ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക ദിനം ആഘോഷിച്ചു

ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക ദിനം ആഘോഷിച്ചു

മലയാറ്റൂര്‍/ താമരശ്ശേരി: ദിവ്യകാരുണ്യ മിഷനറി സഭ (MCBS) യുടെ എണ്‍പത്തിയെട്ടാം സഭാ സ്ഥാപകദിനം മെയ് 7-ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സഭയുടെ എല്ലാ ഭവനങ്ങളിലും ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് പതിനേഴ് സഹോദരങ്ങള്‍ സഭാവസ്ത്രം സ്വീകരിക്കുകയും മറ്റ് പതിനേഴ് സഹോദരങ്ങള്‍ നിത്യവ്രതവാഗ്ദാനം നടത്തുകയും ചെയ്തു.

സഭാ സ്ഥാപകരായ പെരിയ ബഹു. മാത്യു ആലക്കളത്തിലച്ചന്‍റെയും ജോസഫ് പറേടത്തിലച്ചന്‍റെയും സാന്നിധ്യത്തില്‍ 1933 മെയ് 7-ന് കോട്ടയം ജില്ലയിലെ മല്ലപ്പള്ളിയില്‍ വച്ച് ചങ്ങനാശ്ശേരി രൂപതയുടെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ ജെയിംസ് കാളാശ്ശേരി പിതാവിന്‍റെ ആശീര്‍വാദത്തോടെയാണ് ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന് ആരംഭം കുറിച്ചത്. എണ്‍പത്തിയെട്ടു വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ സന്യസസമൂഹം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 

ഈ പുണ്യദിനത്തിന്‍റെ സ്മരണയില്‍ മെയ്  6-ന്  മലയാറ്റൂര്‍ ഇല്ലിത്തോട് സന്നിധാന ആശ്രമത്തില്‍ വച്ച് പതിനേഴ് സഹോദരങ്ങള്‍ സഭാവസ്ത്രം സ്വീകരിച്ചു. ദിവ്യകാരുണ്യ മിഷനറി സഭയുടെ സുപ്പീരിയര്‍ ജനറല്‍ ബഹു. ജോസഫ് മലേപറമ്പിലച്ചന്‍, കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ സുപ്പീരിയര്‍ ബഹു. ഡോമിനിക്ക് മുണ്ടാട്ടച്ചന്‍, കോഴ്സ് ഡയറക്ടര്‍ തോമസ് പോള്‍ ഇലയിടത്തുമഠത്തിലച്ചന്‍, ജനറല്‍ കൗണ്‍സിലര്‍ കുര്യാക്കോസ് മൂഞ്ഞേലിയച്ചന്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് സഭാവസ്ത്രസ്വീകരണം നടത്തപ്പെട്ടത്.

സഭാ സ്ഥാപകദിനമായ മെയ് 7-ന് താമരശ്ശേരി സനാതന മേജര്‍ സെമിനാരിയില്‍ വെച്ച് പതിനേഴ് സഹോദരങ്ങള്‍ നിത്യവ്രതവാഗ്ദാനം നടത്തി. ദിവ്യകാരുണ്യ മിഷനറി സഭയുടെ സുപ്പീരിയര്‍ ജനറല്‍ ബഹു. ജോസഫ് മലേപറമ്പിലച്ചന്‍, കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ സുപ്പീരിയര്‍ ബഹു. ഡോമിനിക്ക് മുണ്ടാട്ടച്ചന്‍, കോഴിക്കോട് സീയോണ്‍ പ്രവിശ്യയുടെ സുപ്പീരിയര്‍ ബഹു. ജോസഫ് തോട്ടാങ്കരയച്ചന്‍, കോഴ്സ് ഡയറക്ടര്‍ പോള്‍ കുഞ്ഞാനയിലച്ചന്‍, സനാതന സെമിനാരി റെക്ടര്‍ ബഹു. മാത്യു ഓലിക്കലച്ചന്‍ തുടങ്ങിയവരുടെ സാന്നിധ്യം തിരുകര്‍മ്മങ്ങളില്‍ ഉണ്ടായിരുന്നു.