ആധുനിക മാധ്യമ സംസ്ക്കാരത്തെ തിരിച്ചറിയുക

ആധുനിക മാധ്യമ സംസ്ക്കാരത്തെ തിരിച്ചറിയുക

ആധുനിക മാധ്യമ സംസ്ക്കാരത്തെ തിരിച്ചറിയുക

​ഗ്രന്ഥശാലകൾ അറിവിന്റെ വാതായനങ്ങൾ ആണ്. പുസ്തക പാരായണം പുതിയ ഉൾകാഴ്ചകളിലേക്ക് നമ്മെ നയിക്കുന്നു. ആധുനിക കാലഘട്ടത്തിലെ വായനാപരിസരം വെബുലോകത്തിന്റെ അനന്തസാധ്യതകളിലേക്ക് നമ്മെ നയിക്കുമ്പോൾ ഒരിക്കലും ലഭ്യമാകില്ല എന്നു വിചാരിച്ചിരുന്ന പലകാര്യങ്ങളും വായനയുടെയും ദൃശ്യശ്രാവ്യാനുഭവത്തിന്റെയും നവ്യമായ അനുഭൂതികളായി നമുക്ക് ലഭിക്കുന്നു. ഡിജിറ്റൽ പ്ലാറ്റുഫോമുകൾ നല്കുന്ന നിരവധി സാധ്യകൾക്കുമുമ്പിൽ ഏത്, എപ്പോൾ തിരഞ്ഞെടുക്കണമെന്നതുമാത്രമാണ് ചിലപ്പോഴെങ്കിലും നമ്മെ അലോസരപ്പെടുത്തുന്നത്.

വായനയുടെ ഡിജിറ്റൽ അനുഭവങ്ങളിലേക്ക് ആധുനിക തലമുറ കടന്നുവന്നപ്പോൾ വായനാപരിസരത്തോടു ചേർന്നുനില്ക്കുന്ന ആശയങ്ങളുടെ 'മാത്രം' ലോകത്തിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസും അതിനു വേണ്ട അൾഗോരിതവും നമ്മെ നയിക്കുന്നു.  പ്രോ​ഗ്രാം ചെയ്ത കോഡുകൾ ഭരിക്കുന്ന കോർപ്പറേറ്റ് കച്ചവടക്കാരുടെ കരങ്ങളിൽ തലച്ചോറ് പണയം വെയ്ക്കേണ്ടുന്ന വെബ് ബ്രൗസറുകളും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുമാണ് നമുക്കു മുന്നിലുള്ളത്. അതുകൊണ്ടാണല്ലോ ​ഗൂ​ഗിൽ സെർച്ച് എൻജിനുകൾ ഓരോരുത്തർക്കും ഓരേ കാര്യത്തിന് അവരവരുടെ അഭിരുചികൾക്കനുസരിച്ച് വ്യത്യസ്ത റിസൾട്ടുകൾ നല്കുന്നത്. അതുതന്നെയാണല്ലോ നമ്മൾ ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് വെബ്സൈറ്റുകളിൽ അന്വേഷിച്ച വിഷയങ്ങൾ, കച്ചവട-പരസ്യങ്ങളായി സോഷ്യൽ മീ‍ഡിയകളിലെ ഫീ‍ഡുകളിൽ പോപ് അപ് ചെയ്തുവരുന്നത്. മുഖ്യധാരാ മാധ്യമങ്ങൾവരെ ഈ സോഷ്യൽ മീഡിയ ട്രന്റിം​ഗിനനുസരിച്ചാണ് ചർച്ചാവിഷയങ്ങൾ ക്രമപ്പെടുത്തുന്നത്. സ്വതന്ത്രമായ അറിവിന്റെ വാതായനങ്ങളല്ല വെബുലോകവും ആധുനിക വാർത്തമാധ്യമങ്ങളും നമുക്കു നല്കുന്നത് എന്നത് സുവ്യക്തമാണ്. 

ഓരോരുത്തരും എന്ത് വായിക്കണമെന്നും എന്ത് തിരഞ്ഞെടുക്കണമെന്നുള്ളതെല്ലാം മാധ്യമങ്ങളാണിന്ന് മനുഷ്യന് നിർദ്ദേശിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ സാങ്കേതികവിദ്യകളുടെ വ്യവസ്ഥാപിതമായ നടപടിക്രമങ്ങളിൽ നിന്ന് മനുഷ്യന് വിമോചിതനാകാൻ സാധിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നവർ വളരെ ചുരുക്കമാണ്. തിരിച്ചറിഞ്ഞാൽപോലും മാധ്യമ ലോകം സൃഷ്ടിക്കുന്ന ഈ സാങ്കല്പിക ലോകത്തുനിന്ന് പുറത്തുവരാൻ മനുഷ്യന് സാധിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു നിസ്സഹായവസ്ഥയിലേയ്ക്കാണ് ഇന്ന് മാധ്യമങ്ങളും അവയുടെ കാഴ്ചപാടുകളും മനുഷ്യനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. 

