ആഗോള മെത്രാന്‍ സിനഡിന്‍റെ കാഞ്ഞിരപ്പള്ളി രൂപതാതല പ്രവര്‍ത്തനങ്ങൾക്ക് തുടക്കം

ആഗോള മെത്രാന്‍ സിനഡിന്‍റെ കാഞ്ഞിരപ്പള്ളി രൂപതാതല പ്രവര്‍ത്തനങ്ങൾക്ക് തുടക്കം

കാഞ്ഞിരപ്പള്ളി: 2023 ഒക്ടോബറില്‍ വത്തിക്കാനിൽ നടക്കുന്ന ആഗോള മെത്രാന്‍ സിനഡിന്‍റെ രൂപതാതല പ്രവര്‍ത്തനങ്ങൾ കാഞ്ഞിരപ്പള്ളി രൂപതയിൽ ആരംഭിച്ചു. ഇതിന് തുടക്കം കുറിച്ച് സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുർബാനയ്‌ക്ക് കാഞ്ഞിരപ്പള്ളി  രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍   മുഖ്യകാർമികത്വം വഹിച്ചു. 
പരസ്പരം കേള്‍ക്കുന്നവരും ഒന്നുചേര്‍ന്ന് പരിശുദ്ധാത്മാവിനെ ശ്രവിക്കുവാന്‍ തുറവിയുള്ളവരും ആകുമ്പോഴാണ് സഭാ കൂട്ടായ്മ ശക്തിപ്പെടുന്നതെന്ന്  പിതാവ് കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ  പറഞ്ഞു. എല്ലാവരും കേള്‍ക്കപ്പെടുകയും തുറവിയോടെ സംസാരിക്കുകയും ചെയ്യുമ്പോഴാണ് എല്ലാവര്‍ക്കും പങ്കാളിത്തമുള്ള സഭയുടെ പ്രേഷിതദൗത്യം ഊര്‍ജ്ജ്വസ്വലമായി തുടരുവാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, ഫാ. ജോസഫ് ചക്കും മൂട്ടിൽ, ഫാ. ജോബി തെക്കേടത്ത്, ഫാ. പയസ് കൊച്ചുപറമ്പിൽ, കൈക്കാരൻമാരായ പാപ്പച്ചൻ കരിമ്പനാൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ, സെബാസ്റ്റ്യൻ എളൂക്കുന്നേൽ, ജോസഫ് കരിപ്പാപറമ്പിൽ, കത്തീഡ്രൽ കുടുബക്കൂട്ടായ്മ ഭാരവാഹികൾ, പാരിഷ് കൗൺസിലംഗങ്ങൾ, വിശ്വാസ  പരിശീലകർ എന്നിവർ സന്നിഹിതരായിരുന്നു.

രൂപതയിലെ ഇടവക, ഫൊറോന തലങ്ങളിലും സന്യാസസമൂഹങ്ങള്‍, സംഘടനകള്‍ എന്നീ മേഖലകളിലും സിനഡല്‍ രേഖ ചര്‍ച്ചചെയ്ത് രൂപീകരിക്കുന്ന ആശയങ്ങള്‍ രൂപതാതലത്തില്‍ ക്രോഡീകരിച്ച് സീറോ മലബാര്‍ സഭാ ആസ്ഥാനത്തേയ്ക്ക് നൽകും. രൂപതാതല സിനഡല്‍ സമ്മേളനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  വൈദികസമിതി  സെക്രട്ടറിയായ റവ. ഡോ. തോമസ് പൂവത്താനിക്കുന്നേലിന്‍റെ നേതൃത്വത്തില്‍ രൂപതാ വൈസ് ചാന്‍സലര്‍ റവ. ഡോ. ജോസഫ് മരുതൂക്കുന്നേല്‍,  പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ അംഗങ്ങളായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

രൂപതാതല പ്രവർത്തങ്ങൾ പൂർത്തിയായ ശേഷം, സിനഡിൻ്റെ വിവിധ ഭൂഖണ്ഡങ്ങളുടെ തലത്തിലുള്ള രണ്ടാം ഘട്ടം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. 2023 ഒക്ടോബറിലാണ് സാര്‍വ്വത്രികസഭ ആഗോള മെത്രാന്‍ സിനഡിലേയ്ക്ക് പ്രവേശിക്കുന്നത്.
സഭാംഗങ്ങളെല്ലാവരും കേള്‍ക്കപ്പെടണമെന്നതും സിനഡല്‍ പ്രക്രിയയില്‍ സഹകാരികളാകണം എന്നതുമാണ് സിനഡ് ലക്ഷ്യംവെയ്ക്കുന്നത്. പൊതുസമൂഹത്തെ കേള്‍ക്കണമെന്നും  സിനഡല്‍ രേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.