രണ്ടാം തരംഗത്തിലും തളരാതെ ഷംഷാബാദ് രൂപതയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

രണ്ടാം തരംഗത്തിലും തളരാതെ ഷംഷാബാദ് രൂപത

രണ്ടാം തരംഗത്തിലും തളരാതെ ഷംഷാബാദ് രൂപതയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ഹൈദരാബാദ്: രാജ്യം മുഴുവന്‍  കോവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് കുതിക്കുകയായിരുന്നു ഷംഷാബാദ് രൂപത. ഇന്ത്യ മുഴുവനും വ്യാപിച്ചു കിടക്കുന്ന ഈ വലിയ രൂപതയ്ക്ക് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ പ്രവാസി മിഷണിലും, ആദ്ജെന്തസ് മിഷണിലും ഒരുപോലെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. 

രൂപത അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍  പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം വിവിധ റീജിയണുകളില്‍ കോവിഡ് ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ നടത്തി വരുന്നുണ്ട്. റീജിയണല്‍ സുപ്പീരിയര്‍മാരുടെയും വികാരി ജനറാള്‍മാരുടെയും നേതൃത്വത്തില്‍, രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പ്രേം മാര്‍ഗ്ഗും യുവജനങ്ങളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

കോവിഡ് രോഗികളുടെ കുടുംബങ്ങളില്‍ ഡ്രൈ റേഷന്‍, ഹൈജീന്‍ കിറ്റ് എന്നിവ എത്തിച്ചു നല്‍കി. രോഗികളായവര്‍ക്ക്ڔ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും, പ്ലാസ്മ ദായകരെ കണ്ടെത്തി നല്‍കുകയും ചെയ്തു. മാനസിക സഘര്‍ഷം നേരിട്ട രോഗികള്‍ക്ക് സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് ഒരുക്കി. ഓണ്‍ലൈന്‍ കണ്‍സള്‍റ്റേഷന്‍ വഴി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി.

ഓക്സിജന്‍ ബെഡ്ഡുകളുടെ ഏകീകരണം, അത്യാഹിത വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ ഏര്‍പ്പെടുത്തി നല്‍കി. കോവിഡ് മരണങ്ങളില്‍ സംസ്കാര ചടങ്ങുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയും, കോവിഡ് ബാധിച്ച ഭവനങ്ങളിലും ദൈവാലയങ്ങളിലും ഉള്‍പ്പെടെ അണുനശീകരണം നടത്തിയും മഹാമാരിയെ നേരിടുന്നതിന്  പ്രവാസികള്‍ക്ക് താങ്ങായി രൂപത ഒപ്പം നിന്നു.

രൂപതയുടെ ഹൈദരാബാദ് റീജിയനില്‍  എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്ന് എത്തിച്ചു നല്‍കി. കോവിഡ് മൂലം അനേകം അന്യസംസ്ഥാന ജോലിക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ജോലി നഷ്ടപ്പെടുകയും അവരുടെ കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വരികയും ചെയ്തപ്പോള്‍ ഹൈദരാബാദ് നഗരത്തിലെ വിവിധ ചേരികളില്‍ Zomato കമ്പനിയുടെ സഹായത്തോടെ ദിവസവും 1000 ത്തോളം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുത്തുവരുന്നു. 

കോവിഡ് ബാധിച്ച നിര്‍ധന  കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കി. തെലങ്കാനയിലെ കൊല്ലാപുര്‍ മിഷണില്‍ പ്രേം ജ്യോതി മഹിളാ സംഘത്തിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി saving and thrift മിഷൻ ആരംഭിച്ചു.  വിവിധ ഗ്രാമങ്ങളില്‍നിന്ന്  850 ഓളം വനിതകള്‍  ഈ മിഷനില്‍ സഹകരിക്കുന്നുണ്ട്. ആവശ്യമായ മറ്റ് സഹായങ്ങളുമായി സാമൂഹ്യ സേവനത്തിലും രൂപത  മുന്‍പന്തിയില്‍ തന്നെയുണ്ട്.