എഡിറ്റോറിയൽ - July 2021

ഐക്യമെന്നത് സഭയുടെ ജീവനാഡിയാണ്. താനും പിതാവും ഒന്നായിരിക്കുന്നതുപോലെ തന്നില്‍ വിശ്വസിക്കുന്നവരും ഒന്നായിരിക്കുന്നതിനു വേണ്ടി ഈശോ പ്രാര്‍ത്ഥിച്ചു (യോഹ 17:11). ഈ ഐക്യം ജീവിക്കുന്നിടത്താണല്ലോ സ്നേഹത്തിന്‍റെ സാക്ഷ്യത്തിന് പ്രസക്തിയുണ്ടാകുന്നത്.

എഡിറ്റോറിയൽ - July 2021

ഐക്യം സഭയുടെ ജീവനാഡി

സീറോമലബാര്‍ സഭയുടെ ആരാധനക്രമാനുഷ്ഠാന രീതികള്‍ പരിശോധിച്ചാല്‍ സ്ഥലകാല സാഹചര്യമനുസരിച്ച് വിവിധ രൂപതകളില്‍ വ്യത്യസ്ത രീതികള്‍ അവലംബിച്ചിട്ടുള്ളതായി കാണാം. പൗരസ്ത്യ സഭകളുടെ ഗണത്തില്‍പെടുന്ന സീറോമലബാര്‍ സഭയ്ക്ക് പൗരസ്ത്യ സഭകളുടെ പരമ്പരാഗതമായ ഭരണ സംവിധാനത്തിന്‍റെ ഭാഗമായുള്ള പൊതുതലവനും മെത്രാന്‍ സിനഡും ഉദയംപേരൂര്‍ സിനഡോടുകൂടി ഇല്ലാതായപ്പോള്‍ ആരാധനാക്രമം പോലെയുള്ള പൊതുകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംവി ധാനമില്ലാതായി എന്നതാണ് അതിനു കാരണം. ഈ ദു:സ്ഥിതി 1992 വരെ നീണ്ടുനിന്നു. അങ്ങനെ ആ വ്യത്യാസങ്ങള്‍ നമ്മുടെ രൂപതകളില്‍ രൂഢമൂലമായി. ആ സ്ഥിതിയില്‍ നിന്ന് പുറത്തുകടന്ന് ഒരു പൊതു രീതിയിലേക്ക് വരുവാനുള്ള ആഹ്വാനമാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പൗരസ്ത്യ സഭകള്‍ക്കായുള്ള രേഖയില്‍ പറഞ്ഞുവച്ചത്. ചരിത്രത്തില്‍ ഇങ്ങനെ സംഭവിച്ചത് ആരുടെയും കുറ്റമായി വ്യാഖ്യാനിക്കുന്നതില്‍ നന്മയില്ല. എങ്കിലും ഇന്നത്തെ വ്യത്യസ്തമായ രീതികള്‍ സഭയിലും പൊതുസമൂഹത്തിലും വലിയ ഉതപ്പിന് കാരണമാകുന്നുണ്ട് എന്നതൊരു വസ്തുതയാണ്. 

സീറോമലബാര്‍ സഭയില്‍ വി. കുര്‍ബാനയര്‍പ്പണം ഏകീകരിക്കാനുള്ള പരിശ്രമങ്ങളുടെ ഫലമായി 1999ലെ സിനഡില്‍ സീറോമലബാര്‍ സഭയുടെ വി. കുര്‍ബാനയര്‍പ്പണത്തിനുള്ള ഒരു ഏകീകൃതരൂപം സിനഡ് പിതാക്കന്‍മാര്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ സഭാ സിനഡ് നിര്‍ദേശിച്ച ഏകീകരിച്ച ആരാധനാക്രമം പല രൂപതകളിലും പാലിക്കപ്പെട്ടില്ല. പല കാരണങ്ങളാല്‍ അത് നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല. പിന്നീടും ഐക്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു. 1989ലെ വി. കുര്‍ബാന തക്സയുടെ പരിഷ്കരണം ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു ആവശ്യമായിരുന്നു. അത് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു. വി. കുര്‍ബാനയുടെ പരിഷ്കരിച്ച ക്രമം അംഗീകരിച്ചതിനോടനുബന്ധിച്ച് പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ കത്ത്, അവശ്യം നടപ്പിലാക്കേണ്ട ആരാധനാക്രമ ഐക്യത്തിനുള്ള ആഹ്വാനവും ഓര്‍മ്മപ്പെടുത്തലും മുന്നറിയിപ്പുമാണ്. 

ഐക്യമെന്നത് സഭയുടെ ജീവനാഡിയാണ്. താനും പിതാവും ഒന്നായിരിക്കുന്നതുപോലെ തന്നില്‍ വിശ്വസിക്കുന്നവരും ഒന്നായിരിക്കുന്നതിനു വേണ്ടി ഈശോ പ്രാര്‍ത്ഥിച്ചു (യോഹ 17:11). ഈ ഐക്യം ജീവിക്കുന്നിടത്താണല്ലോ സ്നേഹത്തിന്‍റെ സാക്ഷ്യത്തിന് പ്രസക്തിയുണ്ടാകുന്നത്. ഭിന്നത ദൈവീകമല്ല എന്ന തിരിച്ചറിവ് നമ്മുടെ ചിന്തകളെ നയിക്കട്ടെ. ഐക്യത്തിനുവേണ്ടി നിലപാടെടുക്കാനുള്ള ചരിത്രപരമായ നിയോഗമാണ് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഓരോ സീറോമലബാര്‍ വിശ്വാസിയുടെയും മുമ്പിലുള്ളത്. അന്തഃഛിദ്രമുള്ള രാജ്യത്തിന് നിലനില്പില്ലെന്ന് ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

നയപരമായ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം സഭയുടെ ആദ്യകാലം മുതലേ ഉണ്ടായിരുന്നു. ജറുസലേം കൗണ്‍സില്‍ തന്നെ ഇതിനു വേദിയായി. എന്നാല്‍ സ്വന്തം നിലപാടുകളുടെ കാര്‍ക്കശ്യത്തില്‍നിന്ന് സഭയുടെ വളര്‍ച്ചയും നന്മയും ലക്ഷ്യമാക്കി പൊതുതീരുമാനം നടപ്പിലാക്കാനുള്ള ഹൃദയവിശാലതയോടെ സഭാമക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് സഭയുടെ അനുകരണീയ പാരമ്പര്യം. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്ക്കുമ്പോഴും സഭാനേതൃത്വത്തിന്‍റെ തീരുമാനങ്ങളോട് വിധേയപ്പെട്ട് ജീവിച്ചപ്പോഴാണ് സഭയിലെന്നും നന്മ ഉണ്ടായിട്ടുള്ളത്. ഈ നന്മ സഭയിലെന്നും തുടരുവാന്‍ സഭയുടെ എല്ലാ തലങ്ങളിലും ഐക്യമുണ്ടാകണം. ആരാധനാക്രമത്തിലെ ഐക്യം അതിലേയ്ക്കുള്ള നാഴികകല്ലായി കണക്കാക്കാം. അതിനായി പ്രവര്‍ത്തിക്കാന്‍, സ്വന്തം താല്‍പര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട്, പരിശുദ്ധ പിതാവും പൗരസ്ത്യ തിരുസംഘവും സീറോമലബാര്‍ സഭാസിനഡും നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുവാന്‍ നമ്മള്‍ തയ്യാറാകേണ്ടതുണ്ട്.  'എന്‍റെയും' 'ഞങ്ങളുടെയും' എന്ന ചിന്താരീതികള്‍ക്കു പകരം സഭയുടെ പൊതുനന്മ കാംക്ഷിക്കുന്നവരാകണം നാം. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം കൈപ്പടയില്‍ ഒപ്പുവെച്ച് എഴുതിയിരിക്കുന്ന കത്ത് അനുസരണയോടും എളിമയോടും വിധേയത്വത്തോടുംകൂടി സ്വീകരിക്കുമ്പോള്‍, അത് ഐക്യത്തിലേയ്ക്കുള്ള നിര്‍ണ്ണായകമായ ചുവടുവയ്പ്പാകുമെന്നുറപ്പാണ്. സഭക്ക് നന്മ പ്രദാനം ചെയ്യാനും സുവിശേഷമൂല്യങ്ങള്‍ക്ക് സവിശേഷമായ രീതിയില്‍ സാക്ഷ്യം വഹിക്കാനും ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും - മെത്രാന്‍മാര്‍ക്കും, വൈദികര്‍ക്കും, അല്മായര്‍ക്കും - കടമയുണ്ട്. ഈ ഐക്യം കൈവരിക്കുന്നതിലൂടെ സഭയില്‍ സുവിശേഷം കൂടുതല്‍ ഫലപ്രദമായി പ്രഘോഷിക്കപ്പെടുവാനിടവരട്ടെ. 

ബലിവേദിയിലെ ഐക്യം സഭയുടെ ഐക്യമാണ്. സഭയുടെ ബലിവേദികളില്‍ അര്‍പ്പിക്കപ്പെടുന്ന ഐക്യത്തിന്‍റെ ഈ കൂദാശ നമ്മുടെ സഭയ്ക്ക് കൂടുതല്‍ ഊര്‍ജ്ജവും ശക്തിയും പകരും. ഈ കാലഘട്ടത്തിന് നമ്മള്‍ സമ്മാനിക്കേണ്ട ഉദാത്തമായ ബോധ്യമാണിത്. അത് നമ്മുടെ സാമുദായിക മുന്നേറ്റങ്ങള്‍ക്ക് പുരോഗമനപരമായ ദിശാബോധം നല്കുമെന്നത് നിസ്സ്തര്‍ക്കമാണ്. ഐക്യത്തില്‍ ശക്തിപ്പെടേണ്ട സഭാസമൂഹമെന്ന ലക്ഷ്യത്തിലേക്ക് പ്രവേശിക്കാന്‍ തടസ്സംനില്ക്കുന്ന സാഹചര്യങ്ങളെ ക്രിസ്തുവില്‍ വിളങ്ങിയിരുന്ന സവിശേഷമായ സ്നേഹഭാവത്തോടെ ചേര്‍ത്തുപിടിച്ചുകൊണ്ട് ആത്മീയമായി ശക്തി സംഭരിക്കുവാന്‍ നാം തയ്യാറാകണം. 2021 ആഗസ്ററ് 16ന് ആരംഭിക്കുന്ന സീറോമലബാര്‍ മെത്രാന്‍ സിനഡിന്‍റെ വിജയത്തിനായ് സഭാ തലവന്‍റെ ആഹ്വാനമനുസരിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം.

ഫാ. അലക്സ് ഓണംപള്ളി

ചീഫ് എഡിറ്റര്‍, സീറോമലബാര്‍ വിഷന്‍