ജപമാല-സുകൃതം പകരുന്ന ശക്തി

ജപമാല-സുകൃതം പകരുന്ന ശക്തി

ജപമാല-സുകൃതം പകരുന്ന ശക്തി

ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ജപമാല ഭക്തനായ ഫാദർ പാട്രിക് പെയ്‌ടന്റെ വാക്കുകളാണിത്. ക്രൈസ്തവ കുടുംബങ്ങളുടെ പുരാതന പാരമ്പര്യം ആണ് സന്ധ്യാ പ്രാർത്ഥന. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് ജപമാല അർപ്പിക്കുക എന്നത് ആണ് ഈ പാരമ്പര്യം."ഈ വിലയേറിയ അവകാശം നഷ്ടപ്പെടുത്താതിരിക്കേണ്ടത് പ്രധാനമാണ്,  ജപമാല ജപിക്കുക എന്നാൽ മാതാവിനൊപ്പം ക്രിസ്തുവിനെ ധ്യാനിക്കുക എന്നതാണ്, ഒന്നിച്ച് കൊന്ത നമസ്കാരം നടത്തുന്ന കുടുംബങ്ങൾ നസ്രത്തിലെ കുടുംബത്തിന്റെ മാതൃകയിലേക്ക് വരും" എന്നും ആണ്‌ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ജപമാലയെക്കുറിച്ചു പറയുന്നത്. 

രക്ഷാകര ചരിത്രത്തിന്റെ സംഗ്രഹം ആണ് ജപമാല. യേശുവിന്റെ  മനുഷ്യാവതാരം മുതലുള്ള രക്ഷാകര രഹസ്യങ്ങൾ ആണല്ലോ ജപമാലയിലെ ധ്യാനവിഷയം."വചനം" കോർത്തിണക്കിയ മനോഹരവും ലളിതവുമായ പ്രാർത്ഥന. വിശുദ്ധ ജോൺ പോൾ പാപ്പായുടെ വാക്കുകളിൽ "വിശുദ്ധിയുടെ വളർച്ചയിലേയ്ക്കുള്ള യഥാർത്ഥ പാതയാണ് ജപമാല. വിശ്വാസികൾ മറിയത്തെ പ്രകീർത്തിക്കുകയും വണങ്ങുകയും ചെയ്യുമ്പോൾ മറിയം അവരെ സ്വപുത്രനിലേയ്ക്കും അവിടുത്തെ ബലിയിലേക്കും നയിക്കും". പതിനൊന്നാം പിയൂസ് മാർപ്പാപ്പ കുറേക്കൂടി വ്യക്തമായി പറയുന്നു "ആധുനിക ലോകത്തിലെ തിന്മകൾക്കെതിരെ പടപൊരുതാനുള്ള ദിവ്യായുധമാണ് ജപമാല". മെജ്‌ഗോറിയയിൽ പ്രത്യക്ഷയായ പരിശുദ്ധ അമ്മ നൽകിയ സന്ദേശം ഇപ്രകാരമാണ് : "ജപമാല ഭവനത്തിലെ ഒരു അലങ്കാരവസ്തു അല്ല, കൊന്ത ജപിക്കുവാൻ എല്ലാവരോടും പറയണം. കത്തോലിക്ക സഭയുടെ മേൽ സാത്താൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും കൊന്ത കൊണ്ട് നിങ്ങൾക്ക് ജയിക്കാനാകും. പ്രിയ കുഞ്ഞുങ്ങളെ, യുദ്ധത്തിനായി ആയുധങ്ങൾ ധരിക്കുവിൻ, കൊന്ത കൈകളിൽ എടുത്തുകൊണ്ട് അവനെ പരാജയപ്പെടുത്തുവിൻ". ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല.(വിശുദ്ധ പാദ്രെപിയോ).വിശുദ്ധ ലൂയിസ് മോണ്‍ഫോര്‍ട്ട് ജപമാലയെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: ”ദിനംപ്രതി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ പാപത്തില്‍ വീഴുകയില്ല. ഇത് എന്റെ രക്തംകൊണ്ട് എഴുതി ഒപ്പിടാന്‍ എനിക്ക് മടിയില്ല.” വിശുദ്ധ വിയാനി പറഞ്ഞത് പോലെ കന്യാമറിയത്തിന് സമർപ്പിക്കാവുന്നതിൽ വെച്ചു ഏറ്റവും ശ്രേഷ്ഠമായ സ്നേഹോപഹാരമാണ് ജപമാല.

