മലയോര കര്‍ഷകരെ സംരക്ഷിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍  സര്‍ക്കാര്‍ നടപ്പിലാക്കണം മാര്‍ പോളി കണ്ണൂക്കാടന്‍ 

മലയോര കര്‍ഷകരെ സംരക്ഷിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം മാര്‍ പോളി കണ്ണൂക്കാടന്‍

മലയോര കര്‍ഷകരെ സംരക്ഷിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍  സര്‍ക്കാര്‍ നടപ്പിലാക്കണം മാര്‍ പോളി കണ്ണൂക്കാടന്‍ 

ഇരിങ്ങാലക്കുട: പ്രളയവും കോവിഡും തീര്‍ത്ത ദുരിതങ്ങളില്‍ പെട്ട് ഉഴലുന്ന മലയോര കര്‍ഷകര്‍ക്ക് ദീര്‍ഘകാല സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. നാല്‍പ്പത്തി നാലാം രൂപതാ ദിനാഘോഷത്തിന്റെ ഭാഗമായി അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരുന്നു പിതാവ്. സെപ്റ്റംബര്‍ പത്താം തീയതി രാവിലെ 10.30 ന് ക്ഷണിക്കപ്പെട്ട നിയന്ത്രിത പ്രതിനിധികളോടൊപ്പമാണ് പിതാവ് ദിവ്യബലി അര്‍പ്പിച്ചത്. രൂപതയിലെ വികാരി ജനറല്‍മാര്‍, മേഖലാ ഫോറോന വികാരിമാര്‍, സമര്‍പ്പിത സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, ഭക്തസംഘടനകളുടെ പ്രസിഡന്റുമാര്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട മറ്റ് അല്മായ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

1978 സെപ്റ്റംബര്‍ പത്താം തിയതിയാണ് ഇരിങ്ങാലക്കുട രൂപത സ്ഥാപിക്കപ്പെട്ടത്. പ്രാരംഭ കാലഘട്ടത്തില്‍ ദൈവപരിപാലനയില്‍ ആശ്രയിച്ച് 32 വര്‍ഷക്കാലം ദീര്‍ഘവീക്ഷണത്തോടെ രൂപതയെ  നയിച്ച പ്രഥമ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിനെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. രൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹ്യ സേവന മേഖലകളിലെ ശുശ്രൂഷകള്‍ വഴി ആയിരങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മ്മപ്പെടുത്തി. 

ആത്മഹത്യ പ്രതിരോധ ദിനമായ ഈ ദിനത്തില്‍ മരണ സംസ്‌കാരമല്ല ജീവന്റെ സംസ്‌കാരമാണ് നാം പ്രചരിപ്പിക്കേത്. കുടുംബങ്ങളില്‍ കുറഞ്ഞുവരുന്ന കുഞ്ഞുങ്ങളുടെ ജനനനിരക്ക് ആശങ്കയുണര്‍ത്തുന്നു. ഒരു കുടുംബത്തില്‍ 4 മക്കളെങ്കിലും വളര്‍ന്നുവരാനുള്ള സാഹചര്യം യുവ ദമ്പതിമാര്‍ തീരുമാനിക്കണം. ആ കുടുംബങ്ങളെ സഹായിക്കാന്‍ പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്‌റ് പ്രവര്‍ത്തിച്ചു വരുന്ന കാര്യവും പിതാവ് സൂചിപ്പിച്ചു. സമൂഹത്തെ അപകടത്തിലേക്ക് നയിക്കുന്ന ലൗ-ജിഹാദ്, ലഹരി-ജിഹാദ്  പോലെയുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ക്കെതിരെ മാതാപിതാക്കളും സമൂഹവും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്‌ബോധിപ്പിച്ചു. 

കൂട്ടായ്മയാണ് ഇരിങ്ങാലക്കുട രൂപതയുടെ കരുത്തെന്നും ഈ കൂട്ടായ്മ എന്നും കാത്തു സൂക്ഷിക്കണമെന്നും പ്രസംഗത്തിനിടെ പിതാവ് സൂചിപ്പിച്ചു. രൂപതയില്‍ നിന്ന് സമര്‍പ്പിത ജീവിതത്തിലേക്ക് ദൈവവിളി സ്വീകരിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ ഡയറക്ടറിയും രൂപതാ ദിനത്തില്‍ പ്രകാശനം ചെയ്തു. കത്തീഡ്രല്‍ ഇടവക പള്ളിയുടെ നേതൃത്വത്തില്‍ പുതിയ ആലാപന രീതിയില്‍, 43 ഗായകര്‍ കൃതജ്ഞതാ സ്‌തോത്രം പാടുന്ന വീഡിയോയുടെ പ്രകാശനവും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.