സീറോമലബാര്‍ സഭയുടെ വിശ്വാസപരിശീലന അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്തു

സീറോമലബാര്‍ സഭയുടെ വിശ്വാസപരിശീലന അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്തു

കാക്കനാട്: സീറോമലബാര്‍ സഭയുടെ വിശ്വാസപരിശീലന അധ്യയന വര്‍ഷം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിശ്വാസത്തെക്കുറിച്ചുള്ള അറിവില്‍ പരിപോഷിപ്പിക്കപ്പെടാനും കൗദാശിക ജീവിതത്തില്‍ ആഴപ്പെടാനും വിശ്വാസ പരിശീലനത്തിലൂടെ സഭ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ഈശോയുടെ വ്യക്തിത്വത്തില്‍ വളരുക, പ്രാര്‍ഥനാ ജീവിതത്തിലുള്ള പരിശീലനം നേടുക, സമൂഹത്തില്‍ ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ കുട്ടികളെ പ്രാപ്തരാക്കുക മുതലായ ദര്‍ശനങ്ങളും വിശ്വാസ പരിശീലനത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദൈവവചനം പങ്കുവയ്ക്കുന്നതിലൂടെ ഈശോയെ വ്യക്തിജീവിതത്തില്‍ സാക്ഷ്യപ്പെടുത്താന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുകയാണു വിശ്വാസ പരിശീലനത്തിലൂടെ നാം ചെയ്യുന്നതെന്നു വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സന്ദേശത്തില്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ടിവി ചാനലുകളും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ വിവിധ രൂപത മതബോധന കേന്ദ്രങ്ങള്‍ തയാറാക്കിയ ക്ലാസുകള്‍ കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുമെന്നു കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു. കിഡ്‌സ് വിഭാഗം മുതല്‍ 12-ാം ക്ലാസ് വരെയുള്ള പുസ്തക പാഠാവലികളാണ് വീഡിയോ ഫോര്‍മാറ്റില്‍ തയാറാക്കിയിട്ടുള്ളത്. ജൂൺ ആറിനു വിശ്വാസ പരിശീലന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തി. ജൂൺ ഏഴു മുതല്‍ വിവിധ സമയങ്ങളിലായി ഗുഡ്‌നെസ്, ശാലോം, ഷെക്കെയ്‌ന ടിവി ചാനലുകളിലൂടെയും വിശ്വാസ പരിശീലന ക്ലാസുകള്‍ സംപ്രേഷണം ചെയ്യ്തുവരുന്നു.  ഇംഗ്ലീഷ് വിശ്വാസ പരിശീലന ക്ലാസുകള്‍ താമസിയാതെ സംപ്രേഷണം ആരംഭിക്കുന്നതാണ്.

ഉദ്ഘാടന സമ്മേളനത്തില്‍ റവ. ഡോ. തോമസ് മേല്‍വെട്ടത്ത്, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി, സി. ജിസ്‌ലറ്റ് MSJ , സി. പുഷ്പ MSJ, ബ്രദര്‍ അലക്‌സ് നീണ്ടൂർ VC, കുര്യക്കോസ് തെക്കേപുറത്തുതടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.