പ്രളയബാധിതര്‍ക്ക് സാന്ത്വനമായി വിന്‍സെന്‍ഷ്യന്‍ സഭ

പ്രളയബാധിതര്‍ക്ക് സാന്ത്വനമായി വിന്‍സെന്‍ഷ്യന്‍ സഭ

പാലക്കാട്: 2019 ആഗസ്റ്റ് മാസത്തില്‍ നടന്ന പ്രളയ ദുരന്തത്തിന്‍റെ കെടുതികളെ നേരിടാന്‍ പാലക്കാട് ജില്ലയിലെ തച്ചമ്പാറയ്ക്കടുത്ത് ചീനിക്കപ്പാറ എന്ന സ്ഥലത്തെ ആളുകള്‍ ഇപ്പോഴും പാടുപെടുകയാണ്. അന്ന് ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ അവരുടെ ജീവിതത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. അവരില്‍ പലര്‍ക്കും തങ്ങളുടെ വീടും ഭൂമിയും നഷ്ടപ്പെട്ടു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് വിന്‍സെന്‍ഷ്യന്‍ സഭാ മേരിമാതാ പ്രോവിന്‍സ് സാമൂഹിക പ്രവര്‍ത്തന വിഭാഗമായ വിന്‍സെന്‍ഷ്യന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വര്‍ക്കി കാട്ടറത്ത് മെമ്മോറിയല്‍ ഭവന പദ്ധതി രൂപകല്‍പ്പന ചെയ്യുകയും ദുരിതബാധിതര്‍ക്ക് പിന്‍ന്തുണ നല്‍കുകയും ചെയ്തു. അവര്‍ക്ക് അഭയം നല്‍കുക, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രത്യേകം തിരഞ്ഞെടുത്ത ഏഴ് ദുരിതബാധിത കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. ഈ ഭവനങ്ങളുടെ താക്കോല്‍ദാനം പാലക്കാട് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്‍റെ സാന്നിധ്യത്തില്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ മേരി മാതാ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബഹു. ഫാ. ജെയിംസ് കല്ലുങ്കല്‍ വി.സി നിര്‍വഹിച്ചു. മേരി മാതാ പ്രോവിന്‍സ് സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ റവ. ഫാ. ഫ്രാന്‍സീസ് നടുവിലേടത്ത് വി.സി, സോഷ്യല്‍വര്‍ക്ക് ഡയറക്ടര്‍ റവ. ഫാ. വര്‍ ഗ്ഗീസ് പെരിഞ്ചേരി വി.സി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.