ഡല്‍ഹിയിലെ ദേവാലയം തകര്‍ക്കല്‍-ഭാരതത്തിന്‍റെ മതേതര ഹൃദയത്തിനേറ്റ മുറിവ്:  മാര്‍ പോളി കണ്ണൂക്കാടന്‍

ഡല്‍ഹിയിലെ ദേവാലയം  തകര്‍ക്കല്‍-ഭാരതത്തിന്‍റെ മതേതര ഹൃദയത്തിനേറ്റ മുറിവ്:   മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ഫരീദാബാദ് സീറോമലബാര്‍ രൂപതയുടെ ഡല്‍ഹി അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കത്തോലിക്ക ദേവാലയം യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് പൊളിച്ചുമാറ്റിയ നടപടി ഭാരതത്തിന്‍റെ മതേതരത്വത്തിനേറ്റ മുറിവാണെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. പള്ളി തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ രൂപത സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രതിഷേധജ്വാല തെളിയിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. മതസ്വാതന്ത്ര്യത്തിന്‍റ ഈറ്റില്ലമെന്ന് അവകാശപ്പെടുമ്പോഴും ഭാരതത്തില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന നടപടികള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിശ്വാസത്തിന്‍റെ അടിച്ചമര്‍ത്തലുകള്‍ക്ക് ഉത്തരവിടുമ്പോള്‍ മതസ്വാതന്ത്ര്യം ഭരണഘടനയിലെ വരികളില്‍ മാത്രം ചുരുങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന ഇത്തരം പ്രവണതകള്‍ മതേതര രാഷ്ട്രമായ ഇന്ത്യയുടെ യശസിനേറ്റ കളങ്കമാണ്. ആദിവാസികളുടെയും അടിച്ച മര്‍ത്തപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവര്‍ ത്തിച്ച ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അന്യായമായി തടവില്‍ പാര്‍പ്പിക്കുകയും അദ്ദേഹത്തിന്‍റെ മരണത്തിനു വഴിയൊരുക്കുകയും ചെയ്ത സംഭവം നടന്ന് ഒരാഴ്ചപോലും കഴിയുന്നതിനു മുമ്പേ വീണ്ടും കത്തോലിക്കാ സഭക്കുനേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍ ആരുതന്നെയായാലും അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. 

കോടതി നടപടികളെ പോലും വകവെക്കാതെ ക്രിസ്ത്യാനികളെ വേട്ടയാടിയ ഡല്‍ഹിയിലെ ഭരണാധികാരികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഏവരും രംഗത്തിറങ്ങണമെന്നും ദേവാലയം പുനര്‍നിര്‍മിച്ച് ആരാധന പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സിഎല്‍സി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ലിന്‍റോ പനംങ്കുളം, കത്തീഡ്രല്‍ അസിസ്റ്റന്‍റ് വികാരിമാരായ ഫാ. സാംസണ്‍ എലുവത്തിങ്കല്‍, ഫാ. ജിബിന്‍ നായത്തോടന്‍, ഫാ. ടോണി പാറേക്കാടന്‍, രൂപത പ്രസിഡന്‍റ് റിബിന്‍ റാഫേല്‍, സെക്രട്ടറി വിബിന്‍ പുളിക്കന്‍, സംസ്ഥാന പ്രസിഡന്‍റ് ഷോബി കെ പോള്‍, വൈസ് പ്രസിഡന്‍റുമാരായ ഗ്ലൈജോ തെക്കൂടന്‍, ഏയ്ഞ്ചല്‍ ബോസ്, നിഖില്‍ ആന്‍റണി, ഫൊറോന പ്രസിഡന്‍റ് അബീദ് വിന്‍സ്. കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്‍റ് ക്ലിന്‍സ് പോളി, ഓര്‍ഗനൈസര്‍ ജിജു കോട്ടോളി എന്നിവര്‍ സംസാരിച്ചു.