീർവദിക്കണമേ' എന്നാക്കിയിരിക്കുന്നു. കാരണം, ഇതാണ് മൂലരൂപത്തോടു കൂടുതൽ വിശ്വസ്തത പുലർത്തുന്നത്. കാർമികൻ കർത്താവിനെ പ്രതിനിധാനം ചെയ്യുന്നു എന്നും കർത്താവിന്റെ ആശീർവാദമാണ് ഇവിടെ യാചിക്കുന്നതെന്നും ഈ ഭേദഗതി കൂടുതൽ വ്യക്തമാക്കുന്നു. 
"ദൈവം നിന്നെ അനുഗ്രഹിക്കട്ടെ' എന്ന കാർമികന്റെ ആശീർവാദത്തിലെ "നിന്നെ' എന്ന പദം ഒഴിവാക്കി "ദൈവം അനുഗ്രഹിക്കട്ടെ' എന്നാക്കിയിരിക്കുന്നു.  

 23. 'പ്രകീർത്തനം ആലപിക്കാനായി നിങ്ങൾ എഴുന്നേല്ക്കുവിൻ' എന്ന ശുശ്രൂഷിയുടെ ആഹ്വാനം ഐച്ഛികമാക്കിയതിനാൽ ബ്രാക്കറ്റിലാണ് കൊടുത്തിരിക്കുന്നത്. ഇരുന്നശേഷം പ്രകീർത്തനത്തിനായി വീണ്ടും എഴുന്നേല്ക്കുകയും ഉടൻതന്നെ ലേഖനവായനയുടെ സമയത്തു ഇരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ ആഹ്വാനം ഐച്ഛികമാക്കിയിരിക്കുന്നത്.
"അംബരമനവരതം ...' എന്ന പ്രകീർത്തനം കാർമികനും ശുശ്രൂഷിയും സമൂഹവും പാടുന്നത്, അഞ്ചു ഖണ്ഡങ്ങൾക്കുപകരം നാലായി കുറച്ചിരിക്കുന്നു.

24. 'സർവജ്ഞനായ ഭരണകർത്താവും ...' എന്ന പ്രാർഥന ഐച്ഛികമാക്കി ബ്രാക്കറ്റിലാണ് ചേർത്തിരിക്കുന്നത്. കാരണം,  ഈ പ്രാർഥനയുടെ, "അങ്ങയുടെ സ്വഭാവത്തിനൊത്തവിധം ...എന്നേക്കും' എന്നഭാഗം തൊട്ടുമുമ്പുള്ള 'വിശുദ്ധരിൽ സംപ്രീതനായി' എന്ന പ്രാർഥനയുടെ ആവർത്തനമാണ്. 'അങ്ങയുടെ ജീവദായകവും ദൈവികവുമായ കല്പനകളുടെ മധുരസ്വരം...' എന്ന പ്രാർഥനയാണ് വിശുദ്ധഗ്രന്ഥ വായനകളോട് കൂടുതൽ ചേർന്നുപോകുന്നത്.

25. റാസയിൽ ഹല്ലേലുയ്യാഗീതത്തിന്റെ (സൂമാറ) സ്ഥാനം ലേഖനവായനയ്ക്കുശേഷം ഉടനെയായിരുന്നു. എന്നാൽ, റാസയുടെ പുതിയക്രമത്തിൽ, ഹല്ലേലുയ്യാഗീതം പാടുന്നത് സുവിശേഷവായനയ്ക്കു മുമ്പുള്ള തുർഗാമയെത്തുടർന്നാക്കിയിരിക്കുന്നു. തന്മൂലം, റാസയിൽ സുവിശേഷപ്രദക്ഷിണം ആഘോഷപൂർവകമായി ബേമ്മയിലേക്കു നടത്താൻ സാധിക്കും.

26. കാറോസൂസകളുടെ പൊതുവായ പ്രത്യുത്തരം, 'കർത്താവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ' എന്നതിനുപകരം "കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ' എന്നാക്കിയിരിക്കുന്നു. കാരണം, "റഹ്മേ' എന്ന സുറിയാനിപദം സൂചിപ്പിക്കുന്നത് കർത്താവിന്റെ കരുണയെയാണ്. 

