ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടി റീഹാബിലിറ്റേഷന്‍ ടെക്‌നോളജി

ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടി റീഹാബിലിറ്റേഷന്‍ ടെക്‌നോളജി

ചങ്ങനാശ്ശേരി : അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിന്റെ (എസ് ഡി) ചങ്ങനാശ്ശേരി സെന്റ് ജോസഫ് പ്രോവിന്‍സിന് കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടി റീഹാബിലിറ്റേഷന്‍ ടെക്‌നോളജി. ഭിന്നശേഷിക്കാരായ മക്കൾക്കായി ചങ്ങനാശ്ശേരി ചെത്തിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മേഴ്‌സി ഹോമിന്റെ തുടര്‍പരിശീലന പരിപാടിയുടെ ഭാഗമാണ് ഈ സംരംഭം.

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്കാവശ്യമായ പോഷകാഹാരം നല്‍കിയും മുന്‍കരുതലുകള്‍ എടുത്തും കുഞ്ഞിന് വൈകല്യമുണ്ടാകാതെ സൂക്ഷിക്കുക, വൈകല്യം നേരത്തേ കണ്ടെത്തി തടയുക, വളര്‍ച്ചയിലുണ്ടാകുന്ന തടസ്സങ്ങളെ കണ്ടെത്തി ക്രിയാത്മകമായി ഉത്തേജിപ്പിക്കുക, ആവശ്യമുള്ളവര്‍ക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷന്‍ തെറാപ്പി എന്നിവ നല്‍കുക, സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞുങ്ങളുടെയും ജനന പ്രശ്‌നങ്ങളുള്ള ശിശുക്കളുടെയും പരിചരണ രീതി മാതാപിതാക്കളെ പരിശീലിപ്പിക്കുക, മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങും, മറ്റ് നിര്‍ദ്ദേശങ്ങളും നല്‍കുക, വൈകല്യത്തെ തടയുന്നതിന് സമൂഹത്തെ ബോധവാന്മാരാക്കുക എന്നിവയാണ് ഇവിടെ നൽകുന്ന പ്രധാന സേവനങ്ങൾ. ശാരീരിക ക്ഷതമോ, തളര്‍ച്ചയോ സംഭവിച്ച മുതിര്‍ന്നവര്‍ക്ക് ആവശ്യമായ തെറാപ്പികളും ഇവിടെ ചെയ്തുവരുന്നുണ്ട്.

ഇതു കൂടാതെ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ രണ്ടര വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ തെറാപ്പി കോഴ്‌സും, ഓട്ടിസം ബാധിച്ചവരും പഠന വൈകല്യമുള്ളവരുമായ കുട്ടികള്‍ക്കായി പരിശീലന പരിപാടികളും നടത്തി വരുന്നുണ്ട്. ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും ആവശ്യമായ സേവനങ്ങള്‍ നല്‍കിവരുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.