ദുരിതബാധിത മേഖലകൾ സന്ദർശിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും മാര്‍ ജോസ് പുളിക്കല്‍ 

ദുരിതബാധിത മേഖലകൾ സന്ദർശിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും മാര്‍ ജോസ് പുളിക്കല്‍ 

കാഞ്ഞിരപ്പള്ളി : രൂപത പരിധിയിലെ  ദുരിതബാധിത മേഖലകളില്‍ ഭവനങ്ങൾ ഉൾപ്പെടെ സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ആവശ്യമായ  നിര്‍ദ്ദേശങ്ങള്‍ നൽകി വരികയാണ്  കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. വേദനിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമേകുവാന്‍ എല്ലാവരോടും  പിതാവ് ആഹ്വാനം ചെയ്തു. രൂപത സംവിധാനങ്ങളെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.

പ്രളയദുരിതം മുന്നില്‍ക്കണ്ട് തുടക്കത്തില്‍ തന്നെ മാര്‍ ജോസ് പുളിക്കലിന്‍റെ അധ്യക്ഷതയില്‍ വികാരി ജനറാള്‍മാരായ  ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. കുര്യന്‍ താമരശ്ശേരി, അജപാലന സാമൂഹ്യസേവന വിഭാഗം  ഡയറക്ടര്‍മാര്‍ എന്നിവർ അടിയന്തിര യോഗം ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. 

ഗതാഗത തടസ്സമുണ്ടായി വഴിയില്‍ കുടുങ്ങിയ ബസ് യാത്രക്കാര്‍ക്കും, അയ്യപ്പഭക്തർക്കും, കുട്ടിക്കാനം മരിയന്‍ കോളജിലും,  കൂവപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിലും, വിവിധ പള്ളികളിലും, സന്യാസ ഭവനങ്ങളിലും  ഭക്ഷണവും താമസവും ഒരുക്കി. രൂപതാ യുവദീപ്തി - എസ് എം വൈ എമ്മിൻ്റെ നേതൃത്വത്തിൽ  ഹെല്‍പ്പ് ഡെസ്ക്കും ആരംഭിച്ചു.  വൈദികരുടെയും സന്യസ്തരുടെയും നേതൃത്വത്തില്‍ പ്രളയബാധിത ഭവനങ്ങളും പരിസരവും ശുചീകരിക്കുന്നതുള്‍പ്പെടെ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  തുടര്‍ന്നു വരികയാണ്. 

രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലനാട് ഡെവലപ്പ്മെന്‍റ് സൊസൈറ്റി, പീരുമേട് ഡെവലപ്പ്മെന്‍റ് സൊസൈറ്റി എന്നിവയിലൂടെ ആവശ്യമായ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങളും  ഉറപ്പുവരുത്തി. 

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തിര സാഹചര്യത്തെ നേരിടാൻ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  രൂപതയിലെ സംഘടനകളും അജപാലന, സാമൂഹ്യസേവന വിഭാഗങ്ങളും വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.  വീടും സ്ഥലവും നഷ്ടപ്പെട്ടവരും അപകടസാധ്യത മേഖലകളിലുള്ളവരും വിവിധ പള്ളികളോടനുബന്ധിച്ച് കഴിയുന്നുണ്ട്.