ധന്യൻ കദളിക്കാട്ടിൽ മത്തായിച്ചൻ ചരമവാർഷികം  

ധന്യൻ കദളിക്കാട്ടിൽ മത്തായിച്ചൻ ചരമവാർഷികം  

പാലാ: ഈശോയുടെ തിരുഹൃദയ ഭക്തനും തിരുഹൃദയ സന്യാസിനീ സമൂഹ സ്ഥാപകനുമായ ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 86-ാം ചരമവാർഷികം മെയ് 23-ാം തിയതി അദ്ദേഹത്തിന്റെ പൂജ്യ ദേഹം കുടികൊള്ളുന്ന പാലാ എസ്. എച്ച് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വച്ച് ആചരിച്ചു. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. സുവിശേഷ മൂല്യങ്ങൾ വീരോചിതമായി അഭ്യസിച്ച മത്തായി അച്ചൻ തിരുഹൃദയ ആധ്യാത്മികതയുടെ അമരക്കാരനും കരുണയുടെ പ്രവാചകനും ഈ കാലഘട്ടത്തിനു വേണ്ടി ദൈവം കരുതി വച്ച പുണ്യവുമായിരുന്നു എന്ന് അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. ശ്രാദ്ധത്തിനൊരുക്കമായ നവനാൾ ദിന വി. കുർബാനയും നൊവേനയും മെയ് 14 മുതൽ 22 വരെയാണ് നടന്നത്.

വിശ്വാസികൾക്കായി ഓൺലൈനിൽ തിരുക്കർമ്മങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു.  അന്നേദിവസം കോവിഡ് രോഗികൾക്കാവശ്യമായ ഓക്സിജൻ കോൺസന്റേറ്റർ, പൾസ് ഓക്സീമീറ്റർ, മാസ്കുകൾ, ഇൻഹലേറ്റർ എന്നിവ നല്കുകയും തിരുഹൃദയ സന്യാസിനീ സമൂഹം തലശേരി സെന്റ് ജോസഫ് പ്രോവിൻസ് തയ്യാറാക്കിയ 'ഹൃദയത്തിൽ തിരുഹൃദയം സൂക്ഷിച്ച ഒരാൾ ' എന്ന ഡോക്യുമെന്ററിയുടെ പ്രകാശന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.