പോപ് ജോണ്‍പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം

പോപ് ജോണ്‍പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം

പോപ് ജോണ്‍പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം

കോഴിക്കോട് : താമരശ്ശേരി രൂപതയ്ക്ക് കീഴില്‍ മാനസികാരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന പോപ് ജോണ്‍ പോള്‍ 2 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിങ് ആന്റ് സൈക്കോ തെറാപ്പി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്നു നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിന്റെ ആദ്യ നിലയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവ് നിര്‍വഹിച്ചു. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തിയ ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, രൂപത ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. മനോജ് കൊല്ലംപറമ്പില്‍, ഫാ. സായി പാറന്‍കുളങ്ങര, ഫാ. രഞ്ജിത്ത് ചക്കുംമൂട്ടില്‍, ഫാ. ലിവിന്‍ ചിറത്തലയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കൗണ്‍സലിങ് രംഗത്ത് മികച്ച സേവനം നല്‍കുന്നതിനും പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനുമായി താമരശ്ശേരി രൂപതയ്ക്ക് കീഴില്‍ ആരംഭിച്ച സ്ഥാപനം മേരിക്കുന്ന് കരുണാഭവന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്റെ ആശിര്‍വ്വാദത്തോടെ ഫാ. എബ്രഹാം പുളിഞ്ചുവട്ടില്‍ ആണ് രൂപത പാസ്റ്ററല്‍ സെന്ററില്‍ പരിമിതമായ സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കമിട്ടത്. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത്. 

യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള എം എസ് സി കൗണ്‍സലിങ് സൈക്കോളജി, പാസ്റ്ററല്‍ കൗണ്‍സലിങ് ഡിപ്ലോമ തുടങ്ങിയ കോഴ്‌സുകളും, കൗണ്‍സലിങ് സേവനങ്ങളും പോപ് ജോണ്‍പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി വരുന്നു. കൗമാരക്കാര്‍ക്കുള്ള ക്ലാസുകള്‍, ദാമ്പത്യ പരിപോഷണ ശില്‍പശാലകള്‍, വിവാഹ ഒരുക്ക ക്ലാസുകള്‍ തുടങ്ങിയവയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഫാ. കുര്യന്‍ പുരമഠമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍.   

ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ കോഴ്‌സുകളിലായി ഇവിടെ പഠനം പൂര്‍ത്തിയാക്കിയത്. വിദഗ്ധരും കൗണ്‍സലിങ് രംഗത്ത് ദീര്‍ഘ നാളത്തെ പരിചയവുമുള്ള അധ്യാപകര്‍, ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്ന അധ്യാപനം, മികച്ച ലൈബ്രറി എന്നിവ ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്.