കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ കര്‍മപദ്ധതികളുമായി കോതമംഗലം രൂപത

കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ കര്‍മപദ്ധതികളുമായി കോതമംഗലം രൂപത

കോതമംഗലം: കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കോതമംഗലം രൂപത. കെസിബിസിയുടെ ആഹ്വാനമനുസരിച്ച് രൂപതയിലെ വൈദികര്‍, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍മാര്‍, സംഘടനാ ഡയറക്ടര്‍മാര്‍, ഭാരവാഹികള്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ രൂപത, ഫൊറോന, ഇടവകതലങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ ഏകോപിപ്പിക്കാന്‍ 12 അംഗ കോവിഡ് പ്രിവന്‍ഷന്‍ ഓര്‍ഗനൈസിംഗ് ടീം രൂപീകരിച്ചു. കൂടാതെ ഫൊറോന തലത്തില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നു. കോവിഡ് രോഗ ബാധിതരായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടപിന്തുണ നല്‍കാന്‍ എകെസിസി, കെസിവൈഎം, സിഎംഎല്‍, മാതൃവേദി, ഫാമിലി അപ്പോസ്തലേറ്റ് എന്നീ സംഘടനകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി പത്തുപേരില്‍ കുറയാത്ത ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം ഇടവകതലത്തില്‍ രൂപീകരിച്ചിട്ടുണ്ട്.

പള്‍സ് ഓക്സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സ്റ്റീം ഇന്‍ഹേലര്‍,  സാനിറ്റൈസര്‍ (500ml), മാസ്കുകള്‍ ഇവ ഉള്‍പ്പെടുന്ന കോവിഡ സേഫ്റ്റി കിറ്റ് എന്നിവ ഇടവകതലത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോവിഡ് ബാധിതരായി ഭവനങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കാനുള്ള ക്രമീകരണം സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റ് സഹകരണത്തോടെ തുടങ്ങിയിട്ടുണ്ട്.  കോവിഡ് രോഗികള്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടെങ്കില്‍ ഇടവകതലത്തില്‍ അതിനുള്ള മറ്റു ക്രമീകരണങ്ങള്‍ ഒരുക്കുന്നു. ഇടവകയില്‍ ആള്‍താമസമില്ലാത്ത വീടുകളും മറ്റു കെട്ടിടങ്ങളും ഉണ്ടെങ്കില്‍ അവ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും പരിശോധിച്ചുവരുന്നു. ആശുപത്രിയിലെത്തി ആന്‍റിജന്‍ ടെസ്റ്റ് നടത്തുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു വേണ്ടി ആവശ്യമായ സ്ഥലങ്ങളില്‍ മൊബൈല്‍ ആന്‍റിജന്‍ ടെസ്റ്റിനും അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കുവാനുമുള്ള സൗകര്യം കോതമംഗലം ധര്‍മ്മഗിരി, മുതലക്കോടം ഹോളിഫാമിലി, മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്‍റര്‍ എന്നീ ആശുപത്രികളുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം മുക്തി പ്രാപിക്കാന്‍ പ്രതീക്ഷയൊടെയും പ്രാര്‍ത്ഥനയൊടെയും കാത്തിരിക്കണമെന്ന് ഓണ്‍ലൈനില്‍ നടത്തിയ യോഗത്തില്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് പറഞ്ഞു. അതോടൊപ്പം, പ്രതിസന്ധിയുടെ ഈ കാലത്ത് വ്യത്യസ്ത മേഖലകളില്‍ ആത്മാര്‍ത്ഥമായ ശുശ്രൂഷ ചെയ്യുന്നവരെ അഭിവന്ദ്യ പിതാവ് അഭിനന്ദിക്കുകയും ചെയ്തു.