ഇവിടെയാണ് പുതിയായി ഒരു വിവേചനതലം നാം തുടങ്ങേണ്ടത്. മാധ്യമങ്ങളേയും മാധ്യമ ലോകത്തിന്റെ കാഴ്ചപാടുകളേയും മാധ്യമ സംസ്കാരത്തേയും മാധ്യമങ്ങൾ നല്കുന്ന അനന്തസാധ്യതകളേയും മാറ്റി വെച്ചിട്ട് പഴയ പുസ്തക താളുകളുടെ ലോകത്തിലേക്കും ​ഗുരുകുലത്തിലേക്കും ഇനിയൊരു മടക്കയാത്ര അത്ര എളുപ്പമല്ല. ഇവിടെ നമുക്കനിവാര്യമായത് മാധ്യമ സാക്ഷരതയും വിവേചനവും തിരിച്ചറിവുമാണ്. 

മാധ്യമങ്ങളിലൂടെ ലഭിക്കുന്നത് മുഴുവൻ സത്യമാണെന്നുള്ള രീതിയിൽ എല്ലാറ്റിനെയും ആവേശത്തോടെ പുല്കുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ പലപ്പോഴും നമ്മൾ അസത്യങ്ങൾ വിശ്വസിക്കുന്നവരും അത് പ്രചരിപ്പിക്കുന്നവരുമാകുന്നു. ഇങ്ങനെയുള്ള അസത്യ പ്രചരണത്തിൽ നഷ്ടമാകുന്നത് പരമ്പരാ​ഗതമായി സഭയും സമൂഹവും പാലിച്ചുപോന്ന മൂല്യങ്ങളാണ്. കുടുംബം, സമൂഹം, രാഷ്ട്രം, സംസ്കാരം, പൗരബോധം എന്നിവയെക്കുറിച്ച് നാളിതുവരെ പുലർത്തിപോന്ന മൂല്യസങ്കല്പങ്ങളെ അട്ടിമറിക്കത്തക്കവിധമുള്ള ആസൂത്രിതമായ ആശയങ്ങൾ സ്വീകാര്യമാകുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന കാലഘട്ടമാണിത്. നാം അനുഭവിക്കുന്ന ഇത്തരം മൂല്യശോഷണത്തെക്കുറിച്ച് അവബോധമുള്ളവരാണെങ്കിൽ മാത്രമേ, പഴയ സംസ്കൃതിയുടെ കണ്ണുകളിൽ നിന്നുകൊണ്ട് ഈ പുതിയ മാറ്റങ്ങളെ തിരിച്ചറിയാൻ നമുക്കു സാധിക്കുകയുള്ളു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പുതിയ ക്രമങ്ങളെ വിവേചിച്ചറിയാനുള്ള കഴിവു നഷ്ടപ്പെടുന്ന തലമുറയാണ് എല്ലാറ്റിനെയും സത്യമെന്ന് കരുതി ദ്രുത​ഗതിയിൽ നടപടികൾ സ്വീകരിക്കുകയും അവയെ പ്രചരിപ്പിക്കാനുള്ള ക്രമീകരണങ്ങളുടെ ഭാ​ഗമാവുകയും ചെയ്യുന്നത്. ഈ കുത്തൊഴുക്കിൽ ശിഥിലമാക്കപ്പെടുന്ന സംവിധാനങ്ങൾ നിരവധിയാണ്. മനുഷ്യജീവൻ, കുടുംബബന്ധങ്ങൾ, ധാർമ്മിക ബോധ്യങ്ങൾ, പൗരബോധം, വ്യക്തി സ്വാതന്ത്ര്യം, മതവിശ്വാസങ്ങൾ തുടങ്ങിയ സംവിധാനങ്ങളിൽ ഉൾചേർന്നിരിക്കുന്ന മൂല്യബോധങ്ങളെ ഇന്ന് നിരന്തരമായ മാധ്യമവിശകലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.  ഇവിടെ ഒരു തിരിച്ചറിവിലേക്കും ഒരു തിരിച്ചുപോക്കിലേക്കും നമ്മൾ എത്തിചേർന്നേ പറ്റൂ. 

മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം കൃത്രിമ സംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണ് സഭയും സഭ നല്കിയിട്ടുള്ള സംഭാവനകളും തമസ്ക്കരിക്കപ്പെടുന്നത്. സഭയുടെ നിലപാടുകൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതും വിമർശന വിധേയമാക്കപ്പെടുന്നതുമെല്ലാം ഇത്തരത്തിൽ നാം മനസ്സിലാക്കേണ്ടതാണ്. മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ആസൂത്രിതമായി ചമക്കുന്ന വാർത്തകളും കാഴ്ചപ്പാടുകളുമല്ല സഭയുടെ കാഴ്ചപ്പാടും സ്വഭാവവുമായി നാം മനസ്സിലാക്കേണ്ടത്. യഥാർത്ഥമായ സത്യത്തെ തിരിച്ചറിയാൻ പരമ്പരാ​ഗതമായ മൂല്യങ്ങൾ കൈവിടാതെതന്നെ ആ സത്യത്തെ അന്വേഷിക്കുകയും വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കികാണുകയും വേണം. വ്യക്തിപരമായ ദൈവാനുഭവങ്ങളിലേക്ക് ആന്തര നയനങ്ങൾ തുറന്നിടുകയും ആത്മീയ വെളിച്ചം സ്വീകരിക്കുകയും ചെയ്യുന്നവർക്കുമാത്രമേ, മാധ്യമങ്ങളും സാമൂഹ്യമാധ്യമ പരിസരവും നമുക്കുമുമ്പിൽ തുറന്നിടുന്ന കപടസംസ്ക്കാരങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു.

ഫാ. അലക്സ് ഓണംപള്ളി
ചീഫ് എഡിറ്റര്‍, സീറോമലബാര്‍ വിഷന്‍