പ്രോ-ലൈഫ് ട്രസ്റ്റിന് തുടക്കം കുറിച്ച് ഇരിഞ്ഞാലക്കുട രൂപത

പ്രോ-ലൈഫ് ട്രസ്റ്റിന് തുടക്കം കുറിച്ച് ഇരിഞ്ഞാലക്കുട രൂപത

ഇരിഞ്ഞാലക്കുട: രൂപത പ്രോ-ലൈഫ് ദിനാചരണവും പ്രോ-ലൈ ഫ് ട്രസ്റ്റ്  ഉദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും  രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. ജീവന്‍റെ സംസ്കാരം സൃഷ്ടിക്കുവാനും അതു പരിപോഷിപ്പിക്കുവാനും നമുക്ക് കടമയുണ്ടെന്നും അത് നിര്‍വഹിക്കുവാന്‍ എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ടെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മിപ്പിച്ചു. രൂപതയിലെ നിര്‍ധന കുടുംബങ്ങളെ ആത്മീയമായും സാമ്പത്തികമായും മാനസികമായും സഹായിക്കാന്‍ വേണ്ടിയാണ് കണ്ണൂക്കാടന്‍ പിതാവിന്‍റെ ഷഷ്ടിപൂര്‍ത്തി സ്മാരകമായി ട്രസ്റ്റ് രൂപീകരിച്ചത്. പ്രതിമാസം 2000 രൂപ വീതം അര്‍ഹരായ നിര്‍ധന കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് സാമ്പത്തിക സഹായമായി നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിച്ചു. കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകളും മറ്റു സഹായ പദ്ധതികളും ട്രസ്റ്റ് മുഖേന നടപ്പിലാക്കും. വികാരി ജനറാളും ട്രസ്റ്റ് പ്രസിഡന്‍റുമായ മോണ്‍. ജോസ് മഞ്ഞളി സ്വാഗതം പറഞ്ഞു. ഡോ. ഫിന്‍റോ ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തി. രൂപതയിലെ നിരവധി വൈദികരും സിസ്റ്റേഴ്സും പ്രോ-ലൈഫ് പ്രവര്‍ത്തകരും പങ്കെടുത്തു.