മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്  നാക് അക്രഡിറ്റേഷനില്‍ ഒന്നാം സ്ഥാനം

മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്  നാക് അക്രഡിറ്റേഷനില്‍ ഒന്നാം സ്ഥാനം

കോതമംഗലം: കോതമംഗലം രൂപതയുടെ അഭിമാനമായ മൂവാറ്റുപുഴ നിര്‍മ്മല കോളേജ് നാക് അക്രഡിറ്റേഷന്‍ പരിശോധനയില്‍ 3.73 പോയന്‍റോടെ അഫിലിയേറ്റഡ് കോളേജുകളുടെ ഗണത്തില്‍ ഒന്നാം സ്ഥാനത്തെത്തി. കോളേജിന്‍റെ ഭൗതിക സൗകര്യങ്ങളും ഗവേഷണ മികവും മാതൃകാപരമാണെന്ന് സമിതി അംഗങ്ങള്‍ എടുത്തുപറഞ്ഞു. സ്വച്ഛഭാരത് മിഷനോട് ചേര്‍ന്ന് തുടങ്ങിയ സ്വച്ച് നിര്‍മ്മല, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി നടപ്പിലാക്കിയ ഡിജിറ്റല്‍ ക്യാമ്പസ് എന്നിവയും കോളേജിന്‍റെ സവിശേഷതകളാണ്. 17 യുജി പ്രോഗ്രാം, 14 പിജി പ്രോ ഗ്രാം, 7 ഡോക്ടറല്‍ പ്രോഗ്രാം എന്നിവയില്‍ 3000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന നിര്‍മ്മലാ കോളേജിന് ഈ വര്‍ഷം എംജി സര്‍വകലാശാലയുടെ ഇന്‍റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് കൂടി അനുവദിക്കപ്പെട്ടു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബ്ബുകളും  അവര്‍ നടത്തിയ എക്സിബിഷനും പരിശോധനയില്‍ ശ്രദ്ധനേടി. കേരളീയ കലകളുമായി ബന്ധപ്പെടുത്തി കോളേജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മികവുറ്റതായിരുന്നു എന്ന് സമിതി വിലയിരുത്തി. കോളേജിന്‍റെ സാമൂഹികപ്രതിബദ്ധതയ്ക്കും സേവനത്തിനും പഠനമികവിനും അച്ചടക്കത്തിനും ലഭിച്ച അംഗീകാരമാണ് എ++ ഗ്രേഡ് എന്ന് കോളേജിന്‍റെ രക്ഷാധികാരി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാനേജര്‍ മോണ്‍സിഞ്ഞോര്‍ ഡോ. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ എന്നിവര്‍ പറഞ്ഞു. അക്കാദമിക് തലത്തിലുള്ള പ്രവര്‍ത്തനമികവും അധ്യാപകരുടെയും അനദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനവും ഗവേഷണ മികവുമാണ് കോളേജിനെ ഇന്ത്യയിലെ മികച്ച ഗ്രേഡ് നേടാന്‍ സഹായിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് കെ വി, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സജി ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ.സോണി കുര്യാക്കോസ് എന്നിവര്‍  അഭിപ്രായപ്പെട്ടു. കൂടുതല്‍ കോഴ്സുകളും മികച്ച പഠന സൗകര്യങ്ങളുമായി കേരളത്തിലെ ഏറ്റവും നല്ല സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനമായി മാറുന്നതിന് ഈ അക്രഡിറ്റേഷന്‍ സഹായകമാകുമെന്ന് കോതമംഗലം രൂപത ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഫാ. പോള്‍ നെടുംപുറത്ത് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പഠിതാക്കള്‍ക്ക് നല്‍കിയതിന്‍റെ അംഗീകാരമാണ് അക്രഡിറ്റേഷന്‍ എന്ന് കോളേജ് ബര്‍സാര്‍ ഫാ. ജസ്റ്റിന്‍ കെ കുര്യാക്കോസ് പറഞ്ഞു.