സീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങളെകുറിച്ചുള്ള അസത്യപ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ

സീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങളെകുറിച്ചുള്ള അസത്യപ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ

സീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങളെകുറിച്ചുള്ള അസത്യപ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ

കാക്കനാട്: സീറോമലബാർ സഭയുടെ സിനഡിന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ചില കോണുകളിൽ നിന്നും ഉയരുന്നത് അപലപനീയമാണെന്ന് സഭയുടെ മാധ്യമ കമ്മീഷൻ അഭിപ്രായപ്പെട്ടു. സിനഡിന്റെ തീരുമാനങ്ങൾ അർത്ഥശങ്കയ്ക്ക് ഇടനൽകാത്ത വിധം അറിയിച്ചിരുന്നു. സിനഡാനന്തര ഇടയലേഖനവും പ്രസ്താവനയും ഏവർക്കും ലഭ്യമാക്കിയിട്ടുണ്ട്. സിനഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വീകരിക്കാനും നടപ്പിലാക്കാനും സഭാംഗങ്ങൾ പൊതുവിൽ പ്രകടമാക്കിയ ഔത്സുക്യം അഭിനന്ദനാർഹമാണ്. 

എന്നാൽ, ചില വ്യക്തികളും ഗ്രൂപ്പുകളും സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണ്. സിനഡിൻറെ മൂന്നിലൊന്ന് പിതാക്കൻമാർ എതിർത്തിട്ടും ഭൂരിപക്ഷ തീരുമാനം നിർബന്ധിതമായി നടപ്പിലാക്കി എന്ന അർത്ഥത്തിലുള്ള ചിലരുടെ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്. നിലവിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്ന രൂപതകളിലെ പിതാക്കന്മാർ സിനഡൽ തീരുമാനം നടപ്പിലാക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെക്കുറിച്ച് സിനഡിൽ പങ്കുവച്ചു എന്നുള്ളത് സത്യമാണ്. എന്നാൽ, പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിരുദ്ധമായൊരു തീരുമാനമെടുക്കാൻ സിനഡിനു കഴിയില്ല എന്നത് സിനഡിന്റെ ഐക്യകണ്ഠേനയുള്ള നിലപാടാണ്. 1999ൽ സിനഡ് ഐക്യകണ്ഠേന എടുത്തതും 2020ൽ ആവർത്തിച്ച് അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണ രീതിയുടെ ഏകീകരണത്തെക്കുറിച്ചുള്ള തീരുമാനം ഉടനടി നടപ്പിലാക്കാനാണ് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടത്. അതിനാൽ, തീരുമാനം നടപ്പിലാക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങളും അതിനുള്ള തിയതിയും നിശ്ചയിക്കുക എന്നതു മാത്രമായിരുന്നു ഈ സിനഡിന്റെ ചർച്ചാ വിഷയം. സിനഡിലെ ചർച്ചകൾ സഭയുടെ കൂട്ടായ്മയും ഐക്യവും സവിശേഷമാം വിധം പ്രകടമാക്കുന്നതായിരുന്നു. സഭയിലെ ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സിനഡ് അനുഭാവപൂർവ്വം ചർച്ച ചെയ്തിരുന്നു. ഏകീകരിച്ച ബലിയർപ്പണ രീതി നടപ്പിലാക്കുന്നതിലൂടെ സഭയിൽ കൈവരുന്ന ഐക്യവുമായി താരതമ്യം ചെയ്യുമ്പോൾ ചില പ്രദേശങ്ങളിൽ നിന്ന് തുടക്കത്തിൽ ഉണ്ടാകാനിടയുള്ള എതിർപ്പുകൾക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ല എന്ന കാര്യത്തിലും സിനഡിൽ പൊതുധാരണയിലെത്തിയിരുന്നു. 

സിനഡൽ തീരുമാനത്തോട് വിയോജിപ്പുള്ളവർക്ക് അത് പ്രകടമാക്കാൻ കാനോനിക മാർഗങ്ങൾ അവലംബിക്കാൻ അവകാശവും അവസരവും ഉണ്ട്. എന്നാൽ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് സഭയുടെ അച്ചടക്കത്തിനും കെട്ടുറപ്പിനും ചേർന്നതല്ല. സഭാ ഗാത്രത്തിൽ ഭിന്നതയും അസ്വസ്ഥതയും പടർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആരുടെയും ഭാഗഗത്തുനിന്നും ഉണ്ടാകരുത്. ഇത്തരം തെറ്റായ പ്രചരണം മൂലം തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണം. സിനഡൽ തീരുമാനത്തെ അനുകൂലിച്ചോ, പ്രതികൂലിച്ചോ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി  നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും മീഡിയ കമ്മീഷൻ അഭ്യർത്ഥിക്കുന്നു.

വിശുദ്ധ കുർബാനയർപ്പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സഭയുടെ തികച്ചും ആഭ്യന്തര ആത്മീയ കാര്യങ്ങളാണ്. അവയുമായി ബന്ധപ്പെട്ട ചർച്ചകൾ സഭാതലത്തിൽ ഒതുക്കി നിർത്തേണ്ടതുമാണ്. അത് മാധ്യമ വിശകലനത്തിന് വിധേയമാക്കേണ്ട വിഷയമല്ല. അതിനാൽ, വി. കുർബാനയുടെ അർപ്പണരീതിയുമായി ബന്ധപ്പെട്ട സിനഡിന്റെ തീരുമാനം വിവാദമാക്കി മാധ്യമങ്ങളിലൂടെ അവതരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വകമായ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ബഹുമാന്യരായ മാധ്യമ പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.