സീറോമലങ്കര ഗുഡ്ഗാവ് ഭദ്രാസനാധിപൻ ബിഷപ് ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു.

സീറോമലങ്കര ഗുഡ്ഗാവ് ഭദ്രാസനാധിപൻ ബിഷപ് ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു.

സീറോമലങ്കര ഗുഡ്ഗാവ് ഭദ്രാസനാധിപൻ ബിഷപ് ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു.

ന്യൂഡൽഹി : സീറോമലങ്കര സഭ ഗുഡ്ഗാവ് ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു. 60 വയസ്സായിരുന്നു. ആഗസ്റ്റ് 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50-നായിരുന്നു അന്ത്യം.  2015 മുതൽ ഗുഡ്ഗാവ് ഭദ്രാസന അധിപനായി സേവനം ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിതനായ ശേഷം ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ മൂന്ന് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ദീർഘനാളായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ആരോഗ്യനിലയിൽ ഇടയ്ക്ക് നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് സ്ഥിതി വീണ്ടും മോശമായി. 

 2007 മാർച്ച് 22ന് സഭയുടെ ബാഹ്യകേരള ബിഷപ്പായി നിയമിതനായ അദ്ദേഹം 2015-ലാണ്  ഡൽഹി ഗുഡ്ഗാവ് ഭദ്രാസനാധിപനായി  ചുമതലയേറ്റത്. വൈദികൻ ആയിരിക്കെ ബഥനി നവജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ, പൂനെ ബഥനി ആശ്രമം സുപ്പീരിയർ, ബഥനി വിജ്ഞാപീഠം റെക്ടർ, ജനദീപ് വിദ്യാപീഠം പ്രൊഫസർ,  വിവിധ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും  പ്രതിരൂപമായിരുന്ന പിതാവ് ആയിരക്കണക്കിന് അഗതികൾക്ക് ആലംബമായിരുന്നു. ബിഷപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന പ്രചോദന സോഷ്യൽ സർവീസ് സൊസൈറ്റി  കൊറോണക്കാലത്ത് ഡൽഹിയിലെ തെരുവോരങ്ങളിലെ പതിനായിരക്കണക്കിന് മനുഷ്യർക്ക്  ഭക്ഷണം നൽകിയിരുന്നു. "എന്റെ മക്കൾ വിശന്നു കരയുമ്പോൾ എനിക്ക് ഭക്ഷണം ഇറങ്ങില്ല" എന്നു പറഞ്ഞ കരുതലിൻ്റെ പിതാവായിരുന്നു അദ്ദേഹം. തെരുവിൽ കഴിയുന്നവർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയും 2010 മുതൽ ഡോ. ജേക്കബ് മാർ ബർണബാസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

 പത്തനംതിട്ട റാന്നി കരിങ്കുളത്ത് ഗീവർഗീസ് -റേച്ചൽ  ദമ്പതികളുടെ എട്ടുമക്കളിൽ മൂത്തമകനായി 1960 ഡിസംബർ മൂന്നിനാണ് ബിഷപ് ജേക്കബ് മാർ ബർണബാസ് ജനിച്ചത്. 1986 ഒക്ടോബർ രണ്ടിന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു. വൈദികനായ ശേഷം റോമിൽ ഉന്നത പഠനം പൂർത്തിയാക്കി.