27. പിറവിക്കാലത്തെ കാറോസൂസയിൽ 'ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു' എന്നും പളളിക്കൂദാശക്കാലത്തെ കാറോസൂസയിൽ "നിന്റെ മഹത്ത്വത്തിൽ ഞങ്ങളെ പങ്കുകാരാക്കണമേ' എന്നും മരിച്ചവർക്കുവേണ്ടിയുള്ള കാറോസൂസയിൽ "കർത്താവേ, നിന്നോടു ഞങ്ങൾ യാചിക്കുന്നു' എന്നുമുള്ള പ്രത്യുത്തരം നിലനിറുത്തിയിട്ടുണ്ട്. പൊതുക്രമത്തിലെ കാറോസൂസയുടെ രണ്ടാംഭാഗത്തെ പ്രത്യുത്തരവും അതുപോലെ നിലനിറുത്തിയിരിക്കുന്നു.

28. ഓനീസാ ദ്റാസേയുടെ രണ്ടാംഭാഗത്തെ രണ്ടാംപാദത്തിലെ, 'വിജയം വരിച്ച നീതിമാന്മാരുടേയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണയോടുകൂടെ നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ' എന്നതു, 'നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമയോടുകൂടെ വിജയം വരിച്ച നീതിമാന്മാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കലുണ്ടാകട്ടെ' എന്നാക്കിയിരിക്കുന്നു. ഈ മാറ്റത്തിലൂടെ തോമാശ്ലീഹായുടെ ഓർമയ്ക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നതോടൊപ്പം സുറിയാനിമൂലത്തോടു കൂടുതൽ വിശ്വസ്തത പുലർത്താനും സാധിക്കുന്നു.

 29. വിശ്വാസപ്രമാണം കഴിഞ്ഞ് ശുശ്രൂഷി ചൊല്ലുന്ന കാറോസൂസ പ്രാർഥനയിൽ 'പാത്രിയാർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ' എന്നത്, 'പാത്രിയാർക്കീസുമാരും മേജർ ആർച്ചുബിഷപ്പുമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ' എന്നു തിരുത്തിയിരിക്കുന്നു. മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയുള്ള നമ്മുടെ സഭയിൽ ഈ മാറ്റം കൂടുതൽ പ്രസക്തമാണ്.

30. നമ്മുടെ കുർബാനയിൽ മൂന്നു കൂദാശക്രമങ്ങളാണ് (അനാഫൊറ) ഉള്ളത്: ഒന്നാമത്തെ കൂദാശക്രമം (മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശക്രമം) ഓശാനഞായർ കഴിഞ്ഞുള്ള തിങ്കൾമുതൽ പള്ളിക്കൂദാശക്കാലം അവസാനംവരെ ഉപയോഗിക്കുന്നു; രണ്ടാമത്തെ കൂദാശക്രമം (മാർ തെയദോറിന്റെ കൂദാശക്രമം) മംഗളവാർത്തക്കാലം ഒന്നാം ഞായർമുതൽ ഓശാനഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലും മൂന്നാമത്തെ കൂദാശക്രമം (മാർ നെസ്തോറിയസിന്റെ കൂദാശക്രമം) ദനഹാ, വിശുദ്ധ യോഹന്നാൻ മാംദാനയുടെ വെള്ളി, ഗ്രീക്ക് മല്പാൻമാരുടെ ഓർമ, മൂന്നുനോമ്പിലെ ബുധൻ, പെസഹാവ്യാഴം എന്നീ അഞ്ച് ദിവസങ്ങളിലും ഉപയോഗിക്കുന്നു. എന്നാൽ, നിർദിഷ്ട ദിവസങ്ങളിൽ മാത്രമല്ല മറ്റുദിവസങ്ങളിലും ഈ മൂന്നു കൂദാശക്രമങ്ങൾ ഉപയോഗിക്കാവുന്നതാണ്.

31. സമാധാനം നല്കുന്നതിനു മുമ്പുള്ള ശുശ്രൂഷിയുടെ ആഹ്വാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.'നിങ്ങൾ സമാധാനം ആശംസിക്കുവിൻ' എന്ന ആഹ്വാനം "നിങ്ങൾ സമാധാനം നല്കുവിൻ' എന്നാക്കിയിരിക്കുന്നു. 
'മിശിഹായാണ് നമ്മുടെ സമാധാനം' (എഫേ 2:14) എന്ന് ഏറ്റുപറഞ്ഞുകൊണ്ടു ബലിപീഠത്തിൽനിന്ന