പാപ്പാ:പ്രവാചക സാന്നിദ്ധ്യവുമായി “വിശ്വാസവും വെളിച്ചവും” !

സകലരും, പ്രത്യേകിച്ച്, ഏറ്റവും ചെറിയവരും, ഏറ്റം വേധ്യരും ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്നും അവർക്ക് സഭയിലും ലോകത്തിലും സ്ഥാനമുണ്ടെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന സ്നേഹത്തിൻറെയും സ്വാഗതം ചെയ്യലിൻറെയും സന്ദേശം പരത്തുന്ന അന്താരഷ്ട്ര പ്രസ്ഥാനമാണ് “വിശ്വാസവും വെളിച്ചവും” എന്ന് മാർപ്പാപ്പാ.

പാപ്പാ:പ്രവാചക സാന്നിദ്ധ്യവുമായി “വിശ്വാസവും വെളിച്ചവും” !

ഏറ്റവും ദുർബ്ബലർ വലിച്ചെറിയപ്പെടുകയും പാഴ്വസ്തുവായി കണക്കാക്കപ്പെടുകയും ചെയ്യുമ്പോൾ “വിശ്വാസവും വെളിച്ചവും” (Foi et Lumière- ഫൊയ് ഏ ലുമിയേ) എന്ന പ്രസ്ഥാനത്തിൻറെ സാന്നിദ്ധ്യം പ്രവചനപരമാണെന്ന് മാർപ്പാപ്പാ.

ബുദ്ധിമാന്ദ്യമുള്ളവരെയും അവരുടെ കുടുംബങ്ങളെയും സഭയിലും സമൂഹത്തിലും അവർക്കുള്ള സ്ഥാനം കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി 1971-ലെ ഉത്ഥാനത്തിരുന്നാളിൽ ഫ്രാൻസിലെ ലൂർദ്ദിൽ ജന്മംകൊണ്ട ഈ പ്രസ്ഥാനത്തിൻറെ അമ്പതാം  വാർഷികത്തോടനുബന്ധിച്ച് ഈ ശനിയാഴ്ച (02/10/21) അതിലെ അംഗങ്ങളുടെ അമ്പതോളം പേരടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വലിച്ചെറിയൽ സംസ്കാരത്തിനെതിരെ പോരാടുന്നതിനും വൈവിധ്യം ഒരു സമ്പന്നതയാണെന്നും അതൊരിക്കലും പുറന്തള്ളലിനും വിവേചനത്തിനും കാരണമാകരുതെന്നും ഓർമ്മിപ്പിക്കുന്നതിനും ഈ പ്രവാചകത്വം ഇന്ന് സുപ്രധാനമാണെന്ന് പാപ്പാ പ്രസ്താവിച്ചു. സകലരും, പ്രത്യേകിച്ച്, ഏറ്റവും ചെറിയവരും, ഏറ്റം വേധ്യരും ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്നും അവർക്ക് സഭയിലും ലോകത്തിലും സ്ഥാനമുണ്ടെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന സ്നേഹത്തിൻറെയും സ്വാഗതം ചെയ്യലിൻറെയും സന്ദേശം പരത്തിക്കൊണ്ട് ഈ പ്രസ്ഥാനം പഞ്ചഭൂഖണ്ഡങ്ങളിലെയും അനേകം നാടുകളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത് പാപ്പാ അനുസ്മരിച്ചു. ഈ സന്ദേശം സുവിശേഷത്തിൻറെ ഹൃദയമാണെന്ന് പാപ്പാ പറഞ്ഞു.