ഷംഷാബാദ് രൂപത യുവജന പ്രവർത്തന വർഷം ആരംഭിച്ചു 

ഷംഷാബാദ് രൂപത യുവജന പ്രവർത്തന വർഷം ആരംഭിച്ചു 

ഹൈദരാബാദ്: ഷംഷാബാദ്  രൂപത  യുവജന വിഭാഗമായ സാന്തോം യൂത്ത് മൂവ്‌മെന്റിന്റെ  2021-22 പ്രവർത്തനവർഷം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് മെയ് മാസം 30-ന് നടന്ന  ഓൺലൈൻ യുവജന സംഗമത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലം മരണമടഞ്ഞ രൂപതയിലെ എല്ലാവരെയും ഓർത്തു പിതാവ് പ്രാർത്ഥിച്ചു. തുടർന്ന്, കഴിഞ്ഞ വർഷത്തെ വിഷമസന്ധികളിലും തീഷ്ണതയോടെ പ്രവർത്തിച്ച യുവജനസംഘടനയെ പ്രത്യേകം അഭിനന്ദിച്ചു. സഭയോട് ഒന്നിച്ചു നിൽക്കുന്ന യുവജനമാണ് ഷംഷാബാദ് രൂപതയുടെ ശക്തിയെന്നും തന്റെ എല്ലാ ശ്രമങ്ങളും അതോടൊപ്പം രൂപതകളുടെ സ്വത്തുക്കളും, രൂപതയിലെ കുട്ടികൾക്കും യുവാക്കൾക്കുമുള്ള വിശ്വാസ രൂപീകരണത്തിനായി  വിനിയോഗിക്കുമെന്നും പിതാവ്  ഉറപ്പുനൽകി. 

''നാം  ജീവിക്കുന്നു എങ്കിൽ കർത്താവിനു സ്വന്തമായി ജീവിക്കാൻ ആഗ്രഹിക്കുന്നു'' എന്ന റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച, 'Made Alive in Christ' എന്ന ഈ വർഷത്തെ ആപ്ത വാക്യത്തിന് അനുസൃതമായി ജീവിതം നയിക്കുവാൻ പിതാവ് യുവജനങ്ങളെ ആഹ്വാനം ചെയ്തു. പാപസാഹചര്യങ്ങളിൽ നിന്നും അപകടകരമായ മറ്റെല്ലാവസ്ഥകളിൽനിന്നും മാറി യേശുവിന്റെ കരം പിടിക്കുന്ന യുവജനകളെയാണ് സഭ പ്രതീക്ഷിക്കുന്നത്. അവർ യേശുവിന്റെ സ്‌നേഹം ഉൾക്കൊണ്ട് നമ്മുടെ സഭയെ സജീവവും ഫലപ്രദവും ആകർഷകവുമാക്കണം. നവയുഗ സൃഷ്ടികളായ ഇന്നത്തെ യുവജനങ്ങൾ മാറ്റത്തിന്റെ ഹൃദയസ്പന്ദനങ്ങൾ അറിയുന്നവരാണെന്നും അവർ നമ്മുടെ സഭയെ കാലത്തിനു മുൻപേ ഓടി ലോകാവസാനത്തോളം മുൻപന്തിയിൽ എത്തിക്കണമെന്നും പിതാവ് അനുസ്മരിപ്പിച്ചു . ‌2021-22 ലെ ഇയർ പ്ലാനർ കലണ്ടറും അഭിവന്ദ്യ പിതാവ്  പ്രകാശനം ചെയ്തു.

സാന്തോം യൂത്ത് മൂവ്മെന്റ് രൂപത പ്രസിഡന്റ് അലൻ ജോസഫ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ആശംസകൾ നേർന്നതൊടൊപ്പം കഴിഞ്ഞവർഷം തന്നോടൊത്തു പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും കൃതജ്ഞതയും അർപ്പിച്ചു. രൂപത വൈസ് പ്രസിഡന്റ് ശ്രീമതി ഹിത ഡേവിഡ് എല്ലാ ഇടവക‌കളിൽ നിന്നും റീജിയനുകളിൽ നിന്നും മിഷൻ യൂണിറ്റുകളിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ റീജിയനുകളുടെ കലാപരിപാടികളും യുവജനസംഗമത്തെ മനോഹരമാക്കി. ഷംഷാബാദ് രൂപത വികാരി ജനറൽ എബ്രഹാം പാലത്തിങ്കൽ അച്ചനും ‌രൂപത യുവജന ഡയറക്ടർ ജിനോ ഇഞ്ചപ്ലാക്കൽ അച്ചനും മറ്റു റീജിയണൽ ഡയറക്ടർ അച്ചന്മാരും ചടങ്ങിൽ സംബന്ധിച്ചു. രണ്ടു ദിവസമായി നടന്നു വന്നിരുന്ന രൂപത യുവജന നേതൃത്വ പരിശീലനത്തിന്റെ സമാപനമായാണ് യുവജനസംഗമം നടത്തിയത്.