നിഷ്‌പക്ഷനായ യഥാർഥ ക്രിസ്തുശിഷ്യനാണ് മാർ ഞറളക്കാട്ട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

നിഷ്‌പക്ഷനായ യഥാർഥ ക്രിസ്തുശിഷ്യനാണ് മാർ ഞറളക്കാട്ട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തലശ്ശേരി:  നിഷ്‌പക്ഷനായ ഒരു യഥാർഥ ക്രിസ്തു ശിഷ്യനാണ് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട് എന്നു സീറോമലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ സുവർണ ജൂബിലി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാർ ആലഞ്ചേരി. 
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള പ്രൗഡ ഗംഭീര സദസ്സിൽ സഭാശ്രേഷ്ഠർ ഉൾപ്പെടെ പൗരപ്രമുഖരെയും അല്മായ - സാസ്‌കാരിക - രാഷ്ട്രീയ പ്രതിനിധികളെയും സാക്ഷികളാക്കി, മാർ ജോർജ് ഞറളക്കാട്ടിന്റെ സുവർണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ജോർജ് ഞറളക്കാട്ട് ഒരേ സമയം ആത്മീയവും ഭൗതികവുമായ മേഖലകളിൽ നേതൃത്വം നൽകുകയും കർഷകരുടെയും ദുരിതം അനുഭവിക്കുന്നവരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്ത മാതൃകാ വ്യക്തിത്വം ആയിരുന്നെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉറച്ച നിലപാടുകളോടെ സഭാ സേവനം നടത്തിയ പിതാവാണ് മാർ ഞറളക്കാട്ട്. സിബിസിഐയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഉൾപ്പെടെ സഭാ നേതൃത്വത്തിലും മികവുറ്റ സാന്നിധ്യമായ മാർ ജോർജ് ഞറളക്കാട്ട് അജപാലകർക്ക് ഉത്തമ മാതൃകയാണെന്നും കർദിനാൾ പറഞ്ഞു.

മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ദൈവകൃപ ആനന്ദമഴയായി പെയ്തിറങ്ങിയ അപൂർവ മുഹൂർത്തമായിരുന്നു. അര നൂറ്റാണ്ടിന്റെ പൗരോഹിത്യ ജീവിത്തത്തിൽ നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി പറഞ്ഞു മാർ ജോർജ് ഞറളക്കാട്ടിന്റെ നേതൃത്വത്തിൽ കത്തീഡ്രൽ പള്ളിയിൽ ജൂബിലി വി. കുർബാന അർപ്പിച്ചായിരുന്നു  തുടക്കം. സീറോമലബർ സഭാ തലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 14 ബിഷപ്പുമാർ ചേർന്നു അർപ്പിച്ച വി. കുർബാനയിൽ അതിരൂപതയെ പ്രതിനിധാനം ചെയ്തു 70 വൈദീകരും സഹകാർമികരായിരുന്നു. തൃശൂർ ആർച്ച്ബിഷപ് എമിരിറ്റസ് മാർ ജേക്കബ് തൂങ്കുഴി വചനസന്ദേശം നൽകി. ബെൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി ആമുഖം പറഞ്ഞു. തലശ്ശേരി ആർച്ച്ബിഷപ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, ബിഷപ്പുമാരായ മാർ ജോസ് പൊരുന്നേടം (മാനന്തവാടി), മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ (താമരശ്ശേരി), മാർ ലോറൻസ് മുക്കുഴി (ബൽത്തങ്ങാടി), മാർ ജോസഫ് അരുമച്ചാടത്ത് (ഭദ്രാവതി), മാർ ജോസഫ് പണ്ടാരശ്ശേരിയിൽ (കോട്ടയം അതിരൂപത സഹായ മെത്രാൻ), ഡോ. വർഗീസ് ചക്കാലയ്ക്കൽ (കോഴിക്കോട്), റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല (കണ്ണൂർ), റൈറ്റ് റവ. ഡോ. ജോസഫ് മാർ തോമസ് (ബത്തേരി),  സഹായ മെത്രാൻമാരായ മാർ ജോസഫ് പാംബ്ലാനി (തലശേരി അതിരൂപത), മാർ ജോസഫ് പണ്ടാരശ്ശേരി (കോട്ടയം അതിരൂപത) എന്നിവരും കാർമികരായിരുന്നു.