വിശുദ്ധ​ഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യം: മേജര്‍ ആര്‍ച്ചുബിഷപ് കർദിനാൾ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

വിശുദ്ധ​ഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യം: മേജര്‍ ആര്‍ച്ചുബിഷപ് കർദിനാൾ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
സീറോമലബാര്‍ ആരാധന്രകമ കമ്മീഷന്‍ തയ്യാറാക്കിയ “വചനവിളക്ക്‌” എന്ന ഗ്രന്ഥം കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ വച്ചു സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ടിനു നല്കി പ്രകാശനം ചെയ്യുന്നു. കൂരിയബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ്‌ പിട്ടാപ്പിള്ളില്‍, ഫാ. തോമസ്‌ ആദോപ്പിള്ളില്‍, ഫാ. തോമസ്‌ മേല്‍വെട്ടം, ഓഫീസ്‌ സെക്രട്ടറി സി. നിര്‍മല്‍ എംഎസ്‌ജെ, എന്നിവര്‍ സമീപം.

കാക്കനാട്: സീറോമലബാര്‍ ആരാധനക്രമ വായനകളുടെ രണ്ടാമത്തെ ഗണം അടിസ്ഥാനപ്പെടുത്തി ആരാധനക്രമ കമ്മീഷന്‍ തയ്യാറാക്കിയ “വചനവിളക്ക്‌” എന്ന ഗ്രന്ഥം കാക്കനാട്‌ മൗണ്ട്‌ സെന്റ് തോമസില്‍ വച്ചു സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ടിനു നല്‍കി പ്രകാശനം ചെയ്തു. വിശുദ്ധഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യവും ക്രൈസ്തവവിശ്വാസത്തെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രസ്താവിച്ചു.

2021 ജനുവരി മാസത്തിലെ സീറോമലബാര്‍ സിനഡിന്റെ തീരുമാനം അനുസരിച്ച്‌ പ്രസിദ്ധീകരിച്ച ആരാധനക്രമ വായനകളുടെ രണ്ടാം ഗണത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ “വചനവിളക്ക്‌” എന്ന വിശുദ്ധ ​ഗ്രന്ഥപ്രഘോഷണസഹായി, ആരാധനക്രമ കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നത്‌. പ്രമുഖ ആരാധനക്രമ, ബൈബിള്‍ പണ്ഡിതരാണ്‌ ഇതിന്റെ രചനയില്‍ സഹകാരികളായിരിക്കുന്നത്‌. സീറോമലബാർ സഭയിലെ പൗരസ്ത്യ സുറിയാനി ആരാധനക്രമ കലണ്ടര്‍ അനുസരിച്ചുള്ള ഒമ്പതു കാലങ്ങളിലെയും വായനകളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള വിശകലനവും വ്യാഖ്യാനവുമാണ്‌ ഈ ​ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളുടെ പിന്‍ബലത്തോടും അജപാലന ആഭിമുഖ്യത്തോടുംകൂടെയാണ്‌ വിശുദ്ധഗ്രന്ഥവായനകളുടെ വ്യാഖ്യാനം തയാറാക്കിയിരിക്കുന്നത്‌.

സീറോമലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ്‌ പിട്ടാപ്പിള്ളില്‍, ഫാ. തോമസ്‌ ആദോപ്പിള്ളില്‍, ഫാ. തോമസ്‌ മേല്‍വെട്ടം, ഓഫീസ്‌ സെക്രട്ടറി സി. നിര്‍മല്‍ എം.എസ്‌.ജെ., തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

പ്രസ്തുത പുസ്തകത്തിന്റെ കോപ്പികള്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ലഭ്യമാണ്‌. ഫോണ്‍: 9446477924.