പെര്‍ത്തില്‍ വി. യൗസേപ്പിതാവിന്റെ നാമത്തില്‍ ദേവാലയം ഒരുങ്ങുന്നു

പെര്‍ത്ത്: വി. യൗസേപ്പിതാവിന്റെ വര്‍ഷമായി തിരുസഭ ആചരിക്കുന്ന ഈ വര്‍ഷം പെര്‍ത്തിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഒരു ദേവാലയം ഒരുങ്ങുന്നു. പെര്‍ത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നായ ഓറഞ്ച് ഗ്രോവിലെ ആറ് ഏക്കര്‍ വരുന്ന സ്ഥലത്താണ് നഗരത്തിന് അനുഗ്രഹമായി ഈ ദേവാലയം ഉയരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കേരളത്തനിമയില്‍ നിര്‍മ്മിക്കുന്ന ഈ ദേവാലയത്തിനു പുറമേ, പാരിഷ് ഹാള്‍, പ്രസ്ബിറ്ററി, വിശ്വാസ പരിശീലനത്തിനായുള്ള ബ്രീസ്വേ തുടങ്ങിയവയും നിര്‍മ്മിതിയില്‍ ഉള്‍പ്പെടുന്നു.
ഇടവക സമൂഹത്തിന്റെ ശക്തമായ പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും ഫലമായിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നതോടെ 2015ലാണ് പെര്‍ത്ത് ഇടവക സമൂഹം ഓറഞ്ച് ഗ്രോവില്‍ സ്ഥലം വാങ്ങിയത്. 2018ലെ ദുക്റാന തിരുനാളില്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരാണ് ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. ഇടവക വികാരി ഫാ. അനീഷ് ജെയിംസിനും കൈക്കാരന്മാര്ക്കുമൊപ്പം പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ചര്‍ച്ച് ബില്‍ഡിങ് കമ്മിറ്റിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. അതോടൊപ്പം തന്നെ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് ഇടവക സമൂഹം വി. യൗസേപ്പിതാവിന്റെ മധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി എല്ലാ തിങ്കളാഴ്ചകളിലും ദിവ്യകാരുണ്യ ആരാധനയും ജപമാലയും യൗസേപ്പിതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും മുടങ്ങാതെ നടത്തിവരുന്നു.