29 വീടുകള്‍ പണിതു നല്കി തൃശ്ശൂര്‍ അതിരൂപത ദിനാഘോഷം

29 വീടുകള്‍ പണിതു നല്കി തൃശ്ശൂര്‍ അതിരൂപത ദിനാഘോഷം

29 വീടുകള്‍ പണിതു നല്കി  തൃശ്ശൂര്‍ അതിരൂപത ദിനാഘോഷം

തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരൂപത ദിനാഘോഷം ദുക്റാന തിരുനാള്‍ ദിനമായ ജൂലൈ 3ന് പൂത്തുര്‍ ഫൊറോന പള്ളിയില്‍ നടന്നു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവാണ് അതിരൂപത ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ആര്‍ച്ച്ബിഷപ്പിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയിലും തുടര്‍ന്നു നടന്ന യോഗത്തിലും വിശ്വാസികള്‍ ഓണ്‍ലൈനായി പങ്കെടുത്തു.

മഹാമാരിയാല്‍ തളര്‍ന്നിരിക്കുന്ന ജനതയ്ക്ക് ആശ്വാസവും പ്രത്യാശയും നല്‍കാന്‍ അതിരൂപത എന്നും കൂടെയുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാം ഓണ്‍ലൈന്‍ ആകുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ മനുഷ്യഹൃദയങ്ങളില്‍ നിന്ന് അകലാതെ അതിരൂപതയും ദൈവജനവും കൈക്കോര്‍ത്ത് മുന്നേറുകയാണ്. കോവിഡ് പ്രതിരോധത്തില്‍ അതിരൂപതയുടെ എല്ലാ സംവിധാനങ്ങളും സര്‍ക്കാരിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. അതിരൂപത സാമൂഹ്യസേവന വിഭാഗമായ സാന്ത്വനത്തിന്‍റെ നേതൃത്വത്തില്‍ 29 വീടുകള്‍ പണിതു നല്കിയെന്നും സാന്ത്വനം ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ കോവിഡ് മൂലം മൃതിയടഞ്ഞ 420 പേര്‍ക്ക് ക്രിസ്തീയാചാര പ്രകാരമുള്ള മൃതസംസ്കാരം നല്കുവാന്‍ സാധിച്ചുവെന്നും പിതാവ് കൂട്ടിചേര്‍ത്തു. 

റവന്യൂ മന്ത്രി കെ. രാജന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മാര്‍തോമ ക്രിസ്ത്യാനികളുടെ നിസ്തുല സംഭാവനകള്‍ കേരളജനതക്ക് മറക്കാന്‍ കഴിയില്ലെന്നും വര്‍ണ്ണ, വര്‍ഗ, ജാതി ഭേദമന്യേ എല്ലാവര്‍ക്കും അക്ഷരമൊരുക്കിയ പള്ളിക്കൂടങ്ങള്‍ മുതല്‍ കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാരെയും, മന്ത്രിമാരെയും വാര്‍ത്തെടുത്ത തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് തുടങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങളും ക്രൈസ്തവര്‍ ഈ നാടിനു നല്കിയ സംഭാവനകളുടെ ഉദാഹരങ്ങളാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. പ്രളയത്തിലും കോവിഡിലും തൃശ്ശൂര്‍ അതിരൂപത സര്‍ക്കാരിനോട് ചേര്‍ന്ന് ജനങ്ങള്‍ക്ക് അത്താണിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ ലളിതമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. നേരത്തേ രണ്ടു തവണ പുത്തൂര്‍ ഫൊറോന ദൈവാലയത്തില്‍ വച്ച് അതിരൂപതാ ദിനാഘോഷം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.

അതിരൂപത അവാര്‍ഡ് വെട്ടുകാട് ഇടവകയിലെ ജോസഫ് പുതുശ്ശേരിക്ക് സമ്മാനിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത്, സ്തുത്യര്‍ഹമായ സേവനം ചെയ്ത സാന്ത്വനം ടാസ്ക് ഫോഴ്സ്, ജൂബിലി മിഷന്‍ ആശുപത്രിയിലെ കോവിഡ് വിഭാഗം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സ് ആയ കെ. എം. റീന എന്നിവരെ പ്രത്യേകം ആദരിച്ചു. അതിരൂപതയുടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ളڔ വീഡിയോ പ്രദര്‍ശനവും നടത്തി.

വികാരി ജനറാള്‍മാരായ മോണ്‍. തോമസ് കാക്കശ്ശേരി, മോണ്‍. ജോസ് വല്ലൂരാന്‍, ഫൊറോന വികാരി ഫാ. ചാക്കോ ചെറുവത്തൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മേരി റെജിന, അതിരൂപത അവാര്‍ഡ് ജേതാവ് ജോസഫ് പുതുശ്ശേരി, പുത്തൂര്‍ സഹവികാരി ഫാ. ആന്‍റോ രായപ്പന്‍, അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക്ക് തലക്കോടന്‍, അതിരൂപത ദിനം കണ്‍വീനര്‍ ഫാ. ബാസ്റ്റിന്‍ ആലപ്പാട്ട്, ജോ. കണ്‍വീനര്‍ ജെയിംസ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.

അതിരൂപത സ്ഥാപിതമായിട്ട് 134 വര്‍ഷം പൂര്‍ത്തിയായി. 1887 മെയ് 20ന് ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ കോദ്യാം പ്രീദം എന്ന തിരുവെഴുത്ത് വഴിയാണ് മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകം പേറുന്ന തൃശ്ശൂര്‍ അതിരൂപത സ്ഥാപിതമായത്.