വി. മറിയം ത്രേസ്യയുടെ ചൈതന്യമുൾക്കൊണ്ട് തിരുകുടുംബസന്യാസിനിമാർ 

വി. മറിയം ത്രേസ്യയുടെ ചൈതന്യമുൾക്കൊണ്ട് തിരുകുടുംബസന്യാസിനിമാർ 

കുഴിക്കാട്ടുശ്ശേരി: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ദിനമായ ജൂൺ എട്ടിന് ഒരുക്കമായുള്ള നവനാൾ നൊവേന മെയ് 30ന് ആരംഭിച്ചു. കുഴിക്കാട്ടുശ്ശേരി തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ കൊടിയേറ്റം യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവഹിച്ചു. തുടർന്ന് ദീപം തെളിയിക്കൽ, ലദീഞ്ഞ്, ദിവ്യബലി, നൊവേന പ്രദക്ഷിണം എന്നിവ നടന്നു.  വിശുദ്ധ മറിയം ത്രേസ്യയെപോലെ അവശരോടു ചേർന്നു നിൽക്കുന്ന ഹൃദയം ഉള്ളവരായി കരുണയുടെ പ്രവർത്തികൾ ചെയ്യാൻ എല്ലാവർക്കും ആകട്ടെ എന്ന് സന്ദേശത്തിലൂടെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ദിനമായ ജൂൺ 8ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന തിരുക്കർമ്മങ്ങളിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികൻ ആയി. തീർഥാടനകേന്ദ്രം റെക്ടർ റവ. ഫാ. ലിജോ കോങ്കോത്, റവ. ഫാ. ഫെമിനിൻ ചിറ്റിലപ്പിള്ളി എന്നിവർ സഹകാർമികരായിരുന്നു. തിരുകർമ്മങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സുപ്പീരിയർ ജനറൽ സി. ആനി കുര്യാക്കോസ് സി എച്ച്  എഫ്, തിരുനാൾ പ്രസുദേന്തി ജോസ് മങ്കിയാൻ എന്നിവർ തിരിതെളിച്ചു. ദിവ്യബലിക്കുശേഷം വിശുദ്ധയുടെ തിരുശേഷിപ്പും തിരുസ്വരൂപവും മാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് ദേവാലയ മുറ്റത്ത് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടന്നു. തുടർന്ന് സി. വിജയ് സി എച്ച് എഫ് രചിച്ച  'കുടുംബങ്ങളെ തിരുകുടുംബങ്ങളാക്കുക' എന്ന പുസ്തകത്തിന്റെ പ്രകാശനം ബിഷപ് നിർവഹിച്ചു. 

ഹോളിഫാമിലി സന്യാസിനി സമൂഹം നടപ്പാക്കുന്ന വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി അഗതികൾക്കും അഗതിമന്ദിരങ്ങൾക്കും  ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു. ഇതിന്റെ ഭാഗമായി മാള ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഭക്ഷണത്തിനുള്ള തുക ബിഷപ് കൈമാറി. മദർ ആനി കുര്യാക്കോസ് സി എച്ച് എഫ് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി, റവ. ഫാ. ലിജോ കൊങ്കോത്ത്, കപ്ലോൻ റവ. ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ, സന്യാസിനി സമൂഹത്തിന്റെ വികാർ ജനറലും തിരുനാൾ പരിപാടികളുടെ കൺവീനറുമായ സി. എൽസി സേവ്യർ സി എച്ച് എഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. നവനാൾ ദിവസങ്ങളിൽ വിവിധങ്ങളായ സേവന പദ്ധതികൾ നടപ്പാക്കിയിരുന്നു. നിർധനരായ കോവിഡ് രോഗികൾക്ക് ധനസഹായം, പത്ത് ഉന്നത വിദ്യാഭ്യാസ വിദ്യാർഥികൾക്ക് 2000 രൂപ വീതം ധനസഹായം, ദിവ്യകാരുണ്യ സന്നിധിയിൽ ഒരു ദിനം, തൊഴിൽ നഷ്ടപ്പെട്ട 10 പേർക്ക് സഹായം, ഒരു ഹോസ്പിറ്റലിന് ധനസഹായം, കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലവ്യഞ്ജനങ്ങളുടെ വിതരണം, അഖണ്ഡ ജപമാല, ബൈബിൾ പാരായണദിനം, ആശാവർക്കർമാർക്ക് സാനിറ്റേഷൻ സാമഗ്രികൾ വിതരണം, അനാഥാലയങ്ങളിൽ നേർച്ച ഭക്ഷണം എന്നിവയായിരുന്നു നവനാളുകളിൽ നടപ്പിലാക്കിയ നവദിന സൽകർമ്മങ്ങൾ.