ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കണം: മാർ ജോസഫ് സ്രാമ്പിക്കൽ  

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കണം: മാർ ജോസഫ് സ്രാമ്പിക്കൽ  

മിസ്സിസ്സാഗ: ​'ദൈവവുമായി  സ്‌നേഹത്തിൽ ഊന്നിയ  സുദൃഢമായ ഹൃദയൈക്യം ഉണ്ടാക്കാൻ കഴിയുമ്പോൾ മാത്രമാണ് നമ്മുടെ വിശ്വാസം പൂർണ്ണമാകുന്നത്'. ​ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിലെ 16 ഇടവകകളിൽ നിന്നും മിഷൻ കേന്ദ്രങ്ങളിൽ നിന്നും വിശ്വാസപരിശീലനം പൂർത്തിയാക്കിയ 93 യുവതീയുവാക്കളുടെ വെർച്വൽ ഗ്രാജുവേഷൻ പ്രോ​ഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ. 2021 ജൂണ്‍ 5ന് നടത്തിയ പ്രോ​ഗ്രാമിൽ സഭയുടെ പ്രേഷിത-വിശ്വാസപരിശീലന മേഖലകളിൽ പ്രവർത്തിക്കുവാൻ ഊർജ്വസ്വലതയോടെ കടന്നുവന്ന മുൻ വിദ്യാർത്ഥികൾ കൂടിയായ നാല്പത്തിയൊന്നു യുവ മതാധ്യാപകരെയും രൂപതാതലത്തിൽ കർമ്മനിരതരായ വോളന്റിയർമാരെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും കൂടുതൽ യുവജനങ്ങൾ ഈ മാതൃക പിന്തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ പുതിയ ഡയറക്ടർ ഫാ. അഗസ്റ്റിൻ  കല്ലുങ്കത്തറയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അധ്യാപകരെയും അതിഥികളെയും സ്വാഗതം ചെയ്തു. ദിയ കാവാലം (ഓട്ടവാ), തെരേസ് ദേവസ്യാ (കേംബ്രിഡ്ജ്) എന്നിവർ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പുതിയ ഗ്രാജുവേറ്റുകളുടെ പ്രതിനിധികളായി മെഘൻ ബിജു (ഹാമിൽട്ടൻ), ഡാനിയേൽ പോൾ (വിന്നിപെഗ്) എന്നിവർ ആശംസകൾക്കും ഉപചാരങ്ങൾക്കും നന്ദി രേഖപ്പെടുത്തി. രൂപതയെ പ്രതിനിധീകരിച്ചു വികാരി ജനറാൾ റവ. ഫാ. പത്രോസ് ചമ്പക്കരയും രക്ഷിതാക്കളുടെ പ്രതിനിധിയായി റിറ്റ്‌സൺ ജോസ് പുൽപ്പറമ്പിലും (എഡ്മണ്ടൻ) സംസാരിച്ചു. ലണ്ടൻ സെന്റ് മേരീസ് ഇടവകയിലെ ജൂനോ മരിയ ലിൻസും, ലിസ് മരിയ ലിൻസും ചേർന്ന് കേക്ക് മുറിച്ച് ആഹ്‌ളാദം പങ്കുവച്ചു. മുൻ ഡയറക്ടറായ ഫാ. മാർട്ടിൻ അഗസ്റ്റിൻ മാണിക്കനാംപറമ്പിൽ പുതിയ യുവ അസ്സോസിയേറ്റുകൾ വിശ്വാസപരിശീലനത്തിനു നല്കുന്ന പ്രാധാന്യത്തിനും ക്രിയാത്മക പങ്കാളിത്തത്തിനും അനുമോദനങ്ങൾ അർപ്പിച്ചു. ബിഷപ് മാർ ജോസ് കല്ലുവേലിൽ ചടങ്ങുകൾക്കൊടുവിൽ വിദ്യാര്‍ത്ഥികൾക്ക് പ്രത്യേക ആശിർവാദം  നല്‍കി. സഭയോടൊത്തു ചേർന്നു വിവിധ പ്രവർത്തന രംഗങ്ങളിൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ക്ഷണിക്കുകയും ചെയ്തു.

മിസ്സിസ്സാഗ സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയിലെ വിദ്യാർത്ഥികളുടെ പ്രാരംഭ പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.  വിന്നിപെഗ് സെന്റ് ജൂഡ് ഇടവകയിലെ വിദ്യാർത്ഥികൾ ദേശീയ ഗാനവും, ഫോർട്ട് മക് മറി സെന്റ് തോമസ് മിഷനിലെ വിദ്യാർത്ഥികൾ പേപ്പൽ ആന്തവും ആലപിച്ചു. അസോ. ഡയറക്ടർ സി. ജെസ്ലിൻ സി.എം.സി. നന്ദി അർപ്പിച്ചു. സെറിൻ ജോർജ് (വാൻകൂവർ ), ക്രിസ്റ്റീന കണ്ണമ്പുഴ (സ്‌കാർബറോ)  എന്നിവരുടെ  മികച്ച അവതരണം സദസ്സിന്റെ പ്രശംസക്ക് അർഹമായി.  എപ്പാർക്കിയൽ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ അംഗങ്ങങ്ങളായ ഷാന്റി പൗലോസ് (വാൻകൂവർ ), സന്തോഷ് ജോർജ് (ഓട്ടവ), ജോസ് വർഗീസ് (സ്‌കാർബറോ), അജിമോൻ ജോസഫ് (ലണ്ടൻ), ജിഷി വാളൂക്കാരൻ (ഓഷവ) എന്നിവരുടെ നേതൃത്വത്തിലുള്ള  ടീമാണ് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.