ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ  നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി  വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ  നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി  വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി

പ്രിസ്റ്റണ്‍:  ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൈഗ്രെന്‍സ് കമ്മിഷന്‍റെയും യൂത്ത്, ഇവഞ്ചലൈസേഷന്‍ കമ്മിഷനുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടണിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി എത്തിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 'പേള്‍ ഗാലാ' സംഗമം നടന്നു. മാര്‍ച്ച് 28 ഓശാന ഞായര്‍ വൈകിട്ട് 7 മുതല്‍ 9 വരെ നടന്ന സൂം വഴിയുള്ള സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. വളരെ വലിയ പ്രതീക്ഷകളുമായി ബ്രിട്ടണിലേക്ക് പഠനത്തിനായി എത്തിയിട്ടുള്ള എല്ലാ യുവതീയുവാക്കളെയും അഭിവന്ദ്യ പിതാവ് രൂപതാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിദ്യാര്‍ത്ഥിയായി ബ്രിട്ടണില്‍ വന്നിട്ടുള്ള തനിക്ക് ഒരു വിദ്യാര്‍ത്ഥിയായി ഇവിടെ ജീവിക്കുമ്പോള്‍ ഉള്ള പ്രയാസങ്ങള്‍ അറിയാമെന്നും ആയതിനാല്‍ രൂപതയിലെ വിവിധ മിഷനുകള്‍ വഴി സാധിക്കുന്ന എല്ലാ സഹായങ്ങളും നല്‍കാമെന്നും അറിയിച്ചു.

യൂറോപ്യന്‍ അപ്പസ്തോലിക് വിസിറ്റേഷനിലെ യൂത്ത് ഡയറക്ടറും ഗാനരചയിതാവും ധ്യാനഗുരുവുമായ ഫാ. ബിനോജ് മുളവരിക്കല്‍ ക്ലാസ് നയിച്ചു. തന്‍റേതായ സംഗീതവഴികളിലൂടെ ആത്മീയതയുടെ പുതിയൊരു ലോകത്തേക്ക് അദ്ദേഹം വിദ്യാര്‍ത്ഥികളെ നയിച്ചു. ബ്രിട്ടണിലെ പഠനത്തിനിടയിലും ഓരോ വിദ്യാര്‍ത്ഥിയും നിലകൊള്ളേണ്ട ജീവിതാവസ്ഥകളിലേക്കും അദ്ദേഹം വെളിച്ചം വീശി. മൈഗ്രെന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ആന്‍ഡ്രൂസ് ചെതലന്‍ ഏവരേയും സ്വാഗതം ചെയ്തു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ഫാന്‍സ്വാപത്തില്‍, ഇവഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി. ആന്‍ മരിയ എസ്.എച്ച്., റീജിയണല്‍ ഡയറക്ടര്‍മാരായ ഫാ. ജോബിന്‍ കൊഷാക്കല്‍, ഫാ. ജോര്‍ജ് എട്ടുപാറ എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചെസ്റ്ററില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കൂടിയായ ഡെന്നിസ് അബ്രഹാം, ഹഡ്ഡെര്‍സ്ഫീല്‍ഡ് വിദ്യാര്‍ത്ഥി വിനു ജോസഫ്  എന്നിവര്‍ പ്രസംഗിച്ചു. മണിമുത്തുകളുടെ കാര്‍ണിവല്‍ എന്നര്‍ത്ഥം വരുന്ന ഈ സംഗമത്തില്‍ സൂമിലൂടെയും യൂട്യൂബിലൂടെയും മുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ലൈവ് ആയി പങ്കെടുത്തു.