വയോജന കേന്ദ്രങ്ങൾക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി എറണാകുളം-അങ്കമാലി അതിരൂപത 

വയോജന കേന്ദ്രങ്ങൾക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി എറണാകുളം-അങ്കമാലി അതിരൂപത 

കൊച്ചി: ഗുരുതര പ്രതിസന്ധി നേരിടുന്ന കോവിഡ് കാലഘട്ടത്തിൽ സമാശ്വാസ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ എറണാകുളം -അങ്കമാലി അതിരൂപതയും സന്നദ്ധ പ്രസ്ഥാനങ്ങളും ഉണ്ടെന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുവെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.  അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വഴി നടപ്പാക്കുന്ന കരുതൽ പദ്ധതികളുടെ ഭാഗമായി കോവിഡ് രോഗം മൂലം ബുദ്ധിമുട്ടുന്ന    പതിനായിരം കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യകിറ്റുകളുടെയും 45 വയോജന-ഭിന്നശേഷി പരിപാലന കേന്ദ്രങ്ങൾക്ക് നൽകുന്ന കോവിഡ് പ്രതിരോധ കിറ്റുകളുടെയും വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജർ ആർച്ച്ബിഷപ് ഹൗസിൽ നടന്ന ചടങ്ങുകളിൽ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു. അതിരൂപതയിലെ മുന്നൂറിലേറെ ഇടവകകളിൽ പ്രത്യേക ഹെൽപ്പ് ഡസ്ക്കുകൾ രൂപീകരിച്ചാണ് ജാതിമതഭേദമെന്യേ കോവിഡ് മൂലം ബുദ്ധിമുട്ടുള്ളവർക്ക്  ഭക്ഷണവും മരുന്നും പ്രതിരോധ സാമഗ്രികളും ഉൾപ്പെടെയുള്ള സേവനങ്ങൾ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപതാ സന്നദ്ധ പ്രവർത്തന കൂട്ടായ്മയായ സഹൃദയ സമിരിറ്റന്റെ നേതൃത്വത്തിൽ കോവിഡ് ബാധിതർക്കും പ്രകൃതിക്ഷോഭം നേരിടുന്നവർക്കും അടിയന്തര സഹായം എത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സഹൃദയ സ്വയംസഹായ സംഘങ്ങൾ വഴി നൽകുന്ന രണ്ടു കോടി രൂപയുടെ സ്വയംതൊഴിൽ വായ്പയുടെ ചെക്ക് അതിരൂപത വികാരി ജനറൽ റവ. ഡോ. ഹോർമിസ് മൈനാട്ടി കൈമാറി. ഐക്കോ ഡയറക്ടർ ഡോ. ജോസ് പുതിയേടത്ത്, വികാരി ജനറാൾ  റവ. ഡോ. ജോയ് അയനിയാടൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ.ആൻസിൽ മൈപ്പാൻ,  സാബു ജോർജ് എന്നിവർ പ്രസംഗിച്ചു. ഫോഗിങ് മെഷീൻ, വേപ്പറൈസർ, സാനിറ്റൈസറുകൾ, മാസ്കുകൾ എന്നിവയുൾപ്പെടെ 15000 രൂപ ചെലവ് വരുന്ന ഉപകരണങ്ങളും വസ്തുക്കളുമാണ് വയോജന കേന്ദ്രങ്ങളുള്ള പ്രതിരോധ കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ  അറിയിച്ചു.