മുത്തശ്ശീ മുത്തച്ഛന്‍മാരുടെ ജീവിതമാതൃക  പുതുതലമുറയ്ക്കു പ്രചോദനം:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മുത്തശ്ശീ മുത്തച്ഛന്‍മാരുടെ ജീവിതമാതൃക  പുതുതലമുറയ്ക്കു പ്രചോദനം:   കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: ദൈവസാന്നിധ്യത്തിലും പ്രാര്‍ത്ഥനയിലും അടിസ്ഥാനമാക്കിയുള്ള  മുത്തശ്ശീ, മുത്തച്ഛന്‍മാരുടെ ജീവിത മാതൃക ഇന്നത്തെ തലമുറയുടെ പ്രചോദനമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോമലബാര്‍ സഭയിലെ മുത്തശ്ശീ, മുത്തച്ഛന്‍മാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള പ്രഥമ ആഗോള ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്നവരുടെ പരിചരണം സമൂഹത്തെ കൂടുതല്‍ ആരോഗ്യകരവും ശക്തവുമാക്കുമെന്നും ജൂലൈ 24ന് നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ കര്‍ദിനാള്‍ പറഞ്ഞു.

മുതിര്‍ന്നവരും മാതാപിതാക്കളും വലിയ ഒരു നിധി ശേഖരമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍റെ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പൂര്‍വ്വികര്‍ പകര്‍ന്നു തന്ന പ്രാര്‍ത്ഥനകളിലും സ്വപ്നങ്ങളിലും ഓര്‍മ്മകളിലും അടിസ്ഥാനമാക്കിയാകണം സമൂഹം വളരേണ്ടതെന്ന് സിനഡല്‍ കമ്മീഷന്‍ അംഗവും കാഞ്ഞിരപ്പിള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ഫാ. ജോസഫ് പുത്തന്‍ പുരക്കല്‍ കപ്പൂച്ചിന്‍ മുഖ്യപ്രഭാഷണം നടത്തി.

കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ആന്‍റണി മൂലയില്‍, ഫാ. ഫിലിപ്പ് വട്ടയത്തില്‍, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുത്തശ്ശീമുത്തച്ഛന്‍മാരുടെ പ്രതിനിധികള്‍, ദമ്പതികള്‍, ഗ്ലോബല്‍ കത്തോലിക്കാ കോണ്‍ഗ്രസ്, പ്രൊലൈഫ്, ഫാമിലി അപ്പോസ്റ്റലേറ്റ്, മാതൃവേദി, കുടുംബകൂട്ടായ്മ, ലെയ്റ്റി ഫോറം സംഘടനകളുടെ സഭാതല ഭാരവാഹികള്‍ എന്നിവര്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു  ദിനാചരണം.