കാർബൺ ക്രെഡിറ്റ് കർഷകന്റെ അവകാശം: യു എൻ ചർച്ചക്ക് പാലക്കാടൻ ആശയം.

കാർബൺ ക്രെഡിറ്റ് കർഷകന്റെ അവകാശം: യു എൻ ചർച്ചക്ക് പാലക്കാടൻ ആശയം.

പാലക്കാട് : കാലാവസ്ഥാ വ്യതിയാനം കുറക്കുന്നതിനായി  ആഗോളതലത്തിൽ രൂപീകരിച്ച  പുത്തൻ ആശയങ്ങളുടെയും, പഠനങ്ങളുടെയും വിഭാഗത്തിൽ  "ഇക്വേറ്റർജിയോ " എന്ന സ്റ്റാർട്ടപ്പിന്റെ നവീന ആശയം ഇടം നേടി. നെറ്റ് സിങ്ക് ക്രെഡിറ്റ് എന്ന പുതിയ ആശയമാണ് ഇവർ മുന്നോട്ടു വെച്ചത്. യു എൻ സമ്മേളനത്തിന്റെ ''ഇന്നവേഷൻ ആന്റ് റിസർച്ച് " വിഭാഗത്തിൽ അംഗീകരിക്കപ്പെട്ട അഞ്ച് ആശയങ്ങളിൽ ഒന്ന് നെറ്റ് സിങ്ക് ക്രെഡിറ്റാണ്.

കാലാവസ്ഥാ വ്യതിയാനം  കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഒക്ടോബർ 31 മുതൽ നവംബർ 12 വരെ യു കെ യിലെ ഗ്ലാസ്കോവിൽ നടക്കുന്ന COP - 26 ചർച്ചയിലേക്കാണ് കാർബൺ ക്രെഡിറ്റിന്റെ അവകാശം കർഷകന് നല്കുന്ന ആശയം സ്വീകരിക്കപ്പെട്ടത്. കാർബൺ ആഗിരണ ശേഷി ഏറ്റവും കൂടുതൽ സംരക്ഷിക്കുന്ന കർഷകന് കാർബൺ മാർക്കറ്റിന്റെ ആനുകൂല്യം ലഭിക്കുന്ന പുതിയ ആശയം ചർച്ചയിൽ അവതരിപ്പിക്കും. 

ഇതിന്റെ  പ്രായോഗിക  പഠനം അട്ടപ്പാടി ചിറ്റൂരിൽ നടന്നു.  അട്ടപ്പാടിയിൽ കർഷകർ തീർത്ത അതിജീവന മതിലും, പാലക്കാട് രൂപതയിലെ കർഷക സംരക്ഷണ സമിതിയുമായി ചേർന്നുള്ള  പ്രവർത്തനങ്ങളും പഠനത്തിന് സഹായിച്ചു. കർഷകർക്കു വേണ്ടി പ്രവർത്തിക്കുന്ന ഫാ. സജി വട്ടുകളത്തിൽ, ആരോഗ്യപുരം ഇടവകാംഗം ജെയ്സ് ജോസ്, പാലാ സ്വദേശികളായ ഡോ. മാനുവൽ തോമസ്, ഡോ. അഞ്ജു ലിസ് കുര്യൻ എന്നിവരാണ് ഇൗ പുത്തൻ ആശയത്തിനു പിന്നിൽ.

കർഷകന്റെ കൃഷി സ്ഥലത്തെ മണ്ണിന്റെയും മരങ്ങളുടെയും കാർബൺ ആഗിരണ ശേഷി ശാസ്ത്രീയമായി കണക്കാക്കി അതിൽ നിന്ന് ആ കർഷക കുടുംബം ഉപയോഗിക്കുന്ന  വൈദ്യുതി, ഗ്യാസ്, മറ്റ് പെട്രോളിയം ഉല്പന്നങ്ങൾ എന്നിവ പുറംതള്ളുന്ന കാർബണിന്റെ അളവ് കുറച്ച് ബാക്കി വരുന്ന ആഗിരണ ശേഷിയെ വിനിമയ സാധ്യതയുള്ള  ഉല്പന്നമായി  മാർക്കറ്റിൽ അവതരിപ്പിക്കുന്ന  ആശയമാണ് നെറ്റ് സിങ്ക് ക്രെഡിറ്റ്.
   
 ആഗോള അംഗീകാരം ലഭിച്ചതോടെ  അന്തർദേശീയ തലത്തിൽ വരെ ഈ ആശയവുമായി ബന്ധപ്പെട്ട ചർച്ചകളും ആരംഭിച്ചു. അമേരിക്കയിലെ ഐ  എച്ച് എസ് മാർക്കെറ്റ് അനലിസ്റ്റുപോലുള്ള വൻകിട സ്ഥാപനങ്ങളും, ഒ പി ഐ  എസ് പോലുള്ള കാർബൺ മാർക്കെറ്റ് അതികായൻമാരും, ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ നവീന ആശയത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.