മാമോദീസയിലൂടെ ക്രൈസ്തവർ ക്രിസ്തുവിൻ്റെ പൗരോഹിത്യത്തിൽ പങ്കാളികൾ ആണ്. നമ്മുടെയൊക്കെ അനുദിന ജീവിതങ്ങൾ ദൈവത്തിന് സ്വീകാര്യമായി രൂപാന്തരപ്പെടണമെങ്കിൽ കൂദാശകളും കുടുംബപ്രാർത്ഥനകളും അനിവാര്യമാണ്. കുടുംബ സമാധാനത്തിനും ഐക്യത്തിനും ഏറെ സഹായകരവും ഏറ്റവും കൂടുതൽ അനുഗ്രഹങ്ങൾ മാനവരാശിക്ക് നേടിക്കൊടുക്കുന്നതുമായ പ്രാർത്ഥനകളിൽ ഒന്നാണ് ജപമാല. സഭയ്ക്ക് വിശുദ്ധരെ സമ്മാനിച്ച കുടുംബങ്ങളിലും ദൈവവിളികളിലൂടെ വൈദികരെയും സന്ന്യസ്തരെയും നൽകിയ കുടുംബങ്ങളിലും ജപമാലയുടെ സ്വാധീനം വളരെ ആഴത്തിലുള്ളതായിരുന്നു എന്ന് കാണാൻ സാധിക്കും. ദിവ്യകാരുണ്യ സ്വീകരണവും ജപമാല പ്രാർത്ഥനയും ആയിരുന്നു തന്റെ പ്രവർത്തന വേദിയിലെ ശക്തിയെന്ന് വിശുദ്ധ മദർ തെരേസ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ചാവറ പിതാവ് തൻ്റെ ബാല്യത്തിൽ പലപ്പോഴും രാത്രി കാലങ്ങളിൽ അമ്മയെ കിടക്കയിൽ കാണാത്തതിനാൽ അന്വേഷിച്ച് ചെല്ലുമ്പോൾ അമ്മ മുട്ടിന്മേൽ നിന്ന് കൊന്ത ചൊല്ലുന്നത് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബ സമാധാനവും കെട്ടുറപ്പും വീണ്ടെടുക്കുന്നതിലും മാനസാന്തരങ്ങൾ സാധ്യമാക്കുന്നതിലും കണ്ണീരിൽ കുതിർന്ന ജപമാല അർപ്പണത്തിൻ്റെ പങ്ക് പല കുടുംബങ്ങളിലും നിർണ്ണായകമായിട്ടുണ്ട്. 

ഒക്ടോബർ മാസം ജപമാല മാസമായിട്ടാണ് ആ​ഗോള സഭ ആചരിക്കുന്നത്. ആഘോഷമായി ജപമാല അർപ്പിച്ച് മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാൻ സഭ നമ്മെ ഉത്ബോധിപ്പിക്കുന്നു. യേശു കാൽവരിയിലെ കുരിശിൽ കിടന്നുകൊണ്ട് യോഹന്നാനോട് "ഇതാ നിന്റെ അമ്മ" എന്നു പറഞ്ഞ നിമിഷം മുതൽ മനുഷ്യവംശത്തിന് രക്ഷയുടെ വഴി പരിശുദ്ധ അമ്മയിലൂടെ ദൈവം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ദൈവം തനിക്ക് നൽകിയ കൃപാവരങ്ങൾ നമ്മിലേക്ക് വർഷിക്കാൻ ആഗ്രഹിച്ചുകൊണ്ട് മറിയം എന്നും നമ്മുടെ മധ്യസ്ഥയായി നിലകൊള്ളുന്നു. ദൈവം മനുഷ്യരുടെ അടുത്തേക്ക് വന്നതും മനുഷ്യർ ദൈവത്തിന്റെ പക്കലേക്ക് പോകുന്നതുമായ രാജവീഥിയായാണ് പോൾ ആറാമൻ മാർപ്പാപ്പ പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കുന്നത്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം നടന്ന സ്ഥലങ്ങളിലെല്ലാം അമ്മ നമ്മോട് ആവശ്യപ്പെട്ടത് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആണ്. 

