വിശ്വാസത്തിന്‍റെ നല്ലയിടയര്‍

വിശ്വാസത്തിന്‍റെ നല്ലയിടയര്‍

മിസ്സിസാഗ: കാനഡ സീറോമലബാര്‍ രൂപതയില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശ്വാസത്തിന്‍റെ നല്ലയിടയര്‍ (Shepherds of Faith) എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അതിവിശാലമായ കനേഡിയന്‍ മണ്ണിന്‍റെ വിദൂരങ്ങളില്‍ ചിതറി പാര്‍ക്കുന്ന മലയാളികുടുംബങ്ങള്‍ക്കും പഠനത്തിനെത്തുന്ന ചെറുപ്പക്കാര്‍ക്കും വിശ്വാസ ജീവിതത്തില്‍ ആവശ്യമായ സാഹചര്യമൊരുക്കുക എന്നതാണ് പ്രധാനലക്ഷ്യം. വിശുദ്ധ കുര്‍ബാന കാണുന്നതിനോ മറ്റുകൂദാശകള്‍ സ്വീകരിക്കുന്നതിനോ സാധിക്കാതെ വരുന്ന സാഹചര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ നിരവധിയുണ്ട്. അനുദിനം ഉയര്‍ന്നുവരുന്ന ഇത്തരം വെല്ലുവിളികള്‍ പരിഹരിക്കാനും ആഴ്ചയില്‍ ഒരുപ്രാവശ്യമെങ്കിലും വൈദികരെ എത്തിച്ച് ഈ ആത്മീയ പ്രതിസന്ധിയെ മറികടക്കാനുമുള്ള രൂപതയുടെ ഈ പരിശ്രമമാണിത്. വിശ്വാസത്തിന്‍റെ നല്ലയിടയര്‍ എന്ന കൂട്ടായ്മയിലൂടെ അല്‍മായര്‍ തങ്ങളുടെ സമയവും സാമ്പത്തികവുമെല്ലാം ഇതിനായി മാറ്റിവച്ചുകൊണ്ട് ഈ പ്രേഷിതവേലയില്‍ പങ്കുചേരുന്നു.

പ്രേഷിതവേല ക്രൈസ്തവ ജീവിതത്തിന്‍റെ ദൗത്യമാണെന്ന ബോധ്യത്തില്‍ ക്രിസ്തീയ വിശ്വാസമൂല്യങ്ങള്‍ സമൂഹത്തിലും കുടുംബങ്ങളിലും പകര്‍ന്നു നല്കുവാനുള്ള പരിശ്രമമാണിത്. ക്രിസ്തുവിന്‍റെ പ്രേഷിതവേലയില്‍ പങ്കുചേരലാണിത്. ക്രിസ്ത്യന്‍ മിഷിനറി പ്രവര്‍ത്തനങ്ങള്‍ പുരോഹിതരിലും, സന്യസ്തരിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഓരോ വിശ്വാസിയും തങ്ങളുടെ ജീവിതപരിസരങ്ങളില്‍ നിന്നുകൊണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കൂട്ടായ്മയാണിത്.