ഹൃദയാര്‍ദ്രതയുടെ സുവിശേഷ സാക്ഷ്യം: കാഞ്ഞിരപ്പള്ളി രൂപത

ഹൃദയാര്‍ദ്രതയുടെ സുവിശേഷ സാക്ഷ്യം: കാഞ്ഞിരപ്പള്ളി രൂപത

ഹൃദയാര്‍ദ്രതയുടെ സുവിശേഷ സാക്ഷ്യം: കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: പ്രേഷിതതീക്ഷ്ണതയാല്‍ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച ഇടയശ്രേഷ്ഠനാണ്  നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഗുരുഗ്രാം-ഡല്‍ഹി മലങ്കര രൂപതാധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കേരളത്തിനു പുറത്തുള്ള മലങ്കര വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്‌തോലിക വിസിറ്റേറ്ററായും മലങ്കര രൂപതയുടെ പ്രഥമ മേലധ്യക്ഷനായും ഇടയധര്‍മ്മം നിറവേറ്റിയ അഭിവന്ദ്യ ജേക്കബ് മാര്‍ ബര്‍ണബാസ് പിതാവിന്റെ മേല്‍പ്പട്ടശുശ്രൂഷയില്‍ വചനത്തിന് സാക്ഷ്യമാകുക എന്ന ആപ്തവാക്യം ലക്ഷ്യം കാണുന്നതിന് ദൈവാശ്രയത്തിലുറച്ചുനിന്നുകൊണ്ട് വിവിധ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഹൃദയാര്‍ദ്രതയോടെ സഹോദരങ്ങളിലേയ്ക്ക് കരങ്ങള്‍ നീട്ടുമ്പോഴാണ് സുവിശേഷം യാഥാര്‍ത്ഥ്യമാകുന്നതെന്ന വിശ്വാസബോധ്യത്തിലൂടെ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. തെരുവിലലയുന്നവര്‍ക്ക് ദിവസവും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും പ്രചോദന സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വഴിയുള്ള കോവിഡ് പ്രതിരോധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ജേക്കബ് മാര്‍ ബര്‍ണബാസിന്റെ അനുകമ്പയുടെയും ആര്‍ദ്രതയുടെയും ഉദാഹരണങ്ങളാണ്.  അഭിവന്ദ്യ ബര്‍ണബാസ് പിതാവിന്റെ ശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും ലഭിച്ച നന്മകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരണസന്ദേശത്തില്‍ പറഞ്ഞു.  

വിശ്വാസത്തെയും സ്വന്തം ബോധ്യങ്ങളെയും തീക്ഷ്ണതയോടെ പ്രഘോഷിച്ച മാര്‍ ബര്‍ണബാസ്  തന്നെയേല്‍പ്പിച്ച ശുശ്രൂഷകളെല്ലാം വിശ്വസ്തതയോടെ പൂര്‍ത്തിയാക്കിയ ആത്മീയാചാര്യനാണെന്നും ആഴമേറിയ പ്രാര്‍ത്ഥനയുടെയും അറിവിന്റെയും വെളിച്ചത്തില്‍ ശക്തമായ ശുശ്രൂഷ നിര്‍വ്വഹിക്കുവാന്‍ മാര്‍ ബര്‍ണബാസിന് കഴിഞ്ഞുവെന്നും മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.
 
സീറോ മലങ്കര സഭയിലെ ദൈവജനത്തോടും, പ്രത്യേകമായി ഗുരുഗ്രാം രൂപതയിലെ വിശ്വാസി സമൂഹത്തോടും ജേക്കബ് മാര്‍ ബര്‍ണബാസ് പിതാവിന്റെ കുടുംബാംഗങ്ങള്‍, മിത്രങ്ങള്‍ എന്നിവരോടും  കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുകയും വേര്‍പാടിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും രൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും അറിയിച്ചു.