ഫാ. സ്റ്റാന്‍ സ്വാമിയുടേത് നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ജ്വലിപ്പിക്കുന്ന രക്തസാക്ഷിത്വം: മാര്‍ ജേക്കബ് മനത്തോടത്ത് 

നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ജ്വലിപ്പിക്കുന്ന രക്തസാക്ഷിത്വം

ഫാ. സ്റ്റാന്‍ സ്വാമിയുടേത് നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ജ്വലിപ്പിക്കുന്ന രക്തസാക്ഷിത്വം: മാര്‍ ജേക്കബ് മനത്തോടത്ത് 

പാലക്കാട്: ഫാ. സ്റ്റാന്‍ സ്വാമിയുടേത് നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ ജ്വലിപ്പിക്കുന്ന രക്തസാക്ഷിത്വമാണെന്ന്  പാലക്കാട് രൂപത അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്. അഞ്ചര പതിറ്റാണ്ടിലേറെ  ജാര്‍ഖണ്ഡിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസിസമൂഹങ്ങളുടെ  അവകാശങ്ങള്‍ക്ക് വേണ്ടി ജീവിച്ച് രക്തസാക്ഷിയായിതീര്‍ന്ന ഈശോ സഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം ജൂലൈ 17ന് രാവിലെ  സെന്‍റ് റാഫേല്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍ കൊണ്ടുവന്ന അവസരത്തില്‍  സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. 

കത്തീഡ്രല്‍ വികാരി ഫാ. ജോഷി പുലിക്കോട്ടില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം കത്തീഡ്രല്‍  ദേവാലയത്തില്‍ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് കാര്‍മ്മികത്വം വഹിച്ചു.  

രൂപതാ സഹായ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഫാ. സ്റ്റാന്‍ സ്വാമിയെയും അദ്ദേഹത്തിന്‍റെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളെയും അനുസ്മരിച്ച്  സംസാരിച്ചു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുന്ന സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നും ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രേഷിത മാതൃക നാം ഉള്‍ക്കൊള്ളണമെന്നും പിതാവ് പറഞ്ഞു.  കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍, വികാരി ജനറാള്‍ ഫാ. ജീജോ ചാലക്കല്‍, വൈദീകര്‍, ഇടവക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അലങ്കരിച്ച വാഹനത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മവുമായി അട്ടപ്പാടിയിലെ വിവിധ ദേവാലയങ്ങളില്‍ പര്യടനം നടത്തി. രൂപതയിലെ വിവിധ ദേവാലയങ്ങള്‍, മേഴ്സി കോളേജ്, ഹോളി ഫാമിലി പ്രൊവിന്‍ഷ്യല്‍ ഹൗസ് മേരിലാന്‍ഡ്, തുടങ്ങിയ ഇടങ്ങളിലെല്ലാം  ചിതാഭസ്മം സ്വീകരിക്കുകയും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു. ഈശോ സഭ വൈദീകനായ ഫാ. ആന്‍റണിയുടെ നേതൃത്വത്തിലാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം കൊണ്ടുവന്നത്. രൂപതയിലെ കത്താലിക്കാ കോണ്‍ഗ്രസും, വിവിധ ഭക്തസംഘടനകളും, യുവജന സംഘടനകളും ഫാ.സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.