അഗതികളുടെ  സഹോദരിമാരുടെ സാമൂഹ്യസേവന  പ്രവർത്തനങ്ങൾ സഹായഗിരി ഹെൽത്ത്  കെയർ സൊസൈറ്റിയിലൂടെ 

അഗതികളുടെ  സഹോദരിമാരുടെ സാമൂഹ്യസേവന  പ്രവർത്തനങ്ങൾ സഹായഗിരി ഹെൽത്ത്  കെയർ സൊസൈറ്റിയിലൂടെ 

തൊടുപുഴ: എസ് ഡി സെന്റ് വിൻസെന്റ് പ്രോവിൻസിന്റെ ജീവകാരുണ്യ  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സാമൂഹ്യ സേവന വിഭാഗമായ സഹായഗിരി ഹെൽത്ത് കെയർ സൊസൈറ്റി വഴിയാണ്. കോതമംഗം, ഇടുക്കി, തലശ്ശേരി, താമരശ്ശേരി 
രൂപതകളിലായി പ്രോവിൻസിന്റെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു.  ആദിവാസി മേഖലകൾ, നിർധനരായ സ്ത്രീകൾ, വിധവകൾ, കുട്ടികൾ, വികലാംഗർ, വൃദ്ധ മാതാപിതാക്കൾ, മാനസികരോഗികൾ, മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടവർ, തടവറയിൽ കഴിയുന്നവർ, നീതി നിഷേധിക്കപ്പെട്ടവർ എന്നിവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തനം.

 കൗണ്‍സലിംഗ്, ലീഗൽ സർവീസ്, സ്വയം സഹായ സംഘങ്ങൾ, ബോധവൽക്കരണ പരിപാടികൾ, ഭവന സന്ദർശനം, സ്വയം തൊഴിൽ പരിശീലനം,  എന്നിവയും  വിവിധ സർക്കാർ, സർക്കാരിതര ഏജൻസികൾ വഴി  വിദ്യാഭ്യാസ, വിവാഹ, ഭവന, 
ചികിത്സാ സഹായ പദ്ധതികളും സൊസൈറ്റിയിലൂടെ ലഭ്യമാക്കി വരുന്നു.

പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ജിസാറാണിയുടേയും, സോഷ്യൽ അപ്പോസ്റ്റലേറ്റ് കൗണ്‍സിലർ സിസ്റ്റർ
ജസ്റ്റിമരിയയുടെയും നേതൃത്വത്തിലാണ്  സഹായഗിരിയുടെ പ്രവർത്തനങ്ങൾ
മുന്നോട്ടു പോകുന്നത്. സഹോദരിമാരും 
സന്നദ്ധ പ്രവർത്തകരും സജീവമായി ഇവർക്കൊപ്പമുണ്ട്. 

160 സ്വയം സഹായ സംഘങ്ങൾ വഴി 2000 ത്തിൽ അധികം കുടുംബങ്ങൾക്കാണ്  അഗതികളുടെ  സഹോദരിമാർ കൈത്താങ്ങാവുന്നത്. ആത്മീയതയിലും, മൂല്യാധിഷ്ഠിത ജീവിതത്തിലും അവരെ വളർത്തുന്നതോടാപ്പം സ്വയം പര്യാപ്തതയിലേയ്ക്ക് എത്തിക്കാൻ വിവിധ സ്വയം തൊഴിൽ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഓട്ടോറിക്ഷ തൊഴിലാളികളുടെ ഉന്നമനത്തിനായി "സാരഥി" എന്ന സ്വയം സഹായ സംഘം രൂപികരിച്ച്  പ്രവർത്തിച്ചു വരുന്നു.

കോവിഡ് കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായകമായ ഓണ്‍ ലൈൻ ക്ലാസ്സുകൾ കുട്ടികൾക്കും
മാതാപിതാക്കൾക്കും നല്കിവരുന്നു. ചെറുകിട നാമമാത്ര കർഷകർക്കായി
വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ എന്നിവയും ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു. നിർധനരായ കുട്ടികൾക്ക് ടി വി, മൊബൈൽ ഫോൺ, മറ്റു പഠനോപകരണങ്ങൾ എന്നിവ ലഭ്യമാക്കി.  കോവിഡ് കാലത്ത് വീടുകളിലേക്ക് പലവ്യജ്ഞന കിറ്റുകളും, സഹോദരിമാരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.