ആദിമ സഭയുടെ കാലം മുതൽ തന്നെ മരിയഭക്തി പ്രചാരം നേടിയിരുന്നുവെങ്കിലും പലഘട്ടങ്ങളായാണ് ജപമാല ഇന്നത്തെ രൂപം പ്രാപിക്കുന്നത്. പ്രശസ്തമായ ഡൊമിനീഷ്യൻ സഭയുടെ സ്ഥാപകനായ ഡൊമിനിക് വഴിയാണ് കന്യാമറിയം തന്റെ ജീവിതത്തിലെ വിവിധ സന്ദർഭങ്ങളെ ധ്യാനിക്കുന്ന പ്രാർത്ഥന ചൊല്ലുവാൻ കല്പിക്കുന്നത്.15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡൊമിനിക് പരിശുദ്ധ അമ്മയുടെ തീവ്ര ഭക്തനായിരുന്നു. വിശുദ്ധ ഡൊമിനിക്കിന്‌ പരിശുദ്ധ മറിയം ദർശനം നൽകിയ അന്നുമുതൽ ഡൊമിനീഷ്യൻ സഭാംഗങ്ങൾ മാതാവിനോടുള്ള ഭക്തിക്ക് പ്രാധാന്യം കൊടുത്തു തുടങ്ങി.

16-ാം നൂറ്റാണ്ടിൽ തുർക്കി സാമ്രാജ്യത്തിന് എതിരെ ക്രിസ്തീയ വിശ്വാസികൾ നടത്തിയ യുദ്ധത്തിലെ വിജയമാണ് ജപമാല തിരുനാളിന്റെ അടിസ്ഥാനം. ശക്തരായ തുർക്കി സാമ്രാജ്യത്തോട് പൊരുതി ജയിക്കാൻ അത്ഭുതങ്ങൾ അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. അന്നത്തെ മാർപ്പാപ്പ ആയിരുന്ന പയസ് അഞ്ചാമന്റെ നേതൃത്വത്തിൽ മറിയത്തോട് ജപമാല ചൊല്ലി തീവ്രമായി പ്രാർത്ഥിക്കുകയും 1571 ഒക്ടോബർ 7-ന് തുർക്കികളെ തോൽപ്പിച്ച് ക്രൈസ്തവർ വിജയം നേടുകയും ചെയ്തു. ആ വിജയ ദിവസം ജപമാലയുടെ തിരുനാൾ ആഘോഷിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തു.13-ാം ഗ്രിഗോറിയോസ് മാർപ്പാപ്പ ആ തിരുനാളിനെ 'ജപമാല തിരുനാൾ' എന്ന് നാമകരണം ചെയ്തു. 1716-ൽ ഹങ്കറിയിലെ എവുജിൻ രാജകുമാരൻ വീണ്ടും തുർക്കികളെ പരാജയപ്പെടുത്തിയപ്പോൾ ജപമാലത്തിരുനാൾ സാർവത്രിക സഭയിൽ കൊണ്ടാടാൻ തീരുമാനിച്ചു. 13-ാം ലിയോ മാർപ്പാപ്പ ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചു.


റോസേറിയം(Rosarium-പൂന്തോട്ടം) എന്ന പദത്തിൽ നിന്നാണ് റോസറി(Rosary- പുഷ്പങ്ങൾ കൊണ്ടുള്ള മാല) എന്ന പദമുണ്ടായത്. ജപമാലയിൽ കോർത്തിണക്കുന്ന പുഷ്പങ്ങൾ ആണ് പ്രാർത്ഥനകൾ. രഹസ്യങ്ങൾ ആണ് നൂല്.  പ്രാർത്ഥനകൾ ആകുന്ന പുഷ്പങ്ങൾ ധ്യാനമാകുന്ന നൂലിൽ കോർത്തു ഉരുവിടുമ്പോൾ അതു ജപമാലയാകുന്നു. ക്രിസ്തീയ കുടുംബങ്ങൾ ചൊല്ലണമെന്നു സഭ നിർദ്ദേശിക്കുന്ന പ്രാർത്ഥനകളിൽ ഏറ്റവും ഫലദായകവും കുടുംബ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നതുമായ പ്രാർത്ഥനയാണ് ജപമാല. ലളിതവും ഹ്രസ്വവും കുട്ടികൾക്ക് പോലും എളുപ്പത്തിൽ മനഃപഠമാക്കി ധ്യാനിച്ച് ചെയ്യാവുന്നതും എവിടെവെച്ചും എപ്പോഴും ചൊല്ലാവുന്നതുമായ പ്രാർത്ഥനയാണ് ജപമാല. കുടുംബ പ്രാർത്ഥനകൾ കൂട്ടായ്‌മയുടെ സാന്നിധ്യവും അനുഗ്രഹങ്ങളുടെ ഇടവുമായി മാറുന്നു. "ഭൂമിയിൽ നിങ്ങളിൽ രണ്ടു പേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റി തരും. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത്‌  അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും"(മത്തായി 18:19-20).

ഈ ഡിജിറ്റൽ യുഗത്തിൽ പരസ്പരം കാണാനോ നോക്കാനോ പങ്കുവയ്ക്കാനോ സംസാരിക്കാനോ പോലും സമയമില്ലാത്ത സാഹചര്യത്തിൽ ഒരുപക്ഷേ കുടുംബാംഗങ്ങൾക്ക് ഒന്നിക്കാനുള്ള ഏക വേദിയാണ് കുടുംബ പ്രാർത്ഥന. യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുടെ ചിത്രീകരണമാണ് ജപമാലരഹസ്യങ്ങൾ. സന്തോഷത്തിന്റെയും കഷ്ടതകളുടെയും പ്രത്യാശയുടെയും നിമിഷങ്ങൾ ആണ് നാം ജപമാലയിൽ ധ്യാനിക്കുന്നത്. നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിന്റെ താളക്രമങ്ങൾ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും സമ്മിശ്രമല്ലെ? പ്രത്യാശയുടെയും പ്രകാശത്തിന്റെയും ഉൾക്കാഴ്ച ലഭിക്കാനും ജീവിതവുമായി പൊരുത്തപ്പെടാനും നമുക്ക് ഈ ധ്യാനം പ്രചോദനമാകണം.

ജപമാലയും കുടുംബവും എന്ന വിഷയത്തെക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറയുന്നു: കുടുംബ പ്രാർത്ഥനയിൽ കുടുംബാംഗങ്ങൾ യേശുവിനു നേരെ കണ്ണുകൾ തിരിക്കുന്നതിലൂടെ പരസ്പരം കണ്ണിൽ നോക്കുവാനും ആശയവിനിമയം നടത്തുവാനും പരസ്പരം ക്ഷമിക്കുവാനും ദൈവത്തിന്റെ ആത്മാവിൽ അവരുടെ സ്നേഹ ഉടമ്പടി പുതുക്കപ്പെടാനുമുള്ള കഴിവ് വീണ്ടെടുക്കുന്നു. ജപമാല ചൊല്ലുന്ന കുടുംബം നസ്രത്തിലെ കുടുംബത്തിന്റെ അന്തരീക്ഷത്തിന്റെ ഒരുഭാഗം പുനർനിർമ്മിക്കുന്നു. അതിലെ അംഗങ്ങൾ യേശുവിനെ കേന്ദ്രബിന്ദുവാക്കി സന്തോഷവും സങ്കടവും പങ്കിടുന്നു. അവരുടെ പദ്ധതികളും ആകുലതകളും അവന്റെ കരങ്ങളിൽ ഏല്പിക്കുന്നു. മാതാപിതാക്കൾ കുട്ടികൾക്കായി ജപമാല ചൊല്ലുന്നതും കുട്ടികളെ കുടുംബത്തോടൊപ്പം പ്രാർത്ഥിക്കാൻ പരിശീലിപ്പിക്കുന്നതും അനുഗ്രഹദായകമാണ്.

ജപമാല മനോഹരവും ധ്യാനാത്മകവുമായ പ്രാർത്ഥനയാണ്. ജപമാല നമുക്ക് വഴി വിളക്കാണ്. ശക്തികേന്ദ്രമാണ്. അമ്മയുടെ കരങ്ങൾ പിടിച്ചു നമുക്ക് മുന്നേറാം.വിശുദ്ധിയുടെ ഫലങ്ങൾ പുറപ്പെടുവിക്കുവാനും പാപത്തിന്റെ വഴികളിൽ നിന്ന് അകലുവാനും കടമകൾ ഉത്സാഹത്തോടെ നിർവഹിക്കുവാനും മറ്റുള്ളവർക്ക് വഴികാട്ടിയാവാനും ജപമാല ഭക്തി നമ്മെ സഹായിക്കട്ടെ.

ഡോ. കെ. വി. റീത്താമ്മ,
പ്രസിഡന്റ്, അന്തർദേശീയ സീറോ മലബാർ മാതൃവേദി