ഐ സി ചാക്കോ അവാർഡ് ജോൺ കച്ചിറമറ്റത്തിന്

ഐ സി ചാക്കോ അവാർഡ് ജോൺ കച്ചിറമറ്റത്തിന്

ചങ്ങനാശ്ശേരി: ഷെവലിയർ ഐ സി ചാക്കോയുടെ സ്മരണാർത്ഥം ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയ അവാർഡിന് പ്രശസ്ത ചരിത്രകാരനും സമുദായ സംഘടനാ നേതാവുമായ ജോൺ കച്ചിറമറ്റം അർഹനായി.  25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.

സമുദായ -ചരിത്ര -സാമൂഹിക- സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രശസ്ത ചരിത്രകാരൻ കൂടിയായ ജോൺ കച്ചിറമറ്റം, ക്രൈസ്തവ സമുദായ സംഘടനാ നേതാവ് എന്ന നിലയിൽ സംസ്ഥാന തലത്തിലും, ദേശീയ തലത്തിലും ഏറെക്കാലം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.  അധ്യാപകനായിരുന്ന അദ്ദേഹം ഭക്തസംഘടനകളിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്നത്.

ബിഷപ്പ് മാർ തോമസ് തറയിൽ, പ്രൊഫ. ഡോ. റൂബിൾ രാജ്, റവ. ഫാ. ജോസഫ് പനക്കേഴം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി നിർദ്ദേശിച്ച വ്യക്തികളിൽനിന്നും അതിരൂപതാ കൂരിയാ ആണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 

ഐ സി ചാക്കോയുടെ പേരിലുള്ള പുരസ്കാരം നാല് വർഷത്തിലൊരിക്കലാണ്  നൽകി വരുന്നത്. ചങ്ങനാശ്ശേരി അതിരൂപതാംഗവും പുളിങ്കുന്ന് സ്വദേശിയുമായിരുന്ന ഷെവലിയർ ഐ സി ചാക്കോ ബഹുഭാഷാ പണ്ഡിതനും, ഉത്തമ സഭാസ്നേഹിയും ആയിരുന്നു.  ഭൂഗർഭ ശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, നിരൂപകൻ, ചരിത്രകാരൻ, ഭരണകർത്താവ് തുടങ്ങി നിരവധി മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു.

ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം  പിതാവ് ജോൺ കച്ചിറമറ്റത്തിന് പുരസ്കാരം സമ്മാനിക്കുമെന്ന് പിആർഒ
അഡ്വ ജോജി ചിറയിൽ, ഡയറക്ടർ  ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ അറിയിച്ചു.