180 പേർക്ക് അതിരൂപത സാധ്യമാക്കിയത് കേൾവിയുടെ 'സഹൃദയ' ലോകം  

180 പേർക്ക് അതിരൂപത സാധ്യമാക്കിയത് കേൾവിയുടെ 'സഹൃദയ' ലോകം  

180 പേർക്ക് അതിരൂപത സാധ്യമാക്കിയത് കേൾവിയുടെ 'സഹൃദയ' ലോകം  

പാലാരിവട്ടം:   എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ,  ജില്ലയിലെ കേൾവി വൈകല്യമുള്ള 180 പേർക്ക് ശ്രവണ സഹായികൾ വിതരണം ചെയ്തു. കേന്ദ്ര സർക്കാരിന്റെ അസിസ്റ്റൻസ് റ്റു ഡിസേബിൾഡ് പേഴ്‌സൻസ് ഫോർ പർച്ചേസിംഗ് എയ്‌ഡ്‌സ്‌ ആൻഡ് അപ്ലയൻസസ്  പദ്ധതിയുടെ ഭാഗമായി  15,000 രൂപ വീതം വിലവരുന്ന  ശ്രവണ സഹായികളാണ് ഓരോരുത്തർക്കും വിതരണം ചെയ്തത്.

എം ജി യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച് ഇൻ ലേണിംഗ് ഡിസബിലിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പാലാരിവട്ടം സെന്റ് മാർട്ടിൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് കൊച്ചി മേയർ അഡ്വ. എം  അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് സാമൂഹ്യ വികസന, കാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാൽ സഹൃദയ ഉത്തമ മാതൃകയാണെന്ന് മേയർ പറഞ്ഞു. 

എറണാകുളം - അങ്കമാലി അതിരൂപതാ മുൻ സഹായ മെത്രാൻ മാർ തോമസ് ചക്യത്ത് പിതാവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  ഏറ്റവും പിന്നിൽ നിൽക്കുന്നവരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളാണ് ഒരു സമൂഹത്തിന്റെ യഥാർത്ഥ വികസന സൂചികയെന്ന് ചക്യത്ത് പിതാവ് ചൂണ്ടിക്കാട്ടി.

അതിരൂപതയുടെ ശതോത്തര രജതജൂബിലി സ്മാരകമായി സഹൃദയ ആരംഭിക്കുന്ന രക്തദാനത്തിനുള്ള മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം സഹൃദയ ഗുഡ് വിൽ  അംബാസഡർ കൂടിയായ സിനിമാതാരം സിജോയ് വർഗീസ് നിർവഹിച്ചു. 

എം ജി യൂണിവേഴ്‌സിറ്റി ഐ ആർ എൽ ഡി ഡയറക്ടർ ഡോ. കെ എം മുസ്തഫ, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള  മുംബൈ അലി യവർ ജംഗ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിസബിലിറ്റീസ്  മീഡിയ ഓഫിസർ ഡോ. പി ജെ മാത്യു മാർട്ടിൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ആൻസിൽ സെബാസ്റ്റ്യൻ, സഹൃദയ സ്പർശൻ കോ ഓർഡിനേറ്റർ സെലിൻ പോൾ എന്നിവർ സംസാരിച്